എല്ലാ യുകെ മൊബൈൽ ഫോണുകളിലേക്കും പബ്ലിക് എമർജൻസി അലേർട്ടുകൾ അയയ്ക്കാൻ സംവിധാനം ഒരുങ്ങുന്നു. ആദ്യ ടെസ്റ്റ് ഏപ്രിൽ 23 ന്
പുതിയതായി ഗവൺമെൻ്റ് നടപ്പാക്കുന്ന പബ്ലിക് അലേർട്ട് സംവിധാനം പരീക്ഷിക്കുന്നതിനായി അടുത്ത മാസം യുകെയിലുടനീളമുള്ള മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് സൈറൺ പോലെയുള്ള മുന്നറിയിപ്പ് അയയ്ക്കും. വെള്ളപ്പൊക്കമോ കാട്ടുതീയോ പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന എമർജൻസി അലേർട്ടുകൾ അയയ്‌ക്കാൻ ഗവൺമെൻ്റിനും എമർജൻസി സർവീസുകൾക്കും ഈ പുതിയ സംവിധാനം സഹായകരമാകും. ഏപ്രിൽ 23 ന് വൈകുന്നേരത്തോടെ പബ്ലിക് അലേർട്ട് സംവിധാനം പരീക്ഷിക്കാനാണ് തീരുമാനം. ഫോൺ ഉപയോക്താക്കൾ അവരുടെ മൊബൈലുകളിൽ മറ്റ് ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് മുമ്പ് അലേർട്ട് അംഗീകരിക്കണം. ടെസ്റ്റ് സമയത്ത് ഫോണുകളുടെ ഹോം സ്‌ക്രീനുകളിൽ ഒരു സന്ദേശം ദൃശ്യമാകും, വൈബ്രേഷനും ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്‌ദവും ഫോൺ സൈലന്റ് ആയി വെച്ചിട്ടുള്ള ഫോണുകളിൽ പോലും ഏകദേശം 10 സെക്കൻഡ് റിംഗ് ചെയ്യും. യുഎസ്, കാനഡ, ജപ്പാൻ, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന സമാന പദ്ധതികളുടെ മാതൃകയിലാണ് ഞായറാഴ്ച പ്രവർത്തനമാരംഭിച്ച ഈ സംവിധാനവും പ്രവർത്തിക്കുക.
സന്ദേശങ്ങൾ ഗവൺമെന്റിൽ നിന്നോ എമർജൻസി സർവീസുകളിൽ നിന്നോ മാത്രമേ വരികയുള്ളൂ. തുടക്കത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ സംഭവങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. അലേർട്ട് ബാധിച്ച പ്രദേശങ്ങളിലുള്ള 90% മൊബൈൽ ഉപയോക്താക്കൾക്കും സന്ദേശം ഫോണിൽ ലഭിക്കും. പബ്ലിക് അലേർട്ടുകളിൽ സാധ്യമാക്കേണ്ട ഇവന്റുകളുടെ പട്ടികയിലേക്ക് തീവ്രവാദ അലേർട്ടുകളും ഉൾപ്പെടുത്തും. അലേർട്ടിൽ ഉൾപ്പെട്ട പ്രദേശത്തിന്റെ വിശദാംശങ്ങളും എങ്ങനെ അതിനോട് പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഉണ്ടാകും. പെട്ടെന്ന് ജീവന് തന്നെ അപകടസാധ്യത ഉണ്ടാകാനിടയുള്ള സ്ഥലത്ത് മാത്രമേ ആ അലേർട്ടുകൾ അയയ്‌ക്കൂ. ചിലപ്പോൾ പലർക്കും മാസങ്ങളോ വർഷങ്ങളോ അലേർട്ട് ലഭിച്ചേക്കില്ല.
വളരെ ടാർഗെറ്റുചെയ്‌ത രീതിയിലാണ് അലേർട്ടുകൾ അയയ്‌ക്കുന്നതെന്നും, ടെസ്റ്റിംഗ് കഴിഞ്ഞാൽ പലരും ഇനി ഒരിക്കലും അത്തരം മുന്നറിയിപ്പ് കേൾക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും കാബിനറ്റ് മന്ത്രി ഒലിവർ ഡൗഡൻ ബിബിസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. അടിയന്തര അലേർട്ടുകൾക്കായി മൊബൈലിൽ ഡിവൈസ് സെറ്റിംഗ്സിൽ ഗുരുതരമായതും തീവ്രവുമായ അലേർട്ടുകൾ ഓഫാക്കുന്നതിലൂടെ ആളുകൾക്ക് അടിയന്തിര അലേർട്ടുകൾ ഒഴിവാക്കാനാകും. അലേർട്ടുകൾ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നും അവ സ്വിച്ച് ഓഫ് ചെയ്യരുതെന്നും
അധികൃതർ ആവശ്യപ്പെട്ടു. ഈ സർവീസ് സുരക്ഷിതമായിരിക്കുമെന്നും, സൗജന്യമായി ലഭിക്കുമെന്നും, ടെലിഫോൺ നമ്പർ, ഐഡന്റിറ്റി എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കില്ലെന്നും കാബിനറ്റ് ഓഫീസ് അറിയിച്ചു. പുതിയ സിസ്റ്റം സെൽ ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക, സന്ദേശങ്ങൾ ഒരാളുടെ നിലവിലെ ലൊക്കേഷനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നാൽ അലേർട്ടുകൾ ലഭിക്കുന്നതിന് ലൊക്കേഷൻ സേവനങ്ങൾ ഓണാക്കേണ്ടതില്ലെന്നും സൂചിപ്പിച്ചു. ഒരു അലേർട്ട് അയക്കുമ്പോൾ തന്നെ, ആ പ്രദേശത്തെ എല്ലാ സെൽ ടവറുകളും അത് പ്രക്ഷേപണം ചെയ്യും. അലേർട്ടുകൾ എങ്ങനെയായിരിക്കുമെന്നതിന്റെ വീഡിയോ ഗവൺമെൻ്റ് പുറത്തുവിട്ടു.
ഒരു പ്രതിസന്ധി വന്നാൽ കഴിയുന്നത്ര സുരക്ഷിതരായിരിക്കാനും മുന്നറിയിപ്പുകൾ സമയബന്ധിതവും കൃത്യവുമായ രീതിയിൽ ആശയവിനിമയം നടത്താനും ഈ സംവിധാനം ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് വെള്ളപ്പൊക്ക, തീരദേശ മണ്ണൊലിപ്പ് റിസ്ക് മാനേജ്മെന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എൻവയോൺമെന്റ് ഏജൻസിയുടെ കരോലിൻ ഡഗ്ലസ് അഭിപ്രായപ്പെട്ടു.