Wednesday, 22 January 2025

ക്യാപിറ്റയിലെ ഐടി സംവിധാനങ്ങൾ തകരാറിൽ. എൻഎച്ച്എസിൻ്റെ ഐടി പ്രോവിഡറിന് നേരെ സൈബർ ആക്രമണം ഉണ്ടാകുമോ എന്ന ഭയം ശക്തം

എൻഎച്ച്എസിൻ്റെ ഐടി പ്രോവിഡറിന് നേരെ സൈബർ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്ക തുടരുന്നു. ക്യാപിറ്റ എന്ന  ഔട്ട്‌സോഴ്‌സിംഗ് ഗ്രൂപ്പിൽ കമ്പ്യൂട്ടർ സംവിധാനങ്ങൾ പെട്ടെന്നാണ് തകരാറിലായത്. എൻഎച്ച്എസിനും സൈന്യത്തിനും വേണ്ടി നിർണായക പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനി സൈബർ ആക്രമണത്തിന് വിധേയമായതാണോ എന്ന ഭയം വളരെ ശക്തമാണ്. വെള്ളിയാഴ്ച പുലർച്ചെ മുതൽ ലോക്കൽ കൗൺസിൽ ഫോൺ ലൈനുകൾ പെട്ടെന്ന് നിലയ്ക്കുകയും ജീവനക്കാർക്ക് കമ്പ്യൂട്ടറുകളും ഇമെയിലുകളും ആക്‌സസ് ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തു. ഇതുവരെയുള്ള അന്വേഷണത്തിൽ കാരണം കണ്ടെത്താനായിട്ടില്ല. തങ്ങളുടെ ഐടി സിസ്റ്റത്തിലുണ്ടായ സാങ്കേതിക പ്രശ്‌നത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വരികയാണെന്ന്, ഇമെയിൽ പോലും ആക്‌സസ് ചെയ്യാൻ കഴിയാത്ത കമ്പനിയുടെ വക്താവ് ഫോണിലൂടെയുള്ള ഒരു പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി. തകരാറിലായ സേവനങ്ങൾ എത്രയും വേഗത്തിൽ പുനഃസ്ഥാപിക്കാൻ തങ്ങൾ പരിശ്രമിക്കുകയാണെന്നും, യഥാസമയം കൂടുതൽ അപ്ഡേറ്റുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കാപ്പിറ്റയുടെ ഉപഭോക്താക്കളിൽ ലണ്ടൻ ബറോകളായ ബാർനെറ്റ്, സൗത്ത് ഓക്‌സ്‌ഫോർഡ്‌ഷയർ, ബാർക്കിംഗ്, ഡാഗെൻഹാം എന്നിവ ഉൾപ്പെടുന്നു, അവരുടെ എല്ലാ വെബ്‌സൈറ്റുകളിലും ആനുകൂല്യങ്ങൾ, കൗൺസിൽ നികുതി, ബിസിനസ്സ് നിരക്കുകൾ എന്നിവയുമായി ബന്ധപ്പെടാനുള്ള ഫോൺ കോളുകളുടെ എണ്ണത്തിൽ ഈ വെള്ളിയാഴ്ച വളരെ കുറവുള്ളതായി റിപ്പോർട്ട് ചെയ്തു. ഗവൺമെൻ്റിന്റെ ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളാണ് ക്യാപിറ്റ. 6.5 ബില്യൺ പൗണ്ടിൻെറ പൊതുമേഖലാ കരാറുകളാണ് ക്യാപിറ്റയ്ക്കുള്ളത്. റോയൽ നേവി പരിശീലന കേന്ദ്രങ്ങൾ, പ്രതിരോധ മന്ത്രാലയ താവളങ്ങളിലെ സുരക്ഷ തുടങ്ങിയ സെൻസിറ്റീവ് മേഖലകളിൽ ഗ്രൂപ്പിന്റെ പങ്ക് കണക്കിലെടുത്ത് ദേശീയ സൈബർ സെക്യൂരിറ്റി സെന്റർ, ക്യാബിനറ്റ് ഓഫീസ്, മറ്റ് ഗവൺമെൻ്റ് ഏജൻസികൾ എന്നിവയ്ക്ക് സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വിശസ്തമായ ഒരു ഉറവിടം മാധ്യമങ്ങളെ അറിയിച്ചു.

ചില ജീവനക്കാർക്ക് ഇപ്പോഴും കമ്പ്യൂട്ടറുകളിലേക്കും ഇമെയിലുകളിലേക്കും ആക്‌സസ് ഉണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും സൈബർ ആക്രമണം മൂലമാണ് തകരാറിലായതെന്ന് നിലവിൽ പ്രസ്താവിക്കാൻ സാധിക്കില്ലെന്നും കമ്പനി അറിയിച്ചു. പുലർച്ചെ 4 മണിക്കാണ് കമ്പനി സംവിധാനങ്ങൾ തകരാറിലായത്. എന്നാൽ രാവിലെ 7 മണിക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നതുവരെ പല ജീവനക്കാരും അറിഞ്ഞിരുന്നില്ല. കമ്പനിയിലുടനീളം പ്രശ്‌നമുണ്ടെന്ന് വിശദീകരിച്ച് രാവിലെ 8.45 ന് കമ്പനിയിൽ നിന്ന് ജീവനക്കാർക്ക് സന്ദേശം ലഭിച്ചുവെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു. ജീവനക്കാർക്ക് ക്യാപിറ്റയുടെ സിസ്റ്റങ്ങളിലേക്കോ മറ്റേതെങ്കിലും കമ്പ്യൂട്ടർ പ്രോഗ്രാമുകളിലേക്കോ പ്രവേശിക്കാനോ കഴിയില്ലെന്നും അവർ പറഞ്ഞു. വിപിഎൻ വഴി ആക്‌സസ് ചെയ്യാനോ പാസ്‌വേഡ് വീണ്ടെടുക്കൽ അഭ്യർത്ഥനകൾ സമർപ്പിക്കാനോ ശ്രമിക്കരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശമുണ്ട്. ക്യാപിറ്റയ്ക്ക് പ്രധാന പൊതു സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഗവൺമെൻ്റുമായി ദശലക്ഷക്കണക്കിന് പൗണ്ടിന്റെ കരാറുകൾ ഉള്ളതിനാൽ റിപ്പോർട്ട്  യുകെ ഗവൺമെൻ്റിനെ ആശങ്കപ്പെടുത്താൻ സാധ്യതയുണ്ട്.

ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രധാന ഉപഭോക്താവായ കമ്പനിയുടെ പൊതു സേവന വിഭാഗം കഴിഞ്ഞ വർഷം 1.4 ബില്യൺ പൗണ്ട് വരുമാനം റിപ്പോർട്ട് ചെയ്തിരുന്നു. ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളിൽ ഒരു പ്രധാന വിതരണക്കാരൻ എന്ന നിലയിൽ  കമ്പനി സ്ഥാനം ഉറപ്പിച്ചു. എൻഎച്ച്എസിനുള്ള പ്രാഥമിക പരിചരണ പിന്തുണാ സേവനങ്ങൾ, ജയിലുകൾക്കും പ്രൊബേഷൻ സേവനത്തിനുമുള്ള ഇലക്ട്രോണിക് ടാഗിംഗ്, ബ്രിട്ടീഷ് സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്, യുകെയുടെ അന്തർവാഹിനി പരിശീലന കേന്ദ്രത്തിലെ അറ്റകുറ്റപ്പണികൾ, പ്രതിരോധ മന്ത്രാലയത്തിനായുള്ള ഫയർ ആൻഡ് റെസ്‌ക്യൂ ഓപ്പറേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട് £525 മില്യൺ മൂല്യമുള്ള 12 വർഷത്തെ കരാറാണ് കമ്പനിയ്ക്കുള്ളത്. ഗതാഗതത്തിനായുള്ള ലണ്ടനിലെ റോഡ്-ചാർജിംഗ് സംവിധാനവും, കൺജഷൻ ചാർജും അൾട്രാ-ലോ എമിഷൻ സോണും , ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ ഡിസെബിലിറ്റി പേയ്‌മെന്റ് വിലയിരുത്തലും എന്നിവയും കരാറിൽ ഉൾപ്പെടുന്നു. ടാക്സ് കളക്ടിങ് അതോറിറ്റിയുടെ ചില പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനായി എച്ച്എം റവന്യൂ, കസ്റ്റംസ് എന്നിവയുമായും കമ്പനിക്ക് കരാറുണ്ട്. കൂടാതെ ലൈസൻസ് ഫീസ് ശേഖരിക്കുന്നതിന് ബിബിസിയുമായി £456 മില്യൺ കരാറും ഉണ്ട്.

കഴിഞ്ഞ വർഷം സൈബർ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന് ക്യാപിറ്റയുടെ എതിരാളിയായ ഇന്റർസെർവിന് 4.4 മില്യൺ പൗണ്ട് പിഴ ചുമത്തിയിരുന്നു. എന്നിരുന്നാലും, ക്യാപിറ്റയുടെ പ്രശ്‌നങ്ങൾക്ക് കാരണം ഹാക്കർമാരാണോ എന്ന് ഇതുവരെ വ്യക്തമല്ല. ഡാറ്റാ അനാലിസിസ് സ്ഥാപനമായ ഗ്ലോബൽ ഡാറ്റയുടെ അഭിപ്രായത്തിൽ, 2021-22ൽ 140 മില്യൺ പൗണ്ട് ചെലവഴിച്ച് ക്യാപിറ്റയുടെ ഏറ്റവും വലിയ പൊതുമേഖലാ ഉപഭോക്താവായ ടിഎഫ്എല്ലിൻ്റെ സേവനങ്ങളെ ഇത് ബാധിച്ചിട്ടില്ല. യുകെയിലെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ വിതരണക്കാരാണ് ക്യാപിറ്റ, കഴിഞ്ഞ വർഷം 465 മില്യൺ പൗണ്ട് പൊതു പണം കമ്പനി സ്വീകരിച്ചതായി ഗ്ലോബൽ ഡാറ്റ പറഞ്ഞു.

Other News