Wednesday, 22 January 2025

എൻഎച്ച്എസ് പ്രിസ്ക്രിപ്ഷൻസ് ചാർജ് അടുത്ത മാസം മുതൽ 9.65 പൗണ്ടായി ഉയരും

എൻഎച്ച്എസ് പ്രിസ്ക്രിപ്ഷൻസ് ചാർജ് അടുത്ത മാസം മുതൽ 9.65 പൗണ്ടായി ഉയരുമെന്ന് ഗവൺമെൻ്റ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിലെ രോഗികൾക്ക്, ഏപ്രിൽ ഒന്ന് മുതൽ ഫാർമസിയിൽ നിന്ന് മരുന്നുകൾ വാങ്ങുന്നതിന് ഇപ്പോഴത്തെ നിരക്കിനേക്കാൾ  30 പെൻസ് അധികമായി നൽകേണ്ടി വരും. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയെല്ലാം ഒരു ദശാബ്ദത്തിനുമുമ്പ് തന്നെ പ്രിസ്ക്രിപ്ഷൻസ് ചാർജുകൾ ഒഴിവാക്കിയിരുന്നു. യുകെയിൽ ഇപ്പോഴും പ്രിസ്ക്രിപ്ഷൻസ് ചാർജ് ഈടാക്കുന്ന ഏക രാജ്യം ഇംഗ്ലണ്ടാണ്. കഴിഞ്ഞ ഏപ്രിലിൽ ജീവിതച്ചെലവ് കുറയ്ക്കുന്നതിന് പ്രിസ്‌ക്രിപ്ഷൻ ചാർജുകൾ 9.35 പൗണ്ടായി മരവിപ്പിച്ചിരുന്നു. 12 വർഷത്തിനിടയിൽ ആദ്യമായാണ് പ്രിസ്ക്രിപ്ഷൻസ് ചാർജ് വർധിപ്പിക്കാതിരുന്നത്.

എന്നാൽ ഇപ്പോൾ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പണപ്പെരുപ്പത്തിന് അനുസൃതമായി 3.21 ശതമാനം നിരക്കിൽ വില വീണ്ടും ഉയരുമെന്ന് പ്രഖ്യാപിച്ചു. പണപ്പെരുപ്പ നിരക്കിന് അനുസൃതമായി പ്രീപേയ്‌മെന്റ് സർട്ടിഫിക്കറ്റുകൾ, പ്രിസ്‌ക്രിപ്ഷൻ വിഗ്ഗുകൾ, സർജിക്കൽ ബ്രാകൾ എന്നിവയുടെ വിലയും വർധിപ്പിക്കും. ഇംഗ്ലണ്ടിൽ 16-18 വയസ് പ്രായമുള്ളവർക്കും മുഴുവൻ സമയ വിദ്യാഭ്യാസം ചെയ്യുന്നവർക്കും, 60 വയസ്സ് കഴിഞ്ഞ രോഗികൾക്കും ഉൾപ്പെടെ ചില ഇളവുകൾ നിലവിലുണ്ട്. മിക്ക ഗർഭനിരോധന മരുന്നുകളും സൗജന്യമായി തുടരും. ഇൻകം സപ്പോർട്ട്, വരുമാനം അടിസ്ഥാനമാക്കിയുള്ള തൊഴിൽ അന്വേഷകരുടെ അലവൻസ് അല്ലെങ്കിൽ വരുമാനവുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്, സപ്പോർട്ട് അലവൻസ് എന്നിവ സ്വീകരിക്കുന്ന രോഗികൾക്ക് ഇപ്പോഴും സൗജന്യ പ്രിസ്‌ക്രിപ്ഷന് അർഹതയുണ്ട്. ഗർഭിണികളും 12 മാസത്തിനുള്ളിൽ കുഞ്ഞ് ജനിച്ചവരും, ശാരീരിക വൈകല്യമുള്ളവരും, സാധുതയുള്ള സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കുന്ന യുദ്ധ പെൻഷനുള്ളവരും ഉൾപ്പെടെയുള്ളവർക്കും സൗജന്യ പ്രിസ്‌ക്രിപ്ഷന് അർഹതയുണ്ട്.

കഴിഞ്ഞ മാസം റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി (ആർ‌പി‌എസ്) നടത്തിയ ഒരു സർവേയെ തുടർന്നാണ്, ജീവിതച്ചെലവ് പ്രതിസന്ധി കാരണം കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ലഭിക്കുന്നതെന്ന് ഏതാണെന്ന് ചോദിക്കുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചതായി ഇംഗ്ളണ്ടിലെ ഫാർമസിസ്റ്റുകളിൽ പകുതിയും വെളിപ്പെടുത്തി. മൂന്നിൽ രണ്ട് പേരും നിർദ്ദേശിക്കപ്പെട്ട മരുന്നിന് പകരം വില കുറഞ്ഞവ അഭ്യർത്ഥിക്കുന്നതായും റിപ്പോർട്ട് ചെയ്തു. 2021-ലാണ് അവസാനമായി പ്രിസ്‌ക്രിപ്‌ഷൻ നിരക്കുകൾ വർധിച്ചത്, 20 പെൻസ് വർദ്ധിച്ച് 9.15 പൗണ്ടിൽ നിന്ന് 9.35 പൗണ്ടായാണ് ഉയർന്നത്.

Other News