Tuesday, 09 July 2024

ഇംഗ്ലണ്ടിന്റെ സ്കൂൾ റേറ്റിംഗുകൾ പരിഷ്കരിക്കാൻ റിപ്പോർട്ട് കാർഡ് ഉപയോഗിക്കുമെന്ന് ലേബർ പാർട്ടി

ഇംഗ്ലണ്ടിന്റെ സ്കൂൾ റേറ്റിംഗുകൾ പരിഷ്കരിക്കാൻ റിപ്പോർട്ട് കാർഡ് ഉപയോഗിക്കുമെന്ന് ലേബർ പാർട്ടി വാഗ്ദാനം. ഓഫ്സ്റ്റഡിന്റെ നിലവിലെ സംവിധാനത്തേക്കാൾ കൂടുതൽ വിവരങ്ങൾ മാതാപിതാക്കൾക്ക് നൽകാൻ സഹായിക്കുന്ന പുതിയ രീതി സംബന്ധിച്ച നയപ്രഖ്യാപനം ബർമിംഗ്ഹാമിൽ ഒരു ഹെഡ്ടീച്ചേഴ്‌സ് കോൺഫറൻസിൽ വെച്ച് ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ നടത്തും. എല്ലാ സ്‌കൂളുകളുടെയും നിലവാരം ഉയർത്തി കുട്ടികളുടെ ഭാവി എങ്ങനെ മികച്ചതാക്കാമെന്നതിലേക്ക്  ശ്രദ്ധ തിരിക്കാൻ ശ്രമം നടത്തുമെന്ന പ്രഖ്യാപനവും ഉണ്ടാവും.

നിലവിലെ സമ്പ്രദായത്തിൽ, ഓഫ്‌സ്റ്റെഡ് ഇൻസ്പെക്ടർമാർ മികച്ചത്, നല്ലത്, മെച്ചപ്പെടുത്തൽ ആവശ്യമാണ് അല്ലെങ്കിൽ അപര്യാപ്തമാണ് എന്നിങ്ങനെയുള്ള നാല് ഗ്രേഡുകളിൽ ഒന്നാണ് നൽകുന്നത്. റേറ്റിംഗ് 'അപര്യാപ്തമാണ്' എന്നാണെങ്കിൽ മാനേജ്മെൻ്റോ ലീഡർഷിപ്പോ സാധാരണയായി മാറ്റത്തിന് വിധേയമാകേണ്ടി വരും. ഒരു സ്‌കൂൾ എവിടെയാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും എവിടെയാണ് മികച്ച പ്രകടനം കാഴ്ചവെക്കാൻ ആ സ്കൂളിന് കഴിയുന്നതെന്നും മനസ്സിലാക്കാനും, സ്‌കൂൾ മെച്ചപ്പെടുന്ന മേഖലകളെ ഹൈലൈറ്റ് ചെയ്യാനും പുതിയ റിപ്പോർട്ട് കാർഡ് രക്ഷിതാക്കളെ സഹായിക്കുമെന്ന് ഹെഡ് ടീച്ചേഴ്സിനെ അറിയിക്കാനാണ് ഫിലിപ്പ്സണിൻ്റെ നീക്കം.

അദ്ധ്യാപകരുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ച ശേഷം, മികച്ച ഗ്രേഡ് വിവരണങ്ങൾ ഉൾകൊള്ളിക്കുന്ന ഒരു പുതിയ സിസ്റ്റം കൊണ്ടു വരും. പെരുമാറ്റം, മാനേജ്മെന്റ്, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എന്നിങ്ങനെ, നിലവിൽ ഓഫ്സ്റ്റെഡ് വ്യക്തിഗത ഗ്രേഡുകൾ നൽകിയിട്ടുള്ള മേഖലകൾ റിപ്പോർട്ട് കാർഡുകളിൽ നിലനിർത്തുകയും ഗ്രേഡ് വിവരണങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യും. പരിശോധനകൾക്കിടയിൽ ഉണ്ടാകാനിടയുള്ള ദീർഘമായ കാലതാമസം ഒഴിവാക്കാൻ, സ്കൂൾ സംരക്ഷണത്തിന്റെ വാർഷിക അവലോകനങ്ങൾ ഓഫ്സ്റ്റഡ് മാറ്റങ്ങളുടെ ഭാഗമായി അവതരിപ്പിക്കുമെന്നും ലേബർ അറിയിച്ചു. സ്‌കൂൾ ലീഡർമാർ ഈ നിർദ്ദേശങ്ങളെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

നിലവിലെ ഓഫ്‌സ്റ്റഡിൻ്റെ ഗ്രേഡിംഗ് സമ്പ്രദായത്തിലെ ലളിതമായ സമീപനം അവസാനിപ്പിക്കാനുള്ള നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നതായി നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സിന്റെ (എൻഎഎച്ച്ടി) ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ പറഞ്ഞു. വിദ്യാഭ്യാസത്തിൽ എല്ലാവരുടെയും പ്രഥമ പരിഗണന സുരക്ഷയാണെന്നും, ഈ പുതിയ സമീപനം അത് പ്രതിഫലിപ്പിക്കുന്നതാണെന്നും വാർഷിക സുരക്ഷാ അവലോകനം എന്ന ആശയത്തെ പിന്തുണച്ച് എഎസ്‌സി‌എൽ ജനറൽ സെക്രട്ടറി ജെഫ് ബാർട്ടൺ പറഞ്ഞു. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗനെ വെള്ളിയാഴ്ച എഎസ്സിഎൽ കോൺഫറൻസിൽ അഭിസംബോധന ചെയ്യാൻ ക്ഷണിച്ചെങ്കിലും പങ്കെടുക്കാൻ വിസമ്മതിച്ചു. ഈ ആഴ്ച ആദ്യം അകാസ് ഇൻഡസ്ട്രിയൽ ആർബിട്രേഷൻ സർവീസ് വഴി ചർച്ച നടത്താനുള്ള യൂണിയനുകളുടെ വാഗ്ദാനവും കീഗൻ നിരസിച്ചിരുന്നു.

മികച്ച അധ്യാപകരെയും നേതാക്കളെയും റിക്രൂട്ട് ചെയ്യാനും നിലനിർത്താനും നടത്തുന്ന ശ്രമങ്ങൾ സ്കൂൾ റേറ്റിംഗ് ഉയർത്താൻ സഹായിക്കുമെന്ന് വിവിധ ടീച്ചേഴ്സ് സംഘടനകൾ അഭിപ്രായപ്പെട്ടു. 2023-24 ശമ്പള റൗണ്ടിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച്  ഹെഡ് ടീച്ചേഴ്സ് സംഘടനകൾ വെള്ളിയാഴ്ച ഗവൺമെന്റിന്റെ സ്വതന്ത്ര ശമ്പള ഉപദേഷ്ടാക്കളായ സ്കൂൾ ടീച്ചേഴ്‌സ് റിവ്യൂ ബോഡിക്ക് (എസ്ടിആർബി) സംയുക്ത അപേക്ഷ നൽകി. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ജീവിത സാധ്യതകൾക്കും നാശമുണ്ടാക്കുന്ന, വിദ്യാഭ്യാസ സേവനത്തിന്മേലുള്ള ഗവൺമെന്റിന്റെ തുടർച്ചയായ പ്രത്യയശാസ്ത്രപരമായ ആക്രമണങ്ങൾ എസ്ടിആർബിക്ക് കണ്ടു നിൽക്കാനാവില്ലെന്ന് NASUWT ടീച്ചേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി പാട്രിക് റോച്ച് പറഞ്ഞു. മാസങ്ങൾ നീണ്ട സമരങ്ങൾ അവസാനിപ്പിച്ച് സ്കോട്ടിഷ് അധ്യാപകർ ഗവൺമെന്റിന്റെ ഏറ്റവും പുതിയ ശമ്പള ഓഫർ അംഗീകരിക്കാൻ വോട്ട് ചെയ്തു. മിക്ക അധ്യാപകർക്കും 12.3% വർദ്ധനവ് ലഭിക്കും, ജനുവരിയിൽ 14.6% ആയി ഉയരുകയും ചെയ്യും. 20 വർഷത്തിലേറെയായി അധ്യാപകർക്ക് ലഭിച്ച ഏറ്റവും ഉദാരമായ ഓഫറാണിതെന്ന് സ്കോട്ട്ലൻഡിന്റെ വിദ്യാഭ്യാസ സെക്രട്ടറി ഷെർലി-ആൻ സോമർവില്ലെ പറഞ്ഞു. വെൽഷ് ഗവൺമെൻ്റ് 3% വർദ്ധനവ് ഉടനെ തന്നെയും, സെപ്റ്റംബർ മുതൽ5% ശമ്പള വർദ്ധനവും പ്രഖ്യാപിച്ചതിനെ തുടർന്ന് വെയിൽസിൽ, NEU അടുത്ത ആഴ്‌ച നിശ്ചയിച്ചിരുന്ന പണിമുടക്കുകൾ പിൻവലിച്ചു.

Other News