യുകെയിലെ വൻകമ്പനികൾ ഭാവിയെക്കുറിച്ച് കൂടുതൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നതായി ഡിലോയിറ്റ് സർവേ
യുകെയിലെ ഏറ്റവും വലിയ കമ്പനികളിലെ ഫിനാൻസ് മേധാവികൾക്കിടയിൽ ഭാവിയെ കുറിച്ചുള്ള ആത്മവിശ്വാസം 2020 ശേഷം ആദ്യമായി മെച്ചപ്പെട്ടതായി കണ്ടെത്തി. എനർജി പ്രൈസിനെ കുറിച്ചും ബ്രെക്‌സിറ്റ് പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾക്ക് അയവ് വന്നതോടെ ഭാവി പ്രതീക്ഷകൾ വീണ്ടും ഉയർന്നതായി ചീഫ് ഫിനാൻഷ്യൽ ഓഫീസർമാരുടെ ഡിലോയിറ്റ് സർവേ രേഖപ്പെടുത്തി. യുഎസിലെ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്കും ക്രെഡിറ്റ് സ്യൂസിനെ യുബിഎസുമായി നിർബന്ധിതമായി ലയിപ്പിച്ചതിനും ശേഷമായിരുന്നു മാർച്ച് 21 മുതൽ ഏപ്രിൽ 3 വരെ സർവേ നടത്തിയത്. കൂടുതലായി 25% ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ ഭാവി മെച്ചമായെന്ന് കരുതുന്നു. മൂന്ന് മാസം മുമ്പ് 17% ഓഫീസർമാർ കൂടി ഭാവി മോശമായതായാണ് വിലയിരുത്തിയിരുന്നത്.
ഒരേസമയം നിരവധി മേഖലകളിലെ മെച്ചപ്പെടുത്തലുകളാണ് തിരിച്ചുവരവിന് കാരണമായതെന്ന് ഡിലോയിറ്റിലെ ചീഫ് ഇക്കണോമിസ്റ്റ് ഇയാൻ സ്റ്റുവാർട്ട് പറഞ്ഞു. വർഷാരംഭം മുതൽ, ഊർജ്ജ വിലയിലുണ്ടായ കുറവ്, ഉയർന്ന പണപ്പെരുപ്പം, വിൻഡ്‌സർ ചട്ടക്കൂടിന് ശേഷം യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം മെച്ചപ്പെട്ടത്, കഴിഞ്ഞ വർഷത്തെ പ്രക്ഷുബ്ധതയ്ക്ക് ശേഷമുള്ള താരതമ്യേന മെച്ചമായ രാഷ്ട്രീയ ശാന്തത ഇതൊക്കെ അനുകൂലഘടകങ്ങളായി കരുതപ്പെടുന്നു. സർവേയിൽ പങ്കെടുത്ത യുകെ ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ പ്രധാനമായും വൻകിട കമ്പനികളിൽ നിന്നുള്ളവരും, ആഗോള പ്രവർത്തനങ്ങളുടെ ഭാഗമായി നിൽക്കുന്നവരുമാണ്. കൂടാതെ അവരുടെ അനുഭവവും പാപ്പരത്തത്തിൽനിന്ന് കുത്തനെ ഉയർന്നു വരുന്ന ചെറിയ കമ്പനികളും തമ്മിൽ അന്തരമുണ്ടെന്നും സ്റ്റുവർട്ട് സമ്മതിച്ചു.
ചെലവ് ചുരുക്കലും ക്യാഷ് റിസർവ് വർദ്ധിപ്പിക്കലുമാണ് മുൻഗണനകൾ എന്ന് കമ്പനികൾ അഭിപ്രായപ്പെട്ടു. ഭാവിയിലെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനായി ബിസിനസ്സുകളിൽ നിക്ഷേപിക്കാനുള്ള താൽപ്പര്യം കമ്പനികൾക്ക് പൊതുവേ കുറവായാണ് കണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ നിക്ഷേപമാണ് അതിനൊരു അപവാദം. ചീഫ് ഫിനാൻഷ്യൽ ഓഫീസർമാരിൽ ഭൂരിഭാഗവും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ AI-യുടെ ചെലവിൽ ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നതായി ഡെലോയിറ്റ് കണ്ടെത്തി.
ഉയർന്ന ഗ്യാസ് വില, വർദ്ധിച്ചുവരുന്ന പലിശ നിരക്ക്, വ്യാപാര മേഖലയിലെ തകർച്ച എന്നിവ കാരണം യുകെ സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദ്ദത്തിലാണ്. ബിസിനസ് നിക്ഷേപവും കുറഞ്ഞതായാണ് റിപ്പോർട്ടുകൾ ചൂണ്ടി കാട്ടുന്നത്. ഈ വർഷം ലോകത്തിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായിരിക്കും ബ്രിട്ടൺ എന്ന് കഴിഞ്ഞ ആഴ്ച ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് അഭിപ്രായപ്പെട്ടു. ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങുമെന്നും സൂചിപ്പിക്കുകയുണ്ടായി.
യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതീക്ഷകളെ മറികടക്കാൻ കഴിഞ്ഞു എന്നത് ബിസിനസ്സിലും ഉപഭോക്തൃ ആത്മവിശ്വാസത്തിലും ഒരു പുനരുജ്ജീവനത്തിന് സഹായകമാകും എന്ന് യുകെയുടെ സാമ്പത്തിക അവലോകനം നടത്തുന്ന EY യുടെ യുകെ ചെയർ ആയ ഹൈവൽ ബോൾ പറഞ്ഞു. വെല്ലുവിളികൾ “ഒറ്റരാത്രികൊണ്ട് നീങ്ങിയിട്ടില്ല” എന്നും ഹൈവൽ കൂട്ടിച്ചേർത്തു.