കെറ്ററിംഗ് കൂട്ടക്കൊലയിൽ പ്രതി സാജുവിൻ്റെ കുറ്റസമ്മതം. ജൂലൈ 3 ന് ശിക്ഷ വിധിക്കും

കെറ്ററിംഗ് കൂട്ടക്കൊലയിൽ പ്രതി സാജു  കുറ്റസമ്മതം നടത്തി. എൻഎച്ച്എസിലെ നഴ്സായിരുന്ന ഭാര്യ അഞ്ജു അശോക് (35), മകൻ ജീവാ (6), മകൾ ജാൻവി (4) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസിൻ്റെ ട്രയൽ നോർത്താംപ്ടൺ ക്രൗൺ കോർട്ടിലാണ് നടന്നത്. കഴിഞ്ഞ വർഷം ഡിസംബർ 15 ന് കെറ്ററിംഗിലെ പെതേർട്ടൺ കോർട്ടിലുള്ള ഫ്ളാറ്റിൽ ഗുരുതരമായ പരിക്കുകളോടെ പോലീസ് കണ്ടെത്തിയ മൂവരും പിന്നീട് മരണമടയുകയായിരുന്നു. പരിഭാഷകൻ്റെ സഹായത്തോടെയാണ് പ്രതിയായ സാജു കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.  

മകൾ ജീവയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് " കുട്ടികൾക്ക് എന്തു സംഭവിച്ചുവെന്ന് എനിയ്ക്കറിയില്ല, പക്ഷേ ഞാൻ കുറ്റക്കാരനാണ്" എന്ന് സാജു പ്രതികരിച്ചു. "നിയമമനുസരിച്ച് ഒരു ശിക്ഷയെ ഉള്ളൂ, ജീവപര്യന്തം. എന്നാൽ വിധി ദിവസം കേസ് പരിഗണിക്കുന്ന ജഡ്ജ് നിനക്കു നൽകപ്പെടുന്ന ശിക്ഷയുടെ കുറഞ്ഞ കാലാവധി തീരുമാനിക്കും" ജഡ്ജ് സാജുവിനോട് കോടതി നടപടികളുടെ ഒടുവിൽ സൂചിപ്പിച്ചു. നോർത്താംപ്ടൺ ക്രൗൺ കോർട്ട് ജഡ്ജ് ഡേവിഡ് ഹെർബേർട്ട് ജൂലൈ 3 ന് ശിക്ഷ വിധിക്കുന്നതിനായി കേസ് മാറ്റിവച്ചു.

ലെസ്റ്റർ റോയൽ ഇൻഫെർമറിയിലെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം അഞ്ജുവിൻ്റെയും കുട്ടികളുടെയും മരണം ശ്വാസതടസം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. അതീവ ദു:ഖകരമായ ഒരു സംഭവമാണിതെന്നും പ്രതി സാജു ചെയ്ത പ്രവൃത്തി മൂന്നു ജീവനുകളാണ് ഇല്ലാതാക്കിയതെന്നും സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറും ഡിറ്റക്ടീവ് ഇൻസ്പെക്ടറുമായ സൈമൺ ബാർനസ് പറഞ്ഞു.

Other News