Tuesday, 03 December 2024

എനർജി ബിൽ സപ്പോർട്ട് സ്കീം ഏപ്രിൽ മുതൽ മൂന്നു മാസത്തേയ്ക്ക് തുടർന്നേക്കുമെന്ന് സൂചന

എനർജി ബിൽ സപ്പോർട്ട് സ്കീം ഏപ്രിൽ മുതൽ മൂന്നു മാസത്തേയ്ക്ക് തുടർന്നേക്കുമെന്ന് സൂചന. സ്കീം അടുത്ത മാസം അവസാനിപ്പിക്കുമെന്ന കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ മാറ്റം വരുത്തുന്ന കാര്യം ഗവൺമെൻ്റ് പരിഗണനയിലാണ്. മാർച്ച് 15 ന് ചാൻസലർ ജെറമി ഹണ്ട് അവതരിപ്പിക്കുന്ന പുതിയ ബഡ്ജറ്റിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. എനർജി നിരക്കിൽ ഏപ്രിൽ മുതൽ വരാൻ സാദ്ധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് കസ്റ്റമേഴ്സിന് മുന്നറിയിപ്പ് നൽകാൻ എനർജി സപ്ളയേഴ്സ് ബാധ്യസ്ഥരാണ്. ഇതിനുള്ള ഡെഡ്ലൈൻ ഈ വീക്കെൻഡിൽ അവസാനിക്കുന്നതിനാൽ എനർജി സപ്പോർട്ട് തുടരുന്ന കാര്യത്തിൽ ഗവൺമെൻറ്  നയം വ്യക്തമാക്കണമെന്ന് എനർജി കമ്പനികൾ അഭ്യർത്ഥിച്ചിരുന്നു. എനർജി സപ്പോർട്ട് തുടരുകയോ നിർത്തലാക്കുകയോ ചെയ്യപ്പെടുന്ന വ്യത്യസ്ത സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്താനാണ് ഗവൺമെൻറ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്യാസിൻ്റെ വില കുറഞ്ഞതുമൂലം പ്രൈസ് ക്യാപ്പ് കുറയ്ക്കുമെന്ന് എനർജി റെഗുലേറ്ററായ ഓഫ്ജെം അറിയിച്ചിരുന്നു. ശരാശരി ഗ്യാസ്/ ഇലക്ട്രിസിറ്റി വാർഷിക ബിൽ £3,280 ആക്കി ഓഫ്ജെം ക്രമീകരിക്കും. എനർജി കമ്പനികൾക്ക് കസ്റ്റമേഴ്സിനുമേൽ ഈടാക്കാവുന്ന നിരക്ക് നിശ്ചയിക്കുന്നത് ഓഫ് ജെം ആണ്. കഴിഞ്ഞ ജനുവരിയിൽ എനർജി പ്രൈസ് ക്യാപ്പ് £4,279 ആയി ഓഫ് ജെം ഉയർത്തിയിരുന്നു. മാർച്ച് വരെ പ്രാബല്യത്തിലുളള ഈ നിരക്ക് ഏപ്രിൽ മുതൽ കുറയുമെന്നാണ് പുതിയ പ്രഖ്യാപനം.

എനർജി പ്രൈസ് ക്യാപ്പ് എന്നാൽ ഒരു കസ്റ്റമർക്ക് നൽകേണ്ടി വരുന്ന ഏറ്റവും ഉയർന്ന നിരക്ക് എന്ന് അർത്ഥമില്ല. കൂടുതൽ എനർജി ഉപയോഗിക്കുന്നവർ ഉയർന്ന ബിൽ നൽകേണ്ടി വരും. കസ്റ്റമേഴ്സിൻ്റെ സാധാരണഗതിയിലുള്ള ശരാശരി എനർജി ഉപയോഗം പരിഗണിച്ചാണ് പ്രൈസ് ക്യാപ്പ് ഓഫ്ജം തീരുമാനിക്കുന്നത്. എനർജി നിരക്ക് ഉയർന്നതിനെ തുടർന്ന് എനർജി പ്രൈസ് ഗ്യാരണ്ടി സ്കീം ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്നു. ഓരോ കസ്റ്റമർക്കും 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ £400 ഡിസ്കൗണ്ടായി നൽകിയിരുന്നു. ഇത് തുടരാൻ ചാൻസലറുടെ മേൽ കടുത്ത സമ്മർദ്ദമുണ്ട്. ഇക്കാര്യത്തിൽ ട്രഷറി പ്രതികരിക്കാൻ വിസമ്മതിച്ചു.

Other News