Tuesday, 28 January 2025

എനർജി സ്കീമിലെ മാറ്റങ്ങൾ യുകെയിലെ 370,000 ചെറുകിട ബിസിനസുകളെ പ്രതികൂലമായി ബാധിക്കും

എനർജി സ്കീമിലെ മാറ്റങ്ങൾ യുകെയിലെ 370,000 ചെറുകിട ബിസിനസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഫെഡറേഷൻ ഓഫ് സ്‌മോൾ ബിസിനസ്സ് (എഫ്എസ്ബി) പറഞ്ഞു. യുകെയിലെ ബിസിനസുകൾക്കും ചാരിറ്റികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും എനർജി ബില്ലിൽ വേണ്ട സപ്പോർട്ട് നൽകുന്നതിനാണ് എനർജി ബിൽ ഡിസ്‌കൗണ്ട് സ്കീം അവതരിപ്പിച്ചത്. എന്നാൽ ഗാർഹികേതര ഊർജ ഉപയോക്താക്കൾക്ക് ബില്ലുകൾക്ക് പരിധി നിശ്ചയിക്കുന്നതിന് പകരം ഡിസ്കൗണ്ടായിരിക്കും നൽകുക. പുതിയ സ്കീമിൽ 2024 മാർച്ച് 31 വരെ ഉയർന്ന എനർജി ബില്ലുകളിൽ ഡിസ്കൗണ്ട് ലഭിക്കും. എനർജി ബിൽ റിലീഫ് സ്കീം എനർജി ബില്ലുകൾക്ക്  ഇതുവരെ പരിധി നിശ്ചയിച്ചിരുന്നു, എന്നാൽ പുതിയ സ്കീം പ്രകാരം ബില്ലിൽ ഡിസ്കൗണ്ട് മാത്രമേ കാണൂ.

ചെറുകിട ബിസിനസുകൾ വരും മാസങ്ങളിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതായി വരുമെന്ന് എഫ്എസ്ബിയിലെ വിദേശകാര്യ മേധാവി ക്രെയ്ഗ് ബ്യൂമോണ്ട് സ്കൈ ന്യൂസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. ചില ചെറുകിട ബിസിനസ്സുകൾക്ക്  പ്രവർത്തന സമയം കുറയ്ക്കേണ്ടി വരും, ചിലർക്ക് ജീവനക്കാരെ കുറയ്ക്കേണ്ടി വരും, അല്ലെങ്കിൽ മറ്റ് പ്രധാന ചെലവുകൾ നിയന്ത്രിക്കേണ്ടതായും വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മറ്റു ചില ചെറുകിട ബിസിനസുകൾ മൊത്തത്തിൽ അടച്ചുപൂട്ടാനുള്ള സാധ്യതയും ഉണ്ട്. പുതിയ സപ്പോർട്ട് സ്കീം ചെറുകിട ബിസിനസ്സുകാരുടെ എനർജി ബില്ലുകൾക്ക് വേണ്ടത്ര സഹായം ലഭ്യമാക്കില്ലെന്നും ബ്യൂമോണ്ട് കൂട്ടിച്ചേർത്തു.

മുൻപത്തെ ഗവൺമെന്റ് എനർജി സ്കീം പ്രകാരം, ഒരു നിശ്ചിത വില ഈടാക്കുകയായിരുന്നു ചെയ്തിരുന്നത്. പുതിയ സ്കീമിൽ ഒരു ചെറിയ ഡിസ്കൗണ്ട് മാത്രമാണ് ലഭിക്കുക. ചില വ്യവസായങ്ങളെ ഇത് വളരെ മോശമായി തന്നെ ബാധിക്കും. സലൂൺ പോലുള്ള പല ബിസിനസ്സുകൾക്കും അവരുടെ സേവനങ്ങൾക്ക് ചാർജ്ജ് വർദ്ധിപ്പിക്കേണ്ടി വരും. ഇത് ക്ലയൻറുകളുൻ്റെ എണ്ണം കുറയ്ക്കുകയോ, അവരുടെ വിസിറ്റിംഗ് ഫ്രീക്വൻസി കുറയ്ക്കുകയോ ചെയ്യും. ഇത് ബിസിനസിനെ പ്രതികൂലമായി തന്നെ ബാധിക്കും.

പുതിയ എനർജി ബില്ല് സ്കീമിലൂടെ വലുതും ചെറുതുമായ കമ്പനികൾക്ക് അടിസ്ഥാന ഡിസ്കൗണ്ടിൽ നിന്ന് പ്രയോജനം ലഭിക്കും, അതിന് അപേക്ഷിക്കേണ്ടതില്ല. കൂടാതെ ഏറ്റവും കൂടുതൽ എനർജി ഉപയോഗിക്കുന്ന നിർമ്മാണ കമ്പനികൾ പോലുള്ള എനർജി ആൻഡ് ട്രേഡ് ഇൻ്റെൻസീവ് ഇൻഡസ്ട്രിയിൽ ഉൾപ്പെടുന്ന വ്യവസായങ്ങൾക്ക് ഉയർന്ന തലത്തിലുള്ള പിന്തുണയും ലഭിക്കുമെന്നും ഒരു ഗവൺമെൻ്റ് വക്താവ് അറിയിച്ചു. എനർജി പ്രൈസും മറ്റ് ബിസിനസ്സ് ചെലവുകളും ഉയർത്തുന്ന ആഗോള ഘടകങ്ങളെ നിയന്ത്രിക്കാൻ ഒരു നാഷണൽ ഗവൺമെൻ്റിനും  കഴിയില്ലെങ്കിലും യുകെ ഗവൺമെൻ്റ് വ്യവസായങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് വ്യവസായങ്ങൾക്കും മറ്റ് ഗാർഹികേതര എനർജി ഉപയോക്താക്കൾക്കും വലിയ പിന്തുണ നൽകുന്നത്. ഈ വിൻ്റർ സീസണിൽ പ്രവചിക്കപ്പെട്ട മൊത്ത എനർജി എക്സ്പെൻസിൻ്റെയും പകുതിയോളം നൽകാൻ പുതിയ സ്കീം ചില ബിസിനസുകളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Other News