Wednesday, 22 January 2025

യുകെയിൽ കഴിഞ്ഞ വർഷം 100,000 പ്രീപെയ്‌മെന്റ് എനർജി മീറ്ററുകൾ  നിർബന്ധിതമായി സ്ഥാപിച്ചതായി റിപ്പോർട്ട്

യുകെയിലെ പ്രീപെയ്‌മെന്റ് എനർജി മീറ്ററുകളുടെ നിർബന്ധിത ഇൻസ്റ്റലേഷനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് എനർജി റെഗുലേറ്റർ ഓഫ്ജെം അന്വേഷണം ആരംഭിച്ചു. ബ്രിട്ടീഷ് ഗ്യാസ്, സ്കോട്ടിഷ് പവർ, ഒവിഒ എനർജി എന്നിവയാണ് കഴിഞ്ഞ വർഷത്തെ ഇൻസ്റ്റാളേഷനുകളിൽ ഭൂരിഭാഗവും നടത്തിയത്. 2022-ൽ ബ്രിട്ടനിലെ വീടുകളിൽ 94,000 പ്രീപേയ്‌മെന്റ് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഗവൺമെൻ്റ് കണക്കുകൾ വ്യക്തമാക്കുന്നത്. എനർജി പ്രോവിഡേഴ്‌സ് കോടതി വാറണ്ടുകൾ ഉപയോഗിച്ചും ഉപഭോക്തൃ സമ്മതമില്ലാതെയും വരെ മീറ്ററുകൾ സ്ഥാപിക്കുകയുണ്ടായി. ഗവൺമെൻ്റ് കണക്കുകൾ പ്രകാരം, 70% ഇൻസ്റ്റാളേഷനുകളും നടത്തിയത് ബ്രിട്ടീഷ് ഗ്യാസ്, സ്കോട്ടിഷ് പവർ, ഒവിഒ എനർജി എന്നീ എനർജി പ്രോവിഡേഴ്‌സാണ്, കൂടാതെ വാറൻ്റ് ഉപയോഗിച്ച് 66,187 പ്രീപേയ്‌മെന്റ് മീറ്ററുകളും അവർ സ്ഥാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗ്യാസ്, കോടതി വാറണ്ട് ഉപയോഗിച്ച് 25,000 പ്രീ- പേയ്മെൻ്റ് മീറ്ററുകൾ ഇൻസ്റ്റാൾ ചെയ്തു. സ്‌കോട്ടിഷ് പവർ 24,320 ഉം ഒവിഒ വാറൻ്റ് ഉപയോഗിച്ച് 16,867 പ്രീപേയ്‌മെന്റ് മീറ്ററുകളും സ്ഥാപിച്ചു.

നിർബന്ധിത ഇൻസ്റ്റാളേഷനുകൾ ഏപ്രിൽ ആദ്യം വരെ താൽക്കാലികമായി നിർത്തിവെച്ചതായി റെഗുലേറ്റർ പ്രഖ്യാപിച്ചു. കുറഞ്ഞത് ഏപ്രിൽ അവസാനം വരെ നിർബന്ധിത ഇൻസ്റ്റാളേഷനുകളൊന്നും നടത്തില്ലെന്ന് ബ്രിട്ടീഷ് ഗ്യാസ് അറിയിച്ചു. പ്രീ-പെയ്ഡ് മീറ്ററുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കമ്പനികൾക്ക് പിഴ ചുമത്തുന്നതും ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതും പരിഗണിക്കുമെന്നും ഓഫ്ജെം പറഞ്ഞു. ബ്രിട്ടീഷ് ഗ്യാസിന്റെ ഏജന്റുമാർ ഉപഭോക്താക്കളുടെ വീടുകളിൽ അതിക്രമിച്ച് കയറി പ്രീ-പെയ്ഡ് മീറ്ററുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടൈംസ് നടത്തിയ രഹസ്യ അന്വേഷണമാണ് നടപടിക്ക് പ്രേരിപ്പിച്ചത്.

ഗ്യാസും വൈദ്യുതിയും ആവശ്യാനുസരണം ടോപ്പ്-അപ്പ് പേയ്‌മെന്റുകൾ നടത്തി ഉപയോഗിക്കാനുള്ള ഉപകരണങ്ങളാണ് പ്രീപേയ്‌മെന്റ് മീറ്ററുകൾ.
പണമടച്ചില്ലെങ്കിൽ, വൈദ്യുതി വിതരണം ഉണ്ടാകില്ല. ജൂലൈയിൽ അവസാനിക്കുമെന്ന് ചാൻസലർ ജെറമി ഹണ്ട് അറിയിച്ച ബിൽ പേയ്‌മെന്റുകളേക്കാൾ ചെലവേറിയതാണ് മീറ്റർ എനർജി പേയ്‌മെന്റുകൾ. ഉപഭോക്താക്കൾ ഉയർന്ന ബില്ലുകൾ നേടി കടക്കെണിയിലാവുന്നത് ഒഴിവാക്കാനാണ് എനർജി പ്രോവിഡേഴ്‌സ് പ്രീപെയ്മെൻറ് മീറ്ററുകൾ സ്ഥാപിക്കുന്നത്. പ്രീപേയ്‌മെന്റ് മീറ്ററുകൾ നിർബന്ധിതമായി സ്ഥാപിക്കുന്നത് എത്ര വ്യാപകമായി എന്നതിന്റെ വ്യക്തവും ഭയാനകവുമായ ചിത്രമാണ് കണക്കുകൾ നൽകുന്നതെന്നും, കഴിഞ്ഞ വർഷം ശരാശരി 7,500-ലധികം മീറ്ററുകൾ പ്രതിമാസം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും എനർജി സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. പ്രീപേയ്‌മെന്റ് മീറ്ററുകൾ പൂർണ്ണമായി നിരോധിക്കാൻ താൽപ്പര്യമില്ലെന്നും, പക്ഷേ കമ്പനികൾ ഉപഭോക്താക്കളോട് നീതിപൂർവ്വം പെരുമാറുന്നില്ലെന്ന ആശങ്കയുള്ളതായും അദ്ദേഹം വ്യക്തമാക്കി. ശൈത്യകാലത്ത്, ഒരു കുടുംബത്തിന്റെ ശരാശരി എനർജി ബില്ലിന്റെ പകുതിയോളം അടച്ച് കുടുംബങ്ങളെ സഹായിക്കാൻ ഗവൺമെൻ്റ് ശ്രമിച്ചിരുന്നുവെന്നും ഷാപ്‌സ് ഓർമ്മിപ്പിച്ചു.

ബ്രിട്ടീഷ് ഗ്യാസിൻ്റെ മാതൃ കമ്പനിയായ സെൻട്രിക്കയുടെ തലവൻ, സ്കൈയുടെ ഇയാൻ കിംഗ് ലൈവ് ഷോയിൽ തന്റെ കമ്പനിയുടെ നിർബന്ധിത ഇൻസ്റ്റാളേഷൻ നടപടികൾക്ക് ക്ഷമാപണം നടത്തി.
 

Other News