Tuesday, 09 July 2024

നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും അബോർഷന് അനുമതി നൽകാനുള്ള അധികാരം  നൽകണമെന്ന് യുകെയിലെ പുതിയ പഠനങ്ങൾ

നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും അബോർഷന് അനുമതി നൽകാനുള്ള അധികാരം  നൽകണമെന്ന് യുകെയിലെ പുതിയ പഠനങ്ങൾ പറയുന്നു. പുതിയ നിർദ്ദേശം അംഗീകരിച്ചാൽ, 1967-ലെ  അബോർഷൻ നിയമത്തിന് മാറ്റം വരും. 1967-ലെ നിയമം അനുസരിച്ച് അബോർഷൻ നടത്തണമെങ്കിൽ രണ്ട് ഡോക്ടർമാരുടെ അനുമതി വേണം. "രണ്ട് ഡോക്ടർമാരുടെ നിയമം" റദ്ദാക്കപ്പെട്ടാൽ, അത് 55 വർഷത്തിനിടയിലെ ഏറ്റവും വലിയ നിയമ പുനർനിർമ്മാണമായിരിക്കും. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 20-ലധികം ഗവേഷകരാണ് ബ്രിട്ടനിലെ അബോർഷനെക്കുറിച്ചുള്ള ഏറ്റവും വലിയ പഠനമായ ഷേപ്പിംഗ് അബോർഷൻ ഫോർ ചേഞ്ചിൽ (സച്ച) ഭാഗമായത്.  ബ്രിട്ടനിലെ 700-ലധികം ജിപിമാർ, മിഡ്‌വൈഫ്‌മാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ എന്നിവരാണ് സർവേയിൽ പങ്കെടുത്തത്. കൂടാതെ അടുത്തിടെ അബോർഷൻ നടത്തിയ സ്ത്രീകളുടെ അഭിമുഖവും പഠനത്തിൽ ഉൾപ്പെടുത്തി.

നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും അബോർഷന് അനുമതി നൽകാനും അബോർഷനുള്ള മരുന്നുകൾ നിർദ്ദേശിക്കാനും വാക്വം ആസ്പിരേഷനുകൾ നടത്താനും അനുവദിക്കുന്നതിന് നിയന്ത്രണങ്ങൾ മാറ്റണമെന്ന് ഗവൺമെൻ്റ് നിയോഗിച്ച പഠനം  നിർദ്ദേശിച്ചു. ഇപ്പോൾ ഇംഗ്ലണ്ടിലും വെയിൽസിലും നടക്കുന്ന  87% അബോർഷനുകളും, മെഡിക്കൽ അബോർഷൻ്റെ ഭാഗമായ വീട്ടിൽ വെച്ച് മെഡിസിനുകൾ എടുക്കുന്നവയാണെന്ന് ഗവേഷകർ കണ്ടെത്തി. നഴ്‌സുമാർ കൂടുതലായി ഈ അബോർഷനുകൾക്ക്  മേൽനോട്ടം വഹിക്കുന്നുണ്ടെങ്കിലും, 1967-ലെ അബോർഷൻ നിയമപ്രകാരം രണ്ട് ഡോക്ടർമാരുടെ അനുമതി ഇപ്പോഴും ആവശ്യമുണ്ട്. കൂടാതെ, 14 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനുള്ള നടപടിക്രമങ്ങൾ നടത്താൻ കഴിയുമെങ്കിലും, നഴ്സുമാർക്ക് അബോർഷനുള്ള വാക്വം ആസ്പിരേഷനുകൾ നടത്താൻ അനുവാദമില്ല.

ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ (എൽഎസ്എച്ച്ടിഎം) - ൻ്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനത്തിന്, എൻഎച്ച്എസിന്റെ ഗവേഷണ വിഭാഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ റിസർച്ച് (എൻഐഎച്ച്ആർ) ആണ് ഫണ്ട് ചെയ്തത്. ഓസ്‌ട്രേലിയ, കാനഡ, സ്വീഡൻ എന്നിവിടങ്ങളിലെ അബോർഷൻ പരിഷ്‌കാരങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാറ്റങ്ങളും പഠനത്തിൻ്റെ ഭാഗമായി പരിശോധിച്ചു. ഡോക്ടറുടെ ഒപ്പില്ലെങ്കിൽ അബോർഷൻ ഇപ്പോഴും ക്രിമിനൽ കുറ്റമാണെന്ന് ആരോഗ്യ പ്രവർത്തകരിൽ അഞ്ചിലൊന്നിനും മൂന്നിലൊന്ന് സ്ത്രീകൾക്കും അറിയില്ലായിരുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. ഗർഭച്ഛിദ്ര നിയമത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ട്. 1967 മുതൽ, മെഡിക്കൽ, സാങ്കേതിക മുന്നേറ്റങ്ങൾ സ്ത്രീകളുടെ പരിചരണം എങ്ങനെ ലഭ്യമാക്കണം എന്ന ചിന്താഗതിയെ മാറ്റിമറിച്ചു. 21-ാം നൂറ്റാണ്ടിലെ അഭിപ്രായങ്ങളും നടപടികളും വെച്ച് നിയമം കാലികമാക്കേണ്ടതുണ്ടെന്ന്എൽഎസ്എച്ച്ടിഎമ്മിലെ സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ടിവ് ഹെൽത്ത് റിസർച്ചിൻ്റെ സച്ച കോ-ലീഡും പ്രൊഫസറുമായ കെയ് വെല്ലിംഗ്സ് പറഞ്ഞു.

അബോർഷൻ ഏറ്റവും സാധാരണമായ ആരോഗ്യ നടപടിക്രമങ്ങളിലൊന്നാണ്, മൂന്നിലൊന്ന് സ്ത്രീകൾക്കും സംഭവിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, സ്പെഷ്യലിസ്റ്റ് അബോർഷൻ സർവീസിൽ പ്രവർത്തിക്കാത്ത 10 ഹെൽത്ത് കെയർ വിദഗ്ധരിൽ ഒമ്പത് പേരിലും  പരിശീലനത്തിന്റെ അഭാവം, പരിചരണം നൽകുന്നതിന് തടസ്സമാണെന്നുംഎൽഎസ്എച്ച്ടിഎമ്മിലെ സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ടിവ് ഹെൽത്ത് റിസർച്ചിൻ്റെ സച്ച കോ-ലീഡും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. റെബേക്ക ഫ്രഞ്ച് പറഞ്ഞു. അബോർഷൻ ഒരു ആരോഗ്യ പ്രശ്‌നമാണ്, അത് ഹെൽത്ത് പ്രൊഫഷണൽ പരിശീലനത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. അബോർഷൻ ഒരു സാധാരണവും സുരക്ഷിതവും അത്യാവശ്യവുമായ ആരോഗ്യസേവനമാണ്. 1861-ൽ സൃഷ്ടിച്ച വിക്ടോറിയൻ നിയമപ്രകാരം ഇന്നും സ്ത്രീകൾ ക്രിമിനൽവൽക്കരണത്തിന് വിധേയരാകുന്നത് അംഗീകരിക്കാനാവില്ലെന്ന് എംഎസ്‌ഐ റിപ്രൊഡക്‌റ്റീവ് ചോയ്‌സസിന്റെ യുകെ അഭിഭാഷകനും പബ്ലിക് അഫയേഴ്‌സ് അഡ്വൈസറുമായ ലൂയിസ് മക്കുഡൻ പറഞ്ഞു. പ്രത്യുൽപാദന തിരഞ്ഞെടുപ്പിന്റെയും ഗർഭഛിദ്രാവകാശത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ആഗോള തലത്തിൽ മാറ്റങ്ങളുണ്ടായ ഈ കാലഘട്ടത്തിൽ, ക്രിമിനൽ കോഡിൽ നിന്ന് അബോർഷൻ മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു

Other News