Thursday, 21 November 2024

പുറത്താക്കപ്പെടുമെന്ന ഭയത്താൽ യുകെയിലെ നാലിലൊന്ന് വാടകക്കാരും അറ്റകുറ്റപ്പണികൾ ആവശ്യപ്പെടുന്നില്ല

കുടിയൊഴിപ്പിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാൽ യുകെയിലെ നാലിലൊന്ന് സ്വകാര്യ വാടകക്കാരും അറ്റകുറ്റപ്പണികൾ നടത്താത്തത് സഹിക്കുകയും അതിനെപറ്റി മിണ്ടാതിരിക്കുകയും ചെയ്യുകയാണെന്ന് പുതിയ സർവ്വേ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കൗൺസിൽ, ഭൂവുടമ അല്ലെങ്കിൽ ലെറ്റിംഗ് ഏജന്റ് എന്നിവരോട് അറ്റകുറ്റപ്പണികൾ, മറ്റ് ആവശ്യങ്ങൾ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങൾ എന്നിവയെക്കുറിച്ച് പരാതിപ്പെട്ടതിനു ശേഷം കുടിയൊഴിപ്പിക്കപ്പെടുകയോ പുറത്താക്കപ്പെടുമെന്ന ഭീഷണി നേരിടുകയോ ചെയ്ത വാടകക്കാരുടെ എണ്ണം പരാതിപ്പെടാത്തവരേക്കാൾ മൂന്നിരട്ടി കൂടുതലാണെന്ന് ഗവേഷണം സൂചിപ്പിക്കുന്നു.

ബ്രിട്ടീഷ് ഭവനരഹിതർക്കും ഹൗസിംഗ് ചാരിറ്റി ഷെൽട്ടറിനും വേണ്ടി 16 വയസും അതിനുമുകളിലും പ്രായമുള്ള 2,006 വാടകക്കാർ പങ്കെടുത്ത യൂഗോവ് (YouGov) വോട്ടെടുപ്പിൽ, 76% പേരും കഴിഞ്ഞ വർഷം അറ്റകുറ്റപ്പണികൾ വേണ്ടവരായിരുന്നെന്ന് കണ്ടെത്തി. അതിൽ 25% പേർ താമസ സ്ഥലത്തു നിന്ന് പുറത്താക്കപ്പെടുമെന്ന ഭയത്താൽ അറ്റകുറ്റപ്പണികളെ കുറിച്ചോ അവസ്ഥകൾ മെച്ചപ്പെടുത്തണമെന്നോ ഉള്ള ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല. കൗൺസിലിനോടോ ഭൂവുടമയോടോ ലെറ്റിംഗ് ഏജന്റിനോടോ പരാതി ഉന്നയിച്ചവരിൽ 21% പേർ അതേ കാലയളവിൽ തന്നെ കുടിയൊഴിപ്പിക്കപ്പെടുകയോ കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീഷണി നേരിടുകയോ ചെയ്തിട്ടുണ്ട്. എന്നാൽ,  കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീഷണി നേരിടുകയോ ചെയ്തവരിൽ പരാതിപ്പെടാത്തവർ 8% മാത്രമാണെന്നും സർവ്വേയിൽ പറയുന്നു.

വാടകക്കാർക്ക് ന്യായമായ ഡീൽ നൽകാൻ തങ്ങൾ തികച്ചും പ്രതിജ്ഞാബദ്ധരാണെന്നും ഈ പാർലമെന്റിൽ വാടകക്കാരുടെ പരിഷ്കരണ ബില്ലിന്റെ ഭാഗമായി സെക്ഷൻ 21 ഓർഡറുകൾ നിരോധിക്കുമെന്നും ഗവൺമെൻ്റ് അറിയിച്ചു. അതിനാൽ എല്ലാ വാടകക്കാർക്കും വീടുകളിൽ കൂടുതൽ സുരക്ഷയും, മോശം സാഹചര്യങ്ങളും അന്യായമായ വാടക വർധനയും ചോദ്യം ചെയ്യാനുള്ള അവകാശവും അധികാരവും ഉണ്ടാകുമെന്നും പറഞ്ഞു. സെക്ഷൻ 21 പ്രകാരം സ്വകാര്യ ഭൂവുടമകൾക്ക്, വാടകക്കാരന്റെ ഭാഗത്തുനിന്ന് യാതൊരു പ്രശ്നങ്ങളും ഇല്ലാതെ തന്നെ എഗ്രിമെൻ്റ് പ്രകാരം പറഞ്ഞ കാലയളവിന് മുൻപ് കുടിയൊഴിപ്പിക്കാനുള്ള അധികാരം ഉണ്ട്.

ബില്ലിൽ ഗവൺമെൻ്റ് കുതിച്ചുചാട്ടം നടത്തുകയാണെന്ന് ഷെൽട്ടറിന്റെ ചീഫ് എക്സിക്യൂട്ടീവ് പോളി നീറ്റ് അഭിപ്രായപ്പെട്ടു. സ്വകാര്യ വാടകയ്ക്ക് നിയന്ത്രണമില്ലാത്തതിനാൽ അസുഖകരമായ അന്തരീക്ഷത്തിൽ താമസിക്കുന്നവർ പോലും വലിയ തുകയാണ് വാടകയായി കൊടുക്കുന്നതെന്ന റിപ്പോർട്ടുകൾ ഉള്ളതായി ഷെൽട്ടർ വെളിപ്പെടുത്തി. കുട്ടികളുടെ വസ്ത്രങ്ങളിൽ പൂപ്പൽ വളരുന്ന സാഹചര്യം ഉള്ളതിനെ കുറിച്ചോ, തകർന്ന ജനൽ ഫ്രെയിമുകളിലൂടെ വെള്ളം ഒഴുകുന്നതിനെക്കുറിച്ചോ പരാതിപ്പെടാൻ
അനേകം സ്വകാര്യ വാടകക്കാർ ഭയപ്പെടുന്ന അവസ്ഥയുള്ളത് പരിഹാസ്യമാണെന്നും നീറ്റ് പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള ആവശ്യമായ സ്വകാര്യ വാടക പരിഷ്‌കാരങ്ങളിൽ ഗവൺമെൻ്റ് പിന്നോക്കം പോയതിൻ്റെ ആഘാതം വാടകക്കാർ സഹിക്കുന്നുണ്ടെന്നും അവർ സൂചിപ്പിച്ചു.

സാമൂഹിക വിരുദ്ധ സ്വഭാവം കൈകാര്യം ചെയ്യുന്നതിനുള്ള ഗവൺമെൻ്റിൻ്റെ പദ്ധതി തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ സാമൂഹിക വിരുദ്ധ നിലപാടുള്ള  വാടകക്കാരെ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി നോട്ടീസ് നൽകാനുള്ള "മൂന്ന് സ്ട്രൈക്കുകൾ ആന്റ് യു ആർ ഔട്ട്" പദ്ധതിയെക്കുറിച്ച് ചാരിറ്റികൾ ആശങ്ക ഉന്നയിക്കുകയും വിമർശിക്കുകയും ചെയ്തു. എല്ലാത്തരം സാമൂഹിക വിരുദ്ധരെയും ഒഴിപ്പിക്കാനുള്ള കാലയളവ് രണ്ടാഴ്ച എന്നതാണ് ചാരിറ്റികളിൽ നിന്നുള്ള വിമർശനം ഉണ്ടാകാനുള്ള പ്രധാന കാരണം.

Other News