Monday, 23 December 2024

എൻഎച്ച്എസ് സേവനങ്ങളിൽ പൊതുജനങ്ങൾ സംതൃപ്തരല്ല. റേറ്റിംഗ് റെക്കോർഡ് നിലയിൽ താഴ്‌ന്നതായി റിപ്പോർട്ടുകൾ

എൻഎച്ച്എസ് ഹെൽത്ത് സർവീസിലുള്ള പൊതുജന സംതൃപ്തി റെക്കോർഡ് നിലയിൽ താഴ്‌ന്നതായി ബ്രിട്ടീഷ് സോഷ്യൽ ആറ്റിറ്റ്യൂഡ്‌സ് സർവ്വേ കണ്ടെത്തി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് എൻഎച്ച്എസിനോടുള്ള പൊതുജന സംതൃപ്തി, ഏറ്റവും താഴ്ന്ന നിലയിലാണ്. 2022-ൽ വെറും 29% പേരാണ് എൻഎച്ച്എസിൽ സംതൃപ്തരാണെന്ന് പറഞ്ഞത്.  വെയിറ്റിംഗ് ടൈമും ജീവനക്കാരുടെ കുറവുമാണ് വലിയ ആശങ്കകൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം പോയിൻ്റ് താഴെയും, 2010-ലെ ഏറ്റവും ഉയർന്ന, 70% പൊതുജന സംതൃപ്തി എന്ന നിലയിൽ നിന്നുമുള്ള വലിയ ഇടിവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1983 മുതൽ ആരോഗ്യ സേവനത്തെക്കുറിച്ചുള്ള വോട്ടെടുപ്പ്, പൊതുജനങ്ങളുടെ വീക്ഷണത്തിന്റെ ഗോൾഡ് സ്റ്റാൻഡേർഡ് അളവുകോലാണ്. ആക്സിഡൻ്റ് ആൻഡ് എമർജൻസി കെയർ വിഭാഗത്തിലാണ് പൊതുജന സംതൃപ്തിയിൽ ഏറ്റവും വലിയ ഇടിവ് കണ്ടത്. ജിപികൾ, ഡെൻ്റിസ്റ്ററി, ജനറൽ ഹോസ്പിറ്റൽ കെയർ തുടങ്ങിയ എല്ലാ ഹെൽത്ത് കെയർ സേവനങ്ങളുടെയും റേറ്റിംഗുകളിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. എല്ലാ പ്രായക്കാരുടെയിടയിലും വരുമാന ഗ്രൂപ്പുകൾക്കും ലിംഗഭേദങ്ങൾക്കും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ പിന്തുണക്കാർക്കും ഇടയിലും ഹെൽത്ത് കെയർ സർവീസിലുള്ള സംതൃപ്തി വലിയ തോതിൽ കുറഞ്ഞതായി കാണപ്പെട്ടു.

വിൻ്റർ സീസൺ ആരംഭിക്കുന്നതിന് തൊട്ടു മുൻപുള്ള ശരത്കാലത്തിലാണ്. 3,300-ലധികം ആളുകളുടെ സർവ്വേ നടത്തിയത്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ വെയ്റ്റിംഗ് ടൈം റെക്കോർഡ് നിലയിൽ തന്നെ ഏറ്റവും മോശമായ കാലഘട്ടത്തിലാണ് സർവ്വേ നടത്തിയത്. മൂന്ന് രാജ്യങ്ങൾക്കും അവരുടെ എൻഎച്ച്എസ് വെയ്റ്റിംഗ് ടൈം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. എൻഎച്ച്എസ് സേവനങ്ങൾ സൗജന്യമാണെന്നതും ഹെൽത്ത് കെയർ സർവീസുകളുടെ ഗുണനിലവാരത്തെകുറിച്ചും പൊതുജനങ്ങൾ വളരെ വിലമതിക്കുന്നതായി സർവേ കാണിച്ചു. പത്തിൽ എട്ടിലധികം പേരും എൻഎച്ച്എസ് എല്ലാവർക്കും ലഭ്യമായിരിക്കണമെന്ന തത്വത്തെ പിന്തുണയ്ക്കുകയും ടാക്സിൽ നിന്നും തന്നെ എൻഎച്ച്എസിന് വേണ്ട ഫണ്ടിംഗ് കണ്ടെത്തണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കൂടുതൽ ഫണ്ടിംഗ് ലഭ്യമാക്കുന്നതിന് നികുതികൾ വർദ്ധിപ്പിക്കണമെന്ന് 43% പേർ പറഞ്ഞു, എന്നാൽ 28% പേർ എൻഎച്ച്എസ് അതിന്റെ ബജറ്റിൽ തന്നെ തുടരണമെന്ന് അഭിപ്രായപ്പെട്ടു.

ഹെൽത്ത് സംബന്ധമായ ചോദ്യങ്ങൾ സ്പോൺസർ ചെയ്യുന്ന നഫ്ഫീൽഡ് ട്രസ്റ്റും കിംഗ്സ് ഫണ്ട് തിങ്ക് ടാങ്കുകളും ചേർന്നാണ് സർവ്വേ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. എൻഎച്ച്എസിനോടുള്ള പൊതുജന സംതൃപ്തി എത്രത്തോളം കുറഞ്ഞുവെന്നത് കണക്കിലെടുക്കുമ്പോൾ, ഈ പൊതു മനോഭാവം മാറ്റാൻ വളരെ സമയമെടുക്കുമെന്ന് കിംഗ്‌സ് ഫണ്ടിലെ ഡാൻ വെല്ലിംഗ്സ് പറഞ്ഞു. കൗൺസിലുകൾ നടത്തുന്ന സോഷ്യൽ കെയറിന് വളരെ കുറഞ്ഞ സംതൃപ്തി റേറ്റിംഗാണ് സർവേ കാണിക്കുന്നത്. കെയർ ഹോമുകൾ, ഹോം ഹെൽപ്പ്, കുട്ടികളുടെ പരിചരണം എന്നിവ ഉൾപ്പെടുന്ന സേവനങ്ങളിൽ സംതൃപ്തരാണെന്ന് 14% ആളുകൾ മാത്രമാണ് പറഞ്ഞത്.

വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടിക്കുറയ്ക്കുന്നത് പ്രധാനമന്ത്രിയുടെ അഞ്ച് മുൻഗണനകളിൽ ഒന്നാണ്. ചികിത്സയ്ക്കായി രണ്ട് വർഷത്തിലേറെയുള്ള കാത്തിരിപ്പ് ഫലത്തിൽ ഇല്ലാതാക്കിയെന്നും, ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 18 മാസത്തിലധികം കാത്തിരിക്കുന്ന രോഗികളുടെ എണ്ണം പീക്കിൽ നിന്ന് 80% കുറഞ്ഞു എന്നും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് അറിയിച്ചു. കൂടുതൽ ടെസ്റ്റിംഗും സ്കാനിംഗ് സൗകര്യങ്ങളും ക്യാൻസർ കണ്ടെത്തൽ നിരക്ക് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു. ഫണ്ടിംഗ് വർദ്ധിപ്പിക്കാനുള്ള റിക്കവറി പ്ലാനുകൾ വെയിൽസിലും സ്കോട്ട്‌ലൻഡിലും നടപ്പിലാക്കിയിട്ടുണ്ട്.

Other News