ഇൻഡോ-പസഫിക് ട്രേഡ് ബ്ലോക്കിൽ അംഗീകാരം നേടി യുകെ. ബ്രെക്‌സിറ്റിന് ശേഷമുള്ള ഏറ്റവും വലിയ ട്രേഡ് ഡീൽ ഉറപ്പിച്ചു
ബ്രെക്‌സിറ്റിന് ശേഷമുള്ള യുകെയുടെ ഏറ്റവും വലിയ ട്രേഡ് ഡീൽ ഇൻഡോ-പസഫിക് ട്രേഡ് ബ്ലോക്കിൽ അംഗീകാരം നേടിയെടുത്തു. ഓസ്ട്രേലിയ, ബ്രൂണെ, കാനഡ, ചിലി, ജപ്പാൻ, മലേഷ്യ, മെക്സിക്കോ, ന്യൂസിലാൻഡ്, പെറു, സിംഗപ്പൂർ, വിയറ്റ്നാം എന്നിവയുൾപ്പെടെ ഇന്തോ-പസഫിക്കിലുടനീളമുള്ള 11 രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലാണ് - ട്രാൻസ്-പസഫിക് പങ്കാളിത്തത്തിനായുള്ള സമഗ്രവും പുരോഗമനപരവുമായ കരാർ (സിപിടിപിപി) - യുകെയ്ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. 11 ശക്തമായ രാജ്യങ്ങൾ ചേർന്ന ഈ ട്രേഡ് ബ്ലോക്കിൽ ചേർന്നത് ബ്രെക്‌സിറ്റിനു ശേഷമുള്ള രാജ്യത്തിൻ്റെ യഥാർത്ഥ സാമ്പത്തിക നേട്ടങ്ങളിലേക്ക് മുതൽകൂട്ടാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് അവകാശപ്പെട്ടു. സിപിടിപിപി അംഗങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ, വ്യാപാര തടസ്സങ്ങളും താരിഫുകളും കുറയ്ക്കുന്നതിലൂടെ രാജ്യങ്ങൾ പരസ്പരം വിപണികൾ തുറക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നാണ് പ്രതീക്ഷ.
യുകെ സമയം, വെള്ളിയാഴ്ച പുലർച്ചെ 1 മണിക്ക് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി നടത്തിയ ടെലിഫോൺ കോളിൽ സിപിടിപിപിയിലേക്കുള്ള യുകെയുടെ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ട്രേഡ് സെക്രട്ടറി കെമി ബഡെനോക്ക് പറഞ്ഞു. കരാറിൽ ഏർപ്പെടുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് യുകെ. സിപിടിപിപി, ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 1.8 ബില്യൺ പൗണ്ട് മൂല്യ വർദ്ധന നൽകുമെന്ന് ഗവൺമെൻ്റ് അവകാശപ്പെട്ടു. മലേഷ്യ ഒഴികെയുള്ള മിക്ക സിപിടിപിപി അംഗങ്ങളുമായും യുകെയ്ക്ക് ഇതിനകം വ്യാപാര കരാറുകൾ ഉണ്ടെങ്കിലും, നിലവിലുള്ള ക്രമീകരണങ്ങൾ കൂടുതൽ ആഴത്തിലാക്കാനിത് സഹായിക്കുമെന്ന് യുകെ ഉദ്യോഗസ്ഥർ പറഞ്ഞു. ബ്ലോക്കിലേക്ക് കയറ്റുമതി ചെയ്യുന്ന യുകെയുടെ 99% ചരക്കുകളും ഇപ്പോൾ സീറോ താരിഫുകൾക്ക് അർഹമാണ്. സിപിടിപിപി ഒപ്പിട്ട രാജ്യങ്ങളിൽ മൊത്തം 500 മില്യൺ ആളുകളാണുള്ളത്. അതിനാൽ, ആഗോള ജിഡിപിയുടെ 15% വരുന്ന ജിഡിപിയിൽ 11 ട്രില്യൺ പൗണ്ട് മൂല്യമുള്ള ഇടപാട് സിപിടിപിപി വഴി ഉണ്ടാകുമെന്നാണ് ഗവൺമെൻ്റിൻ്റെ വിലയിരുത്തൽ.
കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി (സിബിഐ), സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ലോകത്തിലെ രണ്ടാമത്തെ വലിയ വൈൻ, സ്പിരിറ്റ് വിൽപ്പനക്കാരനായ പെർനോഡ് റിക്കാർഡ് എന്നിവയുൾപ്പെടെ നിരവധി ബിസിനസ് ഗ്രൂപ്പുകൾ ഈ ഇടപാടിനെ പ്രശംസിച്ചു. എന്നാൽ യൂറോപ്യൻ യൂണിയൻ വിടുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതം നികത്തില്ലെന്ന് മറ്റ് വ്യാപാര വിദഗ്ധർ മുന്നറിയിപ്പ് നൽകി. കരാർ യുകെയിലെ കർഷകരുടെ അവസരങ്ങൾ കുറയ്ക്കില്ലെന്നും, മറിച്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തമ്മിൽ ആരോഗ്യപരമായ മത്സരം കൂട്ടുമെന്നും, അത് ആളുകൾക്ക് ആവശ്യമില്ലാത്തത് വാങ്ങേണ്ട അവസ്ഥയിൽ നിന്ന് മോചനം നൽകുമെന്നും ചാൻസലർ ജെറമി ഹണ്ട് പറഞ്ഞു. സിപിടിപിപിയുടെയും ഇയുവിന്റെയും ഭാഗമാകുന്നത് തമ്മിലുള്ള വ്യത്യാസം തങ്ങളുടെ ട്രേഡ് നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കാനുള്ള മാനദണ്ഡങ്ങൾ തങ്ങൾ തന്നെ ഉണ്ടാക്കുന്നു, എന്നതാണെന്ന് ബാഡെനോക്ക് അഭിപ്രായപ്പെട്ടു.
ലേബർ നേതാവ് സർ കെയർ സ്റ്റാർമർ വ്യാപാര ഉടമ്പടിയെ സ്വാഗതം ചെയ്തു.
ഇതൊരു പ്രധാന വ്യാപാര ഇടപാടാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും എന്നാൽ ഇതിൽ നിന്നുള്ള മെച്ചം വളരെ ചെറുതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സിപിടിപിപി വഴി യുകെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മൊത്തം സംഭാവന 0.08% മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയൽ രാജ്യങ്ങളുമായി കൂടുതൽ വ്യാപാരം നടത്താനുള്ള സാധ്യതകൾ ഉണ്ടാക്കേണ്ടത് വളരെ അനിവാര്യമാണെന്നും,
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രെക്‌സിറ്റിന് ശേഷം യുകെയുടെ അന്താരാഷ്‌ട്ര പ്രശസ്തി വീണ്ടെടുക്കുന്നതിന് യുകെ വ്യാപാര കരാറുകളിൽ ഒപ്പുവെക്കുന്നത് സുപ്രധാനമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സ് പറഞ്ഞു. ബിസിനസ്സിനെ പിന്തുണയ്ക്കുന്നതിന് ഗവൺമെൻ്റ് പരിഹരിക്കേണ്ട മുൻഗണനാ വിഷയമാണ് ഇയു-യുകെ ബന്ധമെന്നും അവർ സൂചിപ്പിച്ചു. ഇന്തോ-പസഫിക് തന്ത്രം യുകെ ബിസിനസുകൾക്ക് സുപ്രധാന അവസരങ്ങൾ തുറക്കും. എന്നാൽ യുകെ കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ വിപണികളുമായി ദീർഘകാലമായി സ്ഥാപിതമായ, ചരിത്രപരമായ ബന്ധമാണുള്ളത്. അതിനാൽ, യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം ഗവൺമെൻ്റ് നഷ്ടപ്പെടുത്തരുതെന്നും അവർ പറഞ്ഞു.