Wednesday, 22 January 2025

കോവിഡ് ബൂസ്റ്റർ വാക്‌സിൻ ഡ്രൈവ് അടുത്തയാഴ്ച ആരംഭിക്കും; ഇംഗ്ലണ്ടിൽ ബൂസ്റ്റർ ഡോസിന് അർഹത അഞ്ച് മില്യൺ ആളുകൾക്ക്

യുകെയിൽ കോവിഡ് ബൂസ്റ്റർ വാക്‌സിൻ ഡ്രൈവ് അടുത്തയാഴ്ച ആരംഭിക്കും. ഇംഗ്ലണ്ടിൽ അഞ്ച് ദശലക്ഷം ആളുകൾക്കാണ് ബൂസ്റ്റർ ഡോസിന് അർഹതയുള്ളത്. തിങ്കളാഴ്ച മുതൽ കെയർ ഹോമിലെ റെസിഡൻ്റുകൾക്കാണ് ബൂസ്റ്റർ ഡോസ് ആദ്യം ലഭ്യമാക്കുക. അതേസമയം 75 വയസ്സിന് മുകളിലുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞ കുട്ടികൾക്കും ബുധനാഴ്ച മുതൽ അവരുടെ ഡോസ് ബുക്ക് ചെയ്യാൻ കഴിയും. ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ള ആളുകൾക്ക് അടുത്ത ആഴ്ച മുതൽ അവരുടെ സ്പ്രിംഗ് കോവിഡ്-19 ബൂസ്റ്റർ വാക്സിൻ ലഭിച്ചു തുടങ്ങും. പ്രാരംഭ അറിയിപ്പ് എൻഎച്ച്എസ് ആപ്പ് വഴി അയയ്‌ക്കും. ആപ്പ് ഇല്ലാത്തവർക്കും ആപ്പ് പതിവായി ഉപയോഗിക്കാത്തവർക്കും ടെക്സ്റ്റ് മെസേജുകളും മെയിലുകളും അയയ്ക്കും.

രോഗപ്രതിരോധ ശേഷി ഏറ്റവും കുറഞ്ഞവരും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും വരുന്ന ആഴ്ചകളിൽ കോവിഡ് ബൂസ്റ്റർ വാക്സിന് മുന്നോട്ട് വരണമെന്ന് എൻഎച്ച്എസ്  വാക്സിനേഷൻ ആൻഡ് സ്ക്രീനിംഗ് ഡയറക്ടർ സ്റ്റീവ് റസ്സൽ ആവശ്യപ്പെട്ടു. ഒരു സമൂഹമെന്ന നിലയിൽ, നമ്മൾ കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കുകയാണെങ്കിലും, പലർക്കും ഇത് ഇപ്പോഴും ഗുരുതരമായ രോഗത്തിനും ആശുപത്രിവാസത്തിനും കാരണമാകുന്ന ഒരു വൈറസാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, കോവിഡ് ബാധിതരായ 8,000 ത്തോളം ആളുകൾ ഇപ്പോഴും ആശുപത്രിയിലുണ്ട്. കൂടാതെ പാൻഡെമിക് ആരംഭിച്ചതിനുശേഷം എൻഎച്ച്എസ് ഒരു ദശലക്ഷത്തിലധികം കോവിഡ് ഇൻപേഷ്യന്റുകളെ ചികിത്സിച്ചു.

എൻഎച്ച്എസിൻ്റെ വിജയകരമായ വാക്‌സിനേഷൻ പ്രോഗ്രാമാണ് എല്ലാവരെയും കോവിഡിനൊപ്പം ജീവിക്കാൻ സഹായിച്ചത്. ആയിരക്കണക്കിന് ജീവൻ രക്ഷിക്കാനും ഗുരുതരമായ രോഗങ്ങളിൽ നിന്ന് ഏറ്റവും പ്രതിരോധ ശേഷി കുറഞ്ഞവരെ സംരക്ഷിക്കാനും വാക്‌സിനേഷൻ പ്രോഗ്രാം സഹായിച്ചെന്നും ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. ദുർബലരായ ആളുകൾക്ക് വൈറസിൽ നിന്ന് ആവശ്യമായ സംരക്ഷണം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അതിനാൽ 75 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ബുധനാഴ്ച മുതൽ ബൂസ്റ്റർ വാക്സിൻ ബുക്ക് ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഈ വർഷമാദ്യം, വാക്സിനേഷനും ഇമ്മ്യൂണൈസേഷനും സംബന്ധിച്ച ജോയിൻ്റ് കമ്മിറ്റി, സ്പ്രിംഗ് ബൂസ്റ്റർ കാമ്പെയ്‌നിൽ ഫൈസർ, മോഡേണ, സനോഫി/ജിഎസ്‌കെ വാക്സിൻസ് ഉപയോഗിച്ചുള്ള വാക്സിനേഷൻ ഉൾപ്പെടുത്താമെന്ന് അറിയിച്ചു. ഇതരമാർഗങ്ങൾ ക്ലിനിക്കലി അനുയോജ്യമല്ലെന്ന് കണക്കാക്കുമ്പോൾ മാത്രമേ നോവവാക്സ് വാക്സിൻ ലഭിക്കുകയുള്ളൂ. ആളുകൾക്ക് ലഭിക്കുന്ന വാക്സിൻ പ്രാദേശിക വിതരണത്തെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും 12 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ഫൈസർ/ബയോഎൻടെക് വാക്സിൻ്റെ ചിൽഡ്രൻസ് ഫോർമുല ആണ് ലഭ്യമാക്കുക.

Other News