Thursday, 19 September 2024

ഹാൻഡ് ലഗേജിലെ 100 മില്ലി ലിക്വിഡ് റൂളിൽ മാറ്റം വരുത്താൻ ലണ്ടൻ സിറ്റി എയർപോർട്ട്

 

ഈസ്റ്റർ സ്‌കൂൾ ഹോളിഡേയ്‌സ് അനുബന്ധിച്ച് ഹാൻഡ് ലഗേജിലെ 100 മില്ലി ലിക്വിഡ് ലിമിറ്റ് നിയമം ലണ്ടൻ സിറ്റി എയർപോർട്ട് ഒഴിവാക്കി. ഹാൻഡ് ലഗേജിലെ ലിക്വിഡ് ലിമിറ്റ് രണ്ട് ലിറ്ററാക്കും. 2006 മുതൽ നിലവിലുള്ള നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്ന യുകെയിലെ ആദ്യ എയർപോർട്ടായിരിക്കും ഈസ്റ്റ് ലണ്ടനിലേത്. പഴയ സ്കാനറുകൾക്ക് പകരമായി ഹോസ്പിറ്റലുകളിൽ ഉപയോഗിക്കുന്നതുപോലെയുള്ള പുതിയ ഹൈടെക് സിടി മെഷീനുകളായിരിക്കും ഇനി ഉപയോഗിക്കുക. യാത്രക്കാരുടെ ബാഗുകളുടെ  ഹൈ റെസല്യൂഷൻ 3D സ്കാൻ നിർമ്മിക്കാൻ ഇത് സഹായിക്കും. സെക്യൂരിറ്റി ജീവനക്കാർക്ക് എല്ലാ കോണുകളിൽ നിന്നും എളുപ്പത്തിൽ പരിശോധിക്കാനും കഴിയും. സെക്യൂരിറ്റി ചെക്കിംഗിൽ യാത്രക്കാർ ക്രീമുകളും കോസ്മെറ്റിക് വസ്തുക്കളും ഇനിമുതൽ പ്ലാസ്റ്റിക് ബാഗിൽ വയ്ക്കേണ്ടതില്ല. പുതിയ സ്കീം ലാപ്‌ടോപ്പുകൾക്കും ഇത് ബാധകമാണ്, പ്രത്യേകം സ്കാൻ ചെയ്യുന്നതിന്  ബാഗുകളിൽ നിന്ന് ലാപ്ടോപ് മാറ്റേണ്ടതില്ല.

ദൈർഘ്യമേറിയ സെക്യൂരിറ്റി ചെക്കിംഗ് വേഗത്തിലാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് എയർപോർട്ട് ചീഫ് എക്സിക്യൂട്ടീവ് റോബർട്ട് സിൻക്ലെയർ അഭിപ്രായപ്പെട്ടു. പുതിയ മെഷീനുകളും ലിക്വിഡ് റൂളുകളും വരും മാസങ്ങളിൽ യുകെയിലെ എല്ലാ പ്രധാന എയർപോർട്ടുകളിലേക്കും വ്യാപിപ്പിക്കും. പുതിയ ടെക്നോളജി സജ്ജീകരിക്കുന്നതിന് 2024 ജൂൺ വരെയുള്ള കാലപരിധിയാണ് 2022 ഡിസംബറിൽ ഗവൺമെൻ്റ് പ്രഖ്യാപിച്ചത്. 
സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം എയർപോർട്ടിലെ ക്യാബിൻ ബാഗ് നിയമങ്ങൾ കാര്യക്ഷമമാക്കുമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി മാർക്ക് ഹാർപ്പർ അന്ന് പറഞ്ഞിരുന്നു. 2018 മുതൽ യുകെയിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിൽ പുതിയതും മെച്ചപ്പെടുത്തിയതുമായ സ്കാനറുകൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ലണ്ടൻ, ഹീത്രൂ, ഗാറ്റ്വിക്ക്, ബർമിംഗ്ഹാം എന്നിവിടങ്ങളിലെ ടെർമിനൽ 3 ഇതിൽ ഉൾപ്പെടുന്നു.

ഹീത്രൂ എയർപോർട്ടിൽ ദ്രവരൂപത്തിലുള്ള സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെട്ടതിന് ശേഷമാണ് 2006-ൽ യുകെ വിമാനത്താവളങ്ങളിൽ 100ml നിയമം ആദ്യമായി കൊണ്ടുവന്നത്. ശീതളപാനീയ കുപ്പികൾക്കുള്ളിൽ ഹൈഡ്രജൻ പെറോക്സൈഡിൽ നിന്നുള്ള സ്ഫോടകവസ്തുക്കൾ ട്രാൻസ്അറ്റ്ലാന്റിക് വിമാനങ്ങളിൽ എത്തിക്കാനായിരുന്നു പദ്ധതി.

Other News