Monday, 23 December 2024

വിലക്കയറ്റത്തെ തുടർന്ന് ഉപഭോക്താക്കൾ ഫ്രഷ് ഫുഡിൽ നിന്ന് ഫ്രോസൺ ഫുഡിലേക്ക്

യുകെയിൽ ഗ്രോസറി സാധനങ്ങളുടെ വിലക്കയറ്റത്തെ തുടർന്ന് ഉപഭോക്താക്കൾ കൂടുതലും ഫ്രഷിൽ നിന്ന് ഫ്രോസൺ ഫുഡിലേക്കു മാറുകയാണെന്ന് റീടെയിലേഴ്‌സ് പറഞ്ഞു. ഫ്രഷ് ഫുഡിനെ അപേക്ഷിച്ച് ശീതീകരിച്ച ഭക്ഷണ സാധനങ്ങൾക്ക് സൂപ്പർമാർക്കറ്റുകളിൽ ഇപ്പോൾ ഡിമാൻഡ് കൂടുതലുണ്ടെന്ന്, ഗവേഷണ സ്ഥാപനമായ കാന്താറിൽ നിന്നുള്ള ഡാറ്റയും സൂചിപ്പിക്കുന്നു. ശീതീകരിച്ച ഭക്ഷണമാണ് വാങ്ങുന്നതെന്നും, ഫ്രഷ് വാങ്ങാൻ നിലവിൽ കഴിയില്ലെന്നും ഉപഭോക്താക്കളിൽ പലരും അഭിപ്രായപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഫ്രോസൺ ചിക്കൻ, റെഡി മീൽസ്, പിസ്സ, ചിപ്സ് എന്നിവയാണ് ഏറ്റവും ജനപ്രിയമായ ഇനങ്ങൾ.

ജീവിതച്ചെലവ് വർധിക്കുന്നതിനനുസരിച്ച് ഉപഭോക്താക്കൾ ചെലവ് കുറയ്ക്കാൻ സമാനമായ മാറ്റങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യവും പറഞ്ഞു. ഫ്രോസൺ ഫുഡ് ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൂപ്പർമാർക്കറ്റുകളായ വെയ്‌ട്രോസ്, എം ആൻഡ് എസ്, ഐസ്‌ലാൻഡ്, ടെസ്കോ തുടങ്ങിയവ അഭിപ്രായപ്പെട്ടു.

ഫ്രോസൺ ഫുഡിന് താരതമ്യേന വിലകുറവുണ്ട്, ഉപയോഗപ്രദമല്ലാത്തത് അധികമുണ്ടാവുകയുമില്ല. അതുകൊണ്ടാണ് ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ   ഫ്രോസൺ ഫുഡിന് ഡിമാൻഡ് കൂടിയതെന്ന്  റീട്ടെയിൽ അനലിസ്റ്റ് ഗെഡ് ഫട്ടർ പറഞ്ഞു. ഫ്രോസൺ ഫുഡിന് സൂപ്പർമാർക്കറ്റുകളിൽ മികച്ച ഓഫറുകൾ വരുന്നതും ആളുകളെ കൂടുതലായി ആകർഷിക്കുന്ന ഒരു ഘടകമാണ്. തയ്യാറായ നിമിഷം തന്നെ ഫ്രീസ് ചെയ്യപ്പെടുന്നതിനാൽ, ശീതീകരിച്ച ഭക്ഷണത്തിൻ്റെ ഗുണനിലവാരം യഥാർത്ഥത്തിൽ ഉയർന്നതാണെന്നും ഫട്ടർ പറഞ്ഞു. സൂപ്പർമാർക്കറ്റുകളിലെ ഫ്രഷ് ഫുഡിനെ അപേക്ഷിച്ച് ഫ്രോസൺ ഫുഡ് മികച്ചതാണെന്ന്, കാന്താർ യുകെയിലെ റീട്ടെയിൽ ആൻഡ് കൺസ്യൂമർ ഇൻസൈറ്റ് മേധാവി ഫ്രേസർ മക്കെവിറ്റും അഭിപ്രായപ്പെട്ടു.

കാന്തറിന്റെ ഡാറ്റയനുസരിച്ച്, ഫ്രോസൺ ചിക്കൻ പോലുള്ള ഇനങ്ങൾക്ക് ഡിമാൻഡ് ശക്തമാണ്, സെയിൽസിൽ 5.9% വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, റെഡി മീൽസ്, പിസ്സ, ചിപ്‌സ് എന്നിവയുൾപ്പെടെയുള്ള ഫ്രോസൺ ഭക്ഷണങ്ങളുടെ ഡിമാൻഡ് 2.6% ഉയർന്നു. മാർച്ച് പകുതി വരെയുള്ള 12 ആഴ്ചകളിൽ, മൊത്തത്തിലുള്ള പലചരക്ക് സാധനങ്ങളുടെ വിൽപ്പന 4% കുറഞ്ഞു. അതേസമയം ഫ്രോസൺ സാധനങ്ങളുടെ വിൽപ്പന മാറ്റമില്ലാതെ തുടരുന്നതായും ഡാറ്റ സൂചിപ്പിക്കുന്നു. കൂടുതൽ ഉപഭോക്താക്കളും ഫ്രോസൺ വെജിറ്റബിൾസും ഹെർബ്സുമാണ് തിരഞ്ഞെടുക്കുന്നതെന്ന് സൂപ്പർമാർക്കറ്റ് ശ്രംഖലയായ എം ആൻഡ് എസും വെളിപ്പെടുത്തി. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം പറയുന്നതനുസരിച്ച് ഫെബ്രുവരിയിലെ 16.3 ശതമാനത്തിൽ നിന്ന് ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം മാർച്ചിൽ 17% ആയി ഉയർന്നു. 2005 മുതൽ റെക്കോർഡ് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റുകളിൽ പലതിലും അടുത്തിടെ ചില സാലഡ് ഇനങ്ങളുടെയും പച്ചക്കറികളുടെയും കുറവ് അനുഭവപ്പെട്ടത് വില വീണ്ടും ഉയരാൻ കാരണമായി.

ഫ്രോസൺ ഫുഡിനോടുള്ള ഭയം ആളുകളിൽ കുറഞ്ഞു വരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആളുകൾ കശുവണ്ടി മുതൽ മുട്ട വരെ ഫ്രീസ് ചെയ്യുന്നു. പാചകത്തിന് റെഡ് വൈനും ഫ്രീസ് ചെയ്ത് ഉപയോഗിച്ച് തുടങ്ങി. മിച്ചം വരുന്ന ഭക്ഷണ സാധനങ്ങൾ ഫ്രീസ് ചെയ്ത് ഉപയോഗിക്കാൻ ആളുകൾ ശീലിച്ചു വരുന്നതും, ഭക്ഷണ പാഴാക്കുന്നത് വളരെ കുറഞ്ഞതും പുതിയ നല്ല മാറ്റങ്ങളായും വിലയിരുത്തുന്നു.
 

Other News