Wednesday, 22 January 2025

ഫ്രീ ചൈൽഡ് കെയർ ഒൻപത് മാസം പ്രായമുള്ള  കുട്ടികൾക്കും ലഭ്യമാക്കും... എനർജി സപ്പോർട്ട് സ്കീം ജൂൺ വരെ തുടരും... പെൻഷൻ സേവിംഗ്സിൻ്റെ  ടാക്സ് ഫ്രീ ലിമിറ്റ് ഉയർത്തി

ബ്രിട്ടീഷ് ചാൻലർ ജെറമി ഹണ്ട് പുതിയ ബഡ്ജറ്റ് പാർലമെൻ്റിൽ ഇന്ന് അവതരിപ്പിച്ചു. 30 മണിക്കൂർ  ഫ്രീ ചൈൽഡ് കെയർ ഒൻപത് മാസം പ്രായമുള്ള  കുട്ടികൾക്കും ലഭ്യമാക്കാനുള്ള സംവിധാനം ഗവൺമെൻ്റ് പ്രഖ്യാപിച്ചു. ഇത് 2025 സെപ്റ്റംബറോടെ പൂർണമായും നടപ്പാക്കും. 2024 ഏപ്രിൽ മുതൽ രണ്ടു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 15 മണിക്കൂർ ഫ്രീ കെയർ നൽകിത്തുടങ്ങും. 2024 സെപ്റ്റംബർ മുതൽ ഒൻപത് മാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും. 2025 സെപ്റ്റംബർ മുതൽ ഒൻപത് മാസത്തിനും അഞ്ചു വയസിനുമിടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ 30 മണിക്കൂർ ഫ്രീ കെയർ ലഭിക്കും. നിലവിൽ മൂന്നും നാലും വയസുകാർക്ക് ആഴ്ചയിൽ 30 മണിക്കൂർ ഫ്രീ ചൈൽഡ് കെയർ നൽകുന്നുണ്ട്. ആഴ്ചയിൽ 16 മണിക്കൂർ എങ്കിലും ജോലി ചെയ്യുന്ന പേരൻ്റ്സിനാണ് ഫ്രീ ചൈൽഡ് കെയർ സൗകര്യം ലഭിക്കുന്നത്. രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിൻ്റെ ഭാഗമായി കൂടുതലാളുകളെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായാണ് വർക്കിംഗ് പേരൻ്റ്സിനായി ഫ്രീ ചൈൽഡ് കെയർ സംവിധാനം  വ്യാപിപ്പിക്കുന്നത്. ടേം ടൈമിൽ മാത്രമായിരിക്കും ഫ്രീ ചൈൽഡ് കെയർ ലഭിക്കുന്നത്. വർഷം 38 ആഴ്ച ഈ സൗകര്യം ഒരുക്കും.

സ്കൂളുകളോട് അനുബന്ധിച്ച് രാവിലെ 8 മണി മുതൽ സ്കൂൾ തുറക്കുന്നതു വരെയും സ്കൂൾ ടൈമിനു ശേഷം വൈകുന്നേരം ആറ് മണി വരെയും കുട്ടികൾക്ക് കെയർ നൽകുന്നതിനുള്ള സംവിധാനം എല്ലാ സ്കൂളുകളിലും ഭാവിയിൽ നടപ്പാക്കും. ഇതിനായി കൂടുതൽ ഫണ്ട് ഗവൺമെൻ്റ് അനുവദിക്കും. പെൻഷൻ സേവിംഗ്സിൻ്റെ  ലൈഫ് ടൈം ടാക്സ് ഫ്രീ ലിമിറ്റ് എടുത്തു കളഞ്ഞു. ഒരു വർഷം പെൻഷനിൽ നിക്ഷേപിക്കാവുന്ന തുക 40,000 പൗണ്ടിൽ നിന്ന് 60,000 പൗണ്ടായി ഉയർത്തി.

ചൈൽഡ് മൈൻഡർ ജോലിയ്ക്കായി രജിസ്റ്റർ ചെയ്യുന്നവർക്ക് 600 പൗണ്ട് ഇൻസെൻ്റീവ് പേയ്മെൻ്റ് ചാൻസലർ പ്രഖ്യാപിച്ചു. ഒരു ചൈൽഡ് മൈൻഡർക്ക് കെയർ നൽകാവുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധന വരുത്തും.  ചൈൽഡ് മൈൻഡേഴ്സിൻ്റെ ഷോർട്ടേജ് കണക്കിലെടുത്താണ് ഈ പരിധി ഉയർത്തുന്നത്. ഇംഗ്ലണ്ടിലാണ് ഈ മാറ്റം നടപ്പാക്കുന്നത്.

ഫ്യുവൽ ഡ്യൂട്ടി അടുത്ത ഒരു വർഷത്തേയ്ക്ക് കൂടി മരവിപ്പിക്കും. ഓഗസ്റ്റ് മുതൽ പബുകളിൽ നിന്ന് വാങ്ങുന്ന ആൽക്കഹോളിന് സൂപ്പർമാർക്കറ്റ് നിരക്കിനേക്കാൾ ഓരോ പൗണ്ടിനും 11 പെൻസ് വീതം ഇളവു നൽകും. എനർജി പ്രീ പേയ്മെൻ്റ് മീറ്ററുകൾക്കുള്ള അധിക നിരക്ക് എടുത്തു കളഞ്ഞു. ഡയറക്ട് ഡെബിറ്റ് കസ്റ്റമേഴ്സ് നൽകുന്ന നിരക്ക് മാത്രമേ പ്രീ പേയ്മെൻ്റ് കസ്റ്റമേഴ്സിൽ നിന്നും ഇനി ഈടാക്കുകയുള്ളൂ.

എനർജി സപ്പോർട്ട് ജൂൺ വരെ തുടരുമെന്ന് ചാൻസലർ അറിയിച്ചു. ഓരോ കസ്റ്റമർക്കും 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ £400 ഡിസ്കൗണ്ടായി നൽകിയിരുന്നു. ഈ സ്കീം ഏപ്രിലിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തേക്ക് തുടരും. ശരാശരി എനർജി ബിൽ 2500 പൗണ്ടായി പരിമിതപ്പെടുത്തും. 250,000 പൗണ്ടിനു മേൽ ടാക്സബിൾ പ്രോഫിറ്റുള്ള ബിസിനസുകളുടെ കോർപ്പറേഷൻ ടാക്സ് നിരക്ക് 19 ൽ നിന്ന് 25 ശതമാനമായി ഉയർത്തി. ബ്രിട്ടീഷ് ഇക്കോണമി ശക്തമായ നിലയിലാണെന്ന് ചാൻസലർ പറഞ്ഞു.

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഈ വർഷം 0.2 ശതമാനം ചുരുങ്ങുമെന്നാണ് കരുതുന്നതെങ്കിലും രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് പ്രവേശിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബ്രിട്ടീഷ് ഇക്കോണമി അടുത്ത വർഷം 1.8 ശതമാനം വളരും. രാജ്യത്തെ ഇൻഫ്ളേഷൻ നിരക്ക് ഈ വർഷാവസാനത്തോടെ 2.9 ശതമാനത്തിലേയ്ക്ക് താഴുമെന്ന് ചാൻസർ പറഞ്ഞു.

Other News