Monday, 23 December 2024

യുകെയിലെ വീടുകളുടെ വിലയിൽ കഴിഞ്ഞ പതിനാല് വർഷത്തെ ഏറ്റവും വലിയ വാർഷിക ഇടിവുണ്ടായതായി നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി

മാർച്ചിൽ അവസാനിച്ച ഒരു വർഷക്കാലയളവിൽ യുകെയിലെ വീടുകളുടെ വില 3.1% കുറഞ്ഞതോടെ ജൂലൈ 2009 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റി സ്ഥിരീകരിച്ചു. കണക്കുകൾ പ്രകാരം പ്രതിമാസം 0.8% വിലയിടിവാണ് കാണിക്കുന്നത്. തുടർച്ചയായ ഏഴാമത്തെ ഇടിവാണ് മാർച്ചിലേത്, ഇത് ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും 4.6% താഴെയാണ്. മാർച്ചിൽ യുകെയിലെ വീടുകളുടെ ശരാശരി വില £257,122 ആയിരുന്നു. വിൽപ്പനക്കാർ ഇപ്പോഴും ശക്തമായ നിലയിലാണെങ്കിലും മാർക്കറ്റിൽ വില ഉയർത്താൻ അവർക്ക് പരിമിതികൾ ഉണ്ടെന്നും മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഓഫറുകൾ നൽകേണ്ടി വരുമെന്നും എസ്റ്റേറ്റ് ഏജന്റുമാർ അഭിപ്രായപ്പെട്ടു.

മിനി ബഡ്ജറ്റിനെ തുടർന്നുണ്ടായ സാമ്പത്തിക വിപണിയിലെ പ്രക്ഷുബ്ധതയുടെ ഫലമായി കഴിഞ്ഞ വർഷം ഹൗസിംഗ് മാർക്കറ്റ് ഒരു വഴിത്തിരിവിലെത്തിയെന്ന് നേഷൻവൈഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ പറഞ്ഞു. അതിനുശേഷം, പ്രവർത്തനം മന്ദഗതിയിലാകുകയും, വീട് വാങ്ങുന്നതിനായി അംഗീകരിച്ച മോർട്ട്ഗേജുകളുടെ എണ്ണം ഫെബ്രുവരിയിൽ 43,500 ആയി കുറയുകയും ചെയ്തു. ഒരു വർഷം മുൻപത്തെ അപേക്ഷിച്ച് ഏകദേശം 40% താഴെയാണിത്. കസ്റ്റമേഴ്സിൻ്റെ ആത്മവിശ്വാസം നഷ്ടപ്പെടുകയും ഇൻഫ്ലേഷൻ നിരക്ക് ഉയർന്നതിനാൽ ഗാർഹിക ബജറ്റുകൾ സമ്മർദ്ദത്തിലാവുകയും ചെയ്തതു മൂലം സമീപകാലത്ത് വിപണി തിരിച്ചു പിടിക്കാനുള്ള സാധ്യത തീരെ കുറവാണ്. മോർട്ട്ഗേജ് നിരക്കുകൾ കഴിഞ്ഞ വർഷം ഈ ഘട്ടത്തിൽ നിലനിന്നിരുന്ന താഴ്ന്ന നിലയേക്കാൾ വളരെ കൂടുതലാണെന്നും ഗാർഡ്നർ പറഞ്ഞു.

ആദ്യ സാമ്പത്തിക പാദത്തിൽ, 13 മേഖലകളിൽ ഒമ്പതിലും വീടുകളുടെ വില വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞു.

• സ്കോട്ട്‌ലൻഡിന്റെ പ്രകടനം മോശമായി. ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് വില 3.1% കുറഞ്ഞു, മുൻ പാദത്തിലെ 3.3% വാർഷിക വർദ്ധനയിൽ നിന്ന് കുത്തനെ ഇടിവ്.

• കഴിഞ്ഞ പാദത്തിൽ ഈസ്റ്റ് ആംഗ്ലിയ ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെച്ച പ്രദേശമായിരുന്നു, എന്നാൽ ഈ പാദത്തിൽ വിലകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.8% കുറഞ്ഞു.

• ദി ഔട്ടർ സൗത്ത് ഈസ്റ്റ് 1.5% ഇടിവ് രേഖപ്പെടുത്തി.

• ലണ്ടൻ 1.4% വിലയിടിവ് കാണിച്ചു.

• വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഏറ്റവും ശക്തമായ പ്രകടനം രേഖപ്പെടുത്തി, ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് വില 1.4% വർദ്ധിച്ചു.

• നോർത്ത് അയർലണ്ടിലെ വിലകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.3% വർദ്ധിച്ചു

• വെയിൽസിൽ, വില 4.5% വളർച്ചയിൽ നിന്ന് 0.7% കുറഞ്ഞു

• നോർത്ത് ഇംഗ്ലണ്ടിൽ വിലകൾ ഏറെക്കുറെ വ്യത്യാസമില്ലാതെ തുടർന്നു.

• സതേൺ ഇംഗ്ലണ്ടിൽ 1.1% ഇടിവ് രേഖപ്പെടുത്തി.

എസ്റ്റേറ്റ് ഏജന്റുമാർ വർഷം തോറുമുള്ള ഇടപാടുകളിൽ സ്ഥിരതയുള്ളതായി റിപ്പോർട്ടുചെയ്യുന്നതായും, വിപണിയിൽ വരുന്ന പുതിയ പ്രോപ്പർട്ടികളുടെ ലിസ്റ്റിംഗുകളും സ്ഥിരത പുലർത്തുന്നതായും എസ്റ്റേറ്റ് ഏജന്റുമാരുടെ പ്രൊഫഷണൽ ബോഡിയായ പ്രോപ്പർട്ടിമാർക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് നഥാൻ എമേഴ്‌സൺ പറഞ്ഞു. വീട് വാങ്ങാൻ ശ്രമിക്കുന്നവരുടെ പ്രവാഹം നിലയ്ക്കാത്തതിനാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലകൾ ഉയർന്നു തന്നെയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വർഷം വീടുകളുടെ വില കുറയുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും, നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വിലയിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് ഇന്ററാക്ടീവ് ഇൻവെസ്റ്ററിലെ സീനിയർ പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റ് മൈറോൺ ജോബ്‌സൺ പറഞ്ഞു.

Other News