Tuesday, 09 July 2024

വാക്ക് പാലിച്ച് റിഷി സുനാക്ക്... ടാക്സ് റിട്ടേൺ പരസ്യപ്പെടുത്തി. കഴിഞ്ഞ വർഷം നൽകിയത് 432,493 പൗണ്ട് ടാക്സ്

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ടാക്സ് റിട്ടേൺ രേഖകൾ പരസ്യപ്പെടുത്തി. പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള ക്യാമ്പയിനിടെ ടാക്സ് വിവരം പരസ്യമാക്കുമെന്ന്  റിഷി സുനാക്ക് പ്രഖ്യാപിച്ചിരുന്നു.  രേഖകൾ പ്രകാരം കഴിഞ്ഞ വർഷം (2021/22) എച്ച്എംആർസിയ്ക്ക് 432,493 പൗണ്ട് ടാക്സായി റിഷി നൽകി. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കനുസരിച്ച് ഒരു മില്യണിലേറെ പൗണ്ട് പ്രധാനമന്ത്രി യുകെ ടാക്സായി നൽകിയിട്ടുണ്ട്. യുകെയിൽ നിന്നും അമേരിക്കൻ ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൽ നിന്നുമായി 4.7 മില്യൺ പൗണ്ടിൻ്റെ വരുമാനം അദ്ദേഹത്തിന് ഈ കാലയളവിൽ ലഭിച്ചു.

ബ്രിട്ടീഷ് പാർലമെൻ്റിലെ അതിസമ്പന്നരായ എം.പിമാരിൽ ഒരാളാണ് പ്രധാനമന്ത്രി റിഷി സുനാക്ക്. അദ്ദേഹത്തിൻ്റെ വ്യക്തിഗത സമ്പത്തും ഭാര്യ അക്ഷിതയുടെ നോൺ ഡൊമിസൈൽ സ്റ്റാറ്റസും പ്രതിപക്ഷം എന്നും വിമർശന വിഷയമാക്കിയിരുന്നു. രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഫൈനാൻഷ്യൽ സെക്ടർ ബിസിനസിലാണ് റിഷി സുനാക്കും കുടുംബവും ശ്രദ്ധ ചെലുത്തിയിരുന്നത്. നോർത്ത് യോർക്ക്ഷയറിലുള്ള ഗ്രേഡ് II ലിസ്റ്റഡ് അടക്കമുള്ള നിരവധി പ്രോപ്പർട്ടികൾ റിഷിയുടെ കുടുംബത്തിനുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ക്യാപ്പിറ്റൽ ഗെയ്ൻസും വരുമാനവുമായി 1.9 മില്യണിലേറെ പ്രധാനമന്ത്രി സമ്പാദിച്ചു.

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർട്ടി ഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് പാർലമെൻ്ററി കമ്മറ്റിയുടെ മുന്നിൽ ഹാജരായ ദിനത്തിൽ തന്നെയാണ് റിഷി ടാക്സ് വിവരങ്ങൾ പുറത്തുവിട്ടത്. ടാക്സ് വിവരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് ലിബറൽ ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിമാർ ടാക്സ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ദീർഘമായ പാരമ്പര്യമൊന്നും ബ്രിട്ടണിൽ നിലവിലില്ല. മിക്ക പ്രധാനമന്ത്രിമാരും ടാക്സ് റിട്ടേൺ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2022 ൽ റിഷി സുനാക്ക് ചാൻസലറായി ചുമതലയേറ്റതോടെയാണ് ഭാര്യ അക്ഷിതയുടെ നോൺ ഡൊമിസൈൽ സ്റ്റാറ്റസ് ചർച്ചയായത്. യുകെയ്ക്ക് പുറത്ത് നേടുന്ന വരുമാനത്തിന് അക്ഷിത ബ്രിട്ടണിൽ ടാക്സ് നൽകേണ്ടതില്ല എന്ന കാര്യം വൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
 

Other News