Wednesday, 22 January 2025

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികളുടെ ഹാജർ വലിയ തോതിൽ കുറയുന്നതായി റിപ്പോർട്ട്

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികളുടെ ആബ്സെൻസ് വലിയ തോതിൽ ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ. കോവിഡ് കാരണം രക്ഷിതാക്കളുടെ ജോലി രീതിയിലുണ്ടായ മാറ്റമാണ് വിദ്യാർത്ഥികളുടെ ആബ്സെൻസിന് കാരണമായി കരുതുന്നത്. നിരവധി കുട്ടികൾ മാതാപിതാക്കളോടൊപ്പം വീട്ടിൽ തന്നെ കഴിയുന്നതായി എം‌പിമാർ അഭിപ്രായപ്പെട്ടു. കുട്ടികൾ സ്‌കൂളുകളിൽ തുടർച്ചയായി ഹാജരാകാത്തത്, പ്രായത്തിന്റെ പ്രശ്‌നങ്ങളിലൊന്നാണെന്ന് ഇംഗ്ലണ്ടിലെ ചിൽഡ്രൻസ് കമ്മീഷണറായ ഡാം റേച്ചൽ ഡി സൂസ, എഡ്ജ്യൂകേഷൻ കമ്മിറ്റിയോട് പറഞ്ഞു. ഈ പ്രശ്നത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മാനസികാരോഗ്യ പ്രശ്‌നങ്ങളും സ്പെഷ്യൽ വിദ്യാഭ്യാസ ആവശ്യങ്ങളും മറ്റ് പോരായ്മകളും വൈകല്യങ്ങളും കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്‌കൂളുകളിൽ തുടർച്ചയായി ഹാജരാകാത്തതിന് പിന്നിലെ പ്രധാന ഘടകങ്ങളാണെന്നും സമിതി വിലയിരുത്തി. 2021-22 കാലഘട്ടത്ത്  തുടർച്ചയായി ഹാജരാകാതിരുന്ന 1.6 ദശലക്ഷം കുട്ടികളിൽ 818,000 പേർ രോഗ കാരണങ്ങളാലല്ലാതെ തന്നെ സ്കൂളിൽ ഹാജരായില്ലെന്ന് കാണിക്കുന്ന ഡാറ്റ ഉണ്ടെന്ന് ഡി സൂസ പറഞ്ഞു. അത് വളരെ ഗൗരവമുള്ള കാര്യമായാണ് കരുതുന്നതെന്നും അവർ പറഞ്ഞു. കോവിഡ് സമയത്തെ ഓൺലൈൻ പഠനത്തെ തുടർന്ന്, സ്കൂളുകളിൽ പോകുന്നതിനേക്കാൾ ഓൺലൈൻ പഠനത്തിലേക്ക് കുട്ടികളുടെ താത്പര്യം കൂട്ടി. വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികളുടെ ആബ്സെൻസ് പാൻഡെമിക്കിന് മുൻപ് പതിവില്ലായിരുന്നെന്ന് റിപ്പോർട്ടുകൾ വിലയിരുത്തി അവർ പറഞ്ഞു.

വർദ്ധിച്ചുവരുന്ന അക്കാദമിക് സമ്മർദ്ദവും കായികമോ സംഗീതമോ പോലെയുള്ള വിദ്യാർത്ഥികൾ ആസ്വദിക്കുന്ന പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു എന്ന തോന്നലും സ്കൂളിൽ ഹാജരാകുന്നതിൽ നിന്ന് വിദ്യാർഥികളെ പിന്തിരിപ്പിക്കുന്നതായി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് (സിഎസ്ജെ) തിങ്ക്ടാങ്കിലെ  എഡ്ജ്യൂകേഷൻ ഹെഡ് ആലീസ് വിൽകോക്ക് പറഞ്ഞു. വിദ്യാർത്ഥികൾക്ക് സ്കൂൾ സെഷനുകളിൽ 50 ശതമാനത്തിലധികം നഷ്ടമാകുന്നുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് അവർ ആവശ്യപ്പെട്ടു. 2020 ലെ ശരത്കാല കണക്കനുസരിച്ച്, കഴിഞ്ഞ 10 വർഷത്തിനിടെ 50 ശതമാനത്തിലധികം സ്കൂൾ സെഷനുകൾ നഷ്ടമാകുന്ന കുട്ടികളുടെ എണ്ണം പെരുകി 118,000 ആയെന്നും സിഎസ്ജെ ചൂണ്ടിക്കാട്ടി.

Other News