Thursday, 21 November 2024

ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് 250,000 എൻഎച്ച്എസ് അപ്പോയിൻ്റ്മെൻ്റുകളെ ബാധിക്കുമെന്ന്  മുന്നറിയിപ്പ്

യുകെയിൽ അടുത്തയാഴ്ച നടക്കുന്ന ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് കാരണം കാൽലക്ഷത്തോളം ഓപ്പറേഷനുകളും അപ്പോയിൻ്റ്മെൻ്റുകളും നീട്ടിവെക്കാൻ സാധ്യതയുണ്ടെന്ന് എൻഎച്ച്എസ് കോൺഫെഡറേഷൻ മുന്നറിയിപ്പ്. ഈസ്റ്റർ വാരാന്ത്യത്തിന് ശേഷം നാല് ദിവസത്തെ ജൂനിയർ ഡോക്ടർമാരുടെ വാക്കൗട്ടും കൂടിയാകുമ്പോൾ രോഗികളെ അത് കൂടുതൽ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഹെൽത്ത് ബോസ് കോൺഫെഡറേഷനിലെ പോളിസി ഡയറക്ടർ ഡോ.ലൈല മക്കേ പറഞ്ഞു. മറ്റൊരു സമരവും തങ്ങളെ ഇത്രയും  ആശങ്കാകുലരാക്കിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മേലധികാരികൾ അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച മുതലാണ് വാക്കൗട്ട് ആരംഭിക്കുന്നത്. പണിമുടക്കിനെ തുടർന്ന് ജീവനക്കാരെ ക്രമീകരിക്കാൻ മാനേജർമാർ ബുദ്ധിമുട്ടുന്നതിനാൽ രോഗികളുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ച് കൂടുതൽ ഉറപ്പുനൽകാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത് എമർജൻസി കെയറിനെയും നേരത്തെ എടുത്ത അപ്പോയിൻ്റ്മെൻ്റുകളെയും ബാധിക്കും.

ഒരു സർവീസും ഒഴിവാക്കില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. എന്നാൽ ഹോസ്പിറ്റലുകൾ ഏതെങ്കിലും രോഗികളുടെ ജീവൻ അത്യാഹിതനിലയിൽ ആണെന്ന്  റിപ്പോർട്ട് ചെയ്താൽ ജൂനിയർ ഡോക്ടർമാരെ പിക്കറ്റ് ലൈനിൽ നിന്ന് തിരിച്ചു വിളിക്കുന്നതുൾപ്പെടെ നിരവധി പദ്ധതികളാണ് രോഗികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്. 15 വർഷമായി ഇൻഫ്ലേഷൻ നിരക്കിന് താഴെ ശമ്പളം നൽകിയ വിടവ് നികത്താൻ 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ജൂനിയർ ഡോക്ടർമാർ മുൻപ് നടത്തിയ സമരത്തിൽ, ഏകദേശം 175,000 അപ്പോയിൻ്റ്മെൻ്റുകളും ഓപ്പറേഷനുകളും മാറ്റിവയ്ക്കേണ്ടിവന്നതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന പണിമുടക്ക് രാജ്യത്തുടനീളമുള്ള രോഗികൾക്ക് വലിയ തോതിലുള്ള ആഘാതം ഉണ്ടാക്കും എന്നാണ് കണക്കാക്കുന്നത്.

വാക്കൗട്ട് ചൊവ്വാഴ്ച രാവിലെ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് സമയം 07:00 മുതൽ ശനിയാഴ്ച രാവിലെ 07:00 വരെ ആയിരിക്കും. കഴിഞ്ഞ മാസത്തെ പണിമുടക്കിൽ, ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനായി ഹോസ്പിറ്റലുകൾ കൺസൾട്ടന്റുമാരെ നിയോഗിച്ചിരുന്നുവെങ്കിലും അവരിൽ നാലിലൊന്ന് പേരും ഈസ്റ്റർ ഹോളിഡേയ്‌സിൻ്റെ അവധിയിലാണ്. ഈസ്റ്റർ വാരാന്ത്യവും അതിനു ശേഷം വരുന്ന ജൂനിയർ ഡോക്ടർമാരുടെ നാല് ദിവസത്തെ പണിമുടക്കും തുടർന്ന് വരുന്ന വാരാന്ത്യവും കണക്കിലെടുത്താൽ പത്തോ പതിനൊന്നോ ദിവസങ്ങളാണ് സമരത്തെ തുടർന്ന് ഹെൽത്ത് കെയർ മേഖലയെ  ബാധിക്കുന്നത്. ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ യൂണിയൻ പ്രതിനിധികളെ കണ്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അർഹമായ ശമ്പള വർദ്ധനവ് വരുത്താത്തതിനെ കുറിച്ച് ബാർക്ലേ ഗൗരവമായി ചിന്തിക്കുന്ന ആളാണെന്ന് തങ്ങൾക്ക് ഉറപ്പ് വരുത്തണമെന്നും തൃപ്തികരമായ ഒരു ഓഫറും ഇതുവരെയും അദ്ദേഹം മുന്നോട്ടു വച്ചിട്ടില്ലെന്നും ബിഎംഎയിലെ ജൂനിയർ ഡോക്‌ടേഴ്‌സ് കമ്മിറ്റിയുടെ കോ-ഡയറക്ടർ ഡോ. വിവേക് ത്രിവേദി പറഞ്ഞു.

ചർച്ചകൾ നടക്കണമെങ്കിൽ ബിഎംഎ പണിമുടക്ക് പിൻവലിക്കണമെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. പണിമുടക്ക് സമയത്ത് രോഗികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ബാക്കപ്പ് പ്ലാനുകൾ തയ്യാറാക്കാൻ ഗവൺമെൻ്റ് എൻഎച്ച്എസ് ഇംഗ്ലണ്ടുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. എമർജൻസി ട്രീറ്റ്മെൻ്റ്, ക്രിട്ടിക്കൽ കെയർ, മറ്റേണിറ്റി ആൻഡ് നിയോനാറ്റൽ കെയർ, ട്രൗമ തുടങ്ങിയ എമർജൻസി പ്രാധാന്യമുള്ള കേസുകൾക്ക് എൻഎച്ച്എസ് മുൻഗണന നൽകുമെന്ന് ഒരു എൻഎച്ച്എസ് വക്താവ് അറിയിച്ചു.
 

Other News