Monday, 23 December 2024

ബ്രിട്ടണിൽ സാമ്പത്തിക മാന്ദ്യമില്ല... ഇക്കോണമി മെച്ചപ്പെടുന്നു... ഇൻഫ്ളേഷൻ നിയന്ത്രിക്കാൻ വീണ്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ഇടപെടൽ. പലിശ നിരക്ക് 0.25% ഉയർത്തി

ബ്രിട്ടൻ്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിൻ്റെ ശുഭസൂചനകൾ പുറത്തു വന്നു തുടങ്ങി. കഴിഞ്ഞ മാസം 0.4% ചുരുങ്ങിയ ഇക്കോണമി ഈ മാസം നേരിയ വളർച്ച രേഖപ്പെടുത്തുമെന്നാണ് ഡാറ്റാ വ്യക്തമാക്കുന്നത്. രണ്ടു മാസം തുടർച്ചയായി സമ്പദ് വ്യവസ്ഥ ചുരുങ്ങിയാൽ മാത്രമേ സാമ്പത്തിക മാന്ദ്യമായി കണക്കാക്കുകയുള്ളൂ. സാങ്കേതികമായി മാന്ദ്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയപ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരത്തെ നല്കിയിരുന്നെങ്കിലും ഗവൺമെൻ്റിൻ്റെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും സംയുക്ത നീക്കങ്ങൾ ബ്രിട്ടനെ കൈ പിടിച്ചുയർത്തുന്നതാണ്.

തുടർച്ചയായി പതിനൊന്നാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് വർദ്ധിപ്പിച്ചു. 0.25% വർദ്ധനയാണ് നടപ്പാക്കുന്നത്. ഇന്ന് നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ഒൻപത് അംഗങ്ങളിൽ ഏഴ് പേരും വർദ്ധനയെ അനുകൂലിച്ചു. പുതിയ വർദ്ധനയോടെ അടിസ്ഥാന പലിശ നിരക്ക് 4.25% ആയി. രാജ്യത്തെ ഇൻഫ്ളേഷൻ നിരക്ക് കുറയുമെന്ന സൂചനകൾക്ക് വിരുദ്ധമായ മാറ്റം ഉണ്ടായതിനെ തുടർന്നാണ് പലിശ നിരക്ക് വീണ്ടും ഉയർത്തിയത്. ഫെബ്രുവരിയിൽ ഇൻഫ്ളേഷൻ നിരക്ക് 10.4% ആയി ഉയർന്നിരുന്നു. എന്നാൽ ജനുവരിയിൽ ഇൻഫ്ളേഷൻ നിരക്ക് 10.1% ആയിരുന്നു. ഇൻഫ്ളേഷൻ നിരക്ക് 2 ശതമാനത്തിൽ എത്തിക്കുകയെന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ടാർജറ്റ്. വർഷത്തിൽ എട്ടു തവണ യോഗം ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ അടുത്ത സിറ്റിംഗ് മെയ് 11 നാണ്. ഈ വർഷാവസാനത്തോടെ ഇൻഫ്ളേഷൻ നിരക്ക് 2.9 ശതമാനമായി താഴുമെന്ന് ചാൻസലർ ജെറമി ഹണ്ട് തൻ്റെ ബഡ്ജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.

ബ്രിട്ടണിലെ ജീവിതച്ചിലവ് ഉയർന്നത് കഴിഞ്ഞ മാസങ്ങളിൽ ഇൻഫ്ളേഷൻ നിരക്ക് കൂടാൻ കാരണമായിരുന്നു. എന്നാൽ എനർജി നിരക്കുകളിൽ കുറവു വരുന്നതും പെട്രോൾ, ഡീസൽ വിലകൾ താഴ്ന്നതും സാധാരണ ജനങ്ങൾക്ക് ആശ്വാസം നല്കുന്ന സൂചനകളാണ്. ഹോൾസെയിൽ എനർജി നിരക്കുകളിൽ ഉണ്ടായ കുറവ് കസ്റ്റമേഴ്സിലേയ്ക്ക് പൂർണമായും എത്തിയിട്ടില്ല. മാർച്ചിൽ അവസാനിക്കേണ്ട എനർജി പ്രൈസ് ഗ്യാരണ്ടി സ്കീം ജൂൺ വരെയും ദീർഘിപ്പിച്ചത് ആശ്വാസകരമായ വാർത്തയാണ്. ശരാശരി വാർഷിക എനർജി ബിൽ 2,500 പൗണ്ടായി ഗവൺമെൻറ് നിജപ്പെടുത്തിയിട്ടുണ്ട്. ഇത് 2023 ജൂൺ വരെ തുടരും. 

Other News