Wednesday, 22 January 2025

പലിശ നിരക്ക് കോവിഡിന് മുമ്പുള്ള നിലയിലേക്ക് കുറയാൻ സാധ്യതയെന്ന് ഐഎംഎഫ്

കുറഞ്ഞ ഉൽപാദനക്ഷമതയും ജനസംഖ്യയിൽ പ്രായമാവരുടെ എണ്ണം കൂടുന്നതും പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ പലിശനിരക്ക് ഭാവിയിൽ കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐഎംഎഫ് സൂചിപ്പിച്ചു. ഇൻഫ്ലേഷൻ നിയന്ത്രണ വിധേയമായാൽ പലിശ നിരക്കിലുള്ള വർദ്ധനവ് താത്കാലികം മാത്രമായിരിക്കുമെന്ന് ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) അറിയിച്ചു. 2021 ഡിസംബർ 0.1 ശതമാനമായിരുന്ന പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട്  കഴിഞ്ഞ മാസം 4.25% ആയി ഘട്ടം ഘട്ടമായി ഉയർത്തിയിരുന്നു. ഇത് പല വീട്ടുടമസ്ഥരുടെയും മോർട്ട്ഗേജ് പേയ്മെന്റുകൾ ഉയരാൻ കാരണമായി. യുകെയിലെയും യുഎസിലെയും യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ വിലക്കയറ്റത്തെ ചെറുക്കുന്നതിന് പലിശനിരക്ക് ഉയർത്തുകയാണ്. യുകെയിൽ, എനർജി പ്രൈസും  കുതിച്ചുയരുന്ന ഭക്ഷണച്ചെലവും കാരണം, പണപ്പെരുപ്പം ഏകദേശം 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ഊർജ ചെലവ് വർദ്ധിപ്പിച്ച ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് പണപ്പെരുപ്പത്തിന് ആക്കം കൂട്ടുന്നത്.

ഇൻഫ്ലേഷനെ തുടർന്നാണ് പലിശ നിരക്ക് സമീപകാലങ്ങളിൽ വർധിച്ചിരിക്കുന്നതെന്നും, അത് നിയന്ത്രണവിധേയമാകുമ്പോൾ, വികസിത സമ്പദ്‌വ്യവസ്ഥകളുടെ സെൻട്രൽ ബാങ്കുകൾ പണനയം ലഘൂകരിക്കാനും പലിശനിരക്ക് പ്രീ-പാൻഡെമിക് തലങ്ങളിലേക്ക് തിരികെ കൊണ്ടുവരാനും സാധ്യതയുണ്ടെന്ന് ഐഎംഎഫ് ഒരു ബ്ലോഗിൽ എഴുതി. ഗവൺമെൻ്റിൻ്റെ കടങ്ങൾ ക്രമത്തിൽ നിലനിർത്തിയാൽ മാത്രമേ ഇത് ബാധകമാകൂ എന്ന വലിയൊരു മുന്നറിയിപ്പും അവലോകനത്തിലുണ്ട്. പലിശ നിരക്ക് എപ്പോൾ സാധാരണ നിരക്കിലേക്ക് തിരിച്ചുവരുമെന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടില്ല.

യുകെ ഉൾപ്പെടെയുള്ള വികസിത സമ്പദ്‌വ്യവസ്ഥകളിലെ പലിശനിരക്കിന്റെ സാധാരണ നിലവാരമായി കണക്കാക്കിയിരുന്ന സംഖ്യ താഴ്‌ന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു. പണപ്പെരുപ്പം ക്രമീകരിച്ചതിന് ശേഷമുള്ള യഥാർത്ഥമായ നിരക്ക് പൂജ്യത്തിനടുത്താണ്. പണപ്പെരുപ്പം ടാർഗെറ്റ് ലെവലായ 2% ൽ എത്തുമ്പോൾ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ 4% ന് മുകളിലുള്ള ഇപ്പോഴത്തെ അടിസ്ഥാന നിരക്ക് ഏകദേശം 2-3% ആയി കുറയും. വാർദ്ധക്യം, കുടിയേറ്റം, നികുതി, സ്പെൻഡ് പോളിസി, സമ്പദ്‌വ്യവസ്ഥയുടെ വളർച്ച തുടങ്ങി നിരവധി ദീർഘകാല ഘടകങ്ങൾ ഈ പ്രവണതകളെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തെ അസാധാരണ മാറ്റങ്ങൾക്ക് ശേഷം, സാവകാശം പലിശനിരക്ക് ഒരു പുതിയ സാധാരണ നിലയിലേക്കെത്തും എന്നാണ് ഇത് വിരൽ ചൂണ്ടുന്നത്. 

20-കളിലും 30-കളിലും 40-കളിലും ആയിരിക്കുമ്പോഴാണ് ആളുകൾ കൂടുതൽ ചെലവഴിക്കുന്നതെന്നും, പ്രായമാകുംതോറും ആളുകളുടെ ഉപഭോഗം മന്ദഗതിയിലാകുന്നു എന്നും പോളാർ ക്യാപിറ്റലിലെ ഫണ്ട് മാനേജർ ജോർജ്ജ് ഗോഡ്ബർ ബിബിസിയുടെ ടുഡേ പ്രോഗ്രാമിൽ പറഞ്ഞു. യുകെയിൽ 20 നും 59 നും ഇടയിൽ പ്രായമുള്ളവരുടെ വിഹിതം കഴിഞ്ഞ ദശകത്തിൽ 65 ശതമാനത്തിൽ താഴെയായി കുറഞ്ഞുവെന്നും വരും വർഷങ്ങളിൽ ഇത് ഇനിയും കുറയുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ജനനനിരക്കിലെ കുറവും കൂടുതൽ കാലം ജീവിക്കുന്നവരുടെ എണ്ണം കൂടിയതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, ഉൽപ്പാദനക്ഷമതയിലെ വളർച്ച കുത്തനെ ഇടിഞ്ഞതും മാന്ദ്യത്തിന്റെ പ്രധാന കാരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോവിഡ് പാൻഡെമിക്കിന് തൊട്ടുമുമ്പ്, യുകെയുടെ പലിശ നിരക്ക് 0.75% ആയിരുന്നു. രാജ്യം ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചപ്പോൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2020 മാർച്ചിൽ രണ്ട് തവണ അത് 0.1% ആയി കുറച്ചു. എന്നാൽ, കഴിഞ്ഞ രണ്ട് വർഷങ്ങളായി പണപ്പെരുപ്പ നിരക്ക് ക്രമാനുഗതമായി ഉയർന്ന് ഫെബ്രുവരിയിൽ 10.4%-ൽ എത്തി. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2% ലക്ഷ്യത്തേക്കാൾ അഞ്ചിരട്ടിയിൽ കൂടുതലാണ്. എന്നിരുന്നാലും എനർജി പ്രൈസ് ഗ്യാരന്റി പദ്ധതിയിലൂടെ എനർജി ബില്ലുകളിൽ ഗവൺമെൻ്റ് തുടരുന്ന സഹായവും ഹോൾസെയിൽ ഗ്യാസ് വില കുറയുന്നതും വരും വർഷങ്ങളിൽ പണപ്പെരുപ്പം കുത്തനെ കുറയ്ക്കുമെന്നാണ് പ്രതീക്ഷ എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു.

Other News