Wednesday, 22 January 2025

രക്ഷിതാക്കളുടെ സമ്മതമില്ലാതെ 13 വയസ്സിന് താഴെയുള്ള കുട്ടികളെ ചേർത്ത ടിക് ടോക്കിന് 12.7 മില്യൺ പൗണ്ട് പിഴ

രക്ഷാകർത്താക്കളുടെ സമ്മതമില്ലാതെ 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കുന്നതുൾപ്പെടെ, ഡാറ്റ സംരക്ഷണ നിയമത്തിന്റെ ഒന്നിലധികം ലംഘനങ്ങൾക്ക് ടിക് ടോക്കിന് 12.7 മില്യൺ പൗണ്ട് പിഴ ചുമത്തിയതായി ബ്രിട്ടനിലെ ഡാറ്റാ വാച്ച്ഡോഗ് അറിയിച്ചു. മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടികളുടെ വിവരങ്ങൾ ഉപയോഗിക്കുന്നതും ലംഘനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് വിവരാവകാശ കമ്മീഷണർ പറഞ്ഞു. ആരാണ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാനും പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാനും ചൈനയുടെ ഉടമസ്ഥതയിലുള്ള വീഡിയോ ആപ്ലിക്കേഷൻ വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ഇൻഫർമേഷൻ കമ്മീഷണർ ഓഫീസ് (ഐസിഒ) ചൊവ്വാഴ്ച പറഞ്ഞു.

2020-ലെ കണക്കനുസരിച്ച്, പ്രായപരിധി മാനദണ്ഡങ്ങളിലെ നടപടികൾ എടുക്കുന്നതിലുള്ള പരാജയം, 13 വയസ്സിന് താഴെയുള്ള 1.4 ദശലക്ഷം കുട്ടികളെ യുകെയിൽ ടിക് ടോക്  പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലേക്ക് നയിച്ചതായി ഐസിഒ സൂചിപ്പിച്ചു. കമ്പനിയുടെ സ്വന്തം നിയമങ്ങൾ പോലും ഈ രീതി നിരോധിച്ചിട്ടുണ്ടെന്നും ഐസിഒ വെളിപ്പെടുത്തി. യുകെ ഡാറ്റാ പ്രൊട്ടക്ഷൻ നിയമത്തിൽ കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് കർശനമായ നിരോധനം ഏർപ്പെടുത്തിയിട്ടില്ല, എന്നാൽ കുട്ടികളുടെ സ്വകാര്യ ഡാറ്റ ഉപയോഗിക്കണമെങ്കിൽ മാതാപിതാക്കളിൽ നിന്നോ ഗാർഡിയനിൽ നിന്നോ സ്ഥാപനങ്ങൾ സമ്മതം നേടേണ്ടതുണ്ട്.

കുട്ടികൾ ഡിജിറ്റൽ ലോകത്ത് സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ നിയമങ്ങൾ നിലവിലുണ്ട്. ടിക് ടോക് ആ നിയമങ്ങൾ പാലിച്ചില്ലെന്ന് ഇൻഫർമേഷൻ കമ്മീഷണർ ജോൺ എഡ്വേർഡ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. അതിന്റെ ഫലമായി, 13 വയസ്സിന് താഴെയുള്ള 1 ദശലക്ഷം പേർക്ക് അനുചിതമായി പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിക്കുകയും, ടിക് ടോക് അവരുടെ പേഴ്സണൽ വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തു. ഈ ഡാറ്റ അവരെയും അവരുടെ പ്രൊഫൈൽ ട്രാക്ക് ചെയ്യാനും ഉപയോഗിച്ചിരിക്കാം.  കുട്ടികൾ സ്ക്രോൾ ചെയ്യുമ്പോൾ അവർക്ക് ഹാനികരവും അനുചിതവുമായ കണ്ടെൻ്റ് അവരിലേക്ക് എത്താനും സാധ്യതയുണ്ട്. £12.7 മില്യൺ പൗണ്ടിൻ്റെ പിഴ, ടിക് ടോക്കിൻ്റെ പരാജയങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതത്തെ പ്രതിഫലിപ്പിക്കുന്നു. ആരാണ് അവരുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്ന് പരിശോധിക്കുന്നതിനോ അവരുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ നീക്കം ചെയ്യാൻ മതിയായ നടപടിയെടുക്കുന്നതിനോ അവർ ശ്രമം നടത്തിയില്ലെന്നും എഡ്വേർഡ് കൂട്ടിച്ചേർത്തു.

13 വയസും അതിൽ കൂടുതലുമുള്ള ഉപയോക്താക്കൾക്കുള്ള പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. 13 വയസ്സിന് താഴെയുള്ളവരെ പ്ലാറ്റ്‌ഫോമിൽ നിന്ന് അകറ്റി നിർത്താൻ വളരെയധികം തുക നിക്ഷേപിക്കുകയും കമ്മ്യൂണിറ്റിക്കായി പ്ലാറ്റ്‌ഫോം സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിന് 40,000 അംഗങ്ങളുള്ള സേഫ്റ്റി ടീം 24 മണിക്കൂറും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്നും ടിക് ടോക്ക് വക്താവ് ഒരു പ്രസ്താവനയിൽ അറിയിച്ചു. 2018 മെയ് മുതൽ 2020 ജൂലൈ വരെയുമായി ബന്ധപ്പെട്ട ഐസിഒയുടെ തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കിലും, ഇന്ന് പ്രഖ്യാപിച്ച പിഴ കഴിഞ്ഞ വർഷം നിർദ്ദേശിച്ച തുകയുടെ പകുതിയിൽ താഴെയായി കുറച്ചതിൽ സന്തോഷമുണ്ടെന്നും ടിക് ടോക്ക് വക്താവ് പറഞ്ഞു. തങ്ങൾ തീരുമാനം അവലോകനം ചെയ്യുന്നത് തുടരുകയും അടുത്ത ഘട്ടങ്ങൾ പരിഗണിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ‌സി‌ഒ അന്വേഷിച്ച കാലഘട്ടം മുതൽ അതിന്റെ രീതികളിൽ മാറ്റം വരുത്തിയതായി ടിക് ടോക്ക് ഊന്നിപ്പറഞ്ഞു. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെ അപേക്ഷിച്ച്, പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകൾ തിരിച്ചറിയാൻ അതിന്റെ മോഡറേറ്റർമാരെ പരിശീലിപ്പിക്കുക, അത്തരം അക്കൗണ്ടുകൾ ഇല്ലാതാക്കാൻ അഭ്യർത്ഥിക്കുന്നതിനുള്ള ഓപ്ഷൻസ് മാതാപിതാക്കൾക്ക് നൽകൽ എന്നിവ ഉൾപ്പെടെ നിരവധി നടപടികൾ ടിക് ടോക് കൈക്കൊള്ളുന്നുണ്ട്. സൈറ്റിൽ സ്വയം പ്രഖ്യാപിച്ച പ്രായം മാത്രമല്ല, ഉപയോക്താക്കൾക്ക് എത്ര വയസ്സായി എന്ന് നിർണ്ണയിക്കാൻ മറ്റ് പല സിഗ്നലുകളും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ടുകൾ കണ്ടെത്താൻ ഉപയോഗിക്കുന്നതായും ടിക് ടോക് അവകാശപ്പെട്ടു.

Other News