ഡിപ്പോസിറ്റ് ഫ്രീ മോർട്ട്ഗേജുമായി സ്കിപ്റ്റൺ ബിൽഡിംഗ് സൊസൈറ്റി. ലക്ഷ്യമിടുന്നത് നിലവിൽ വാടകയ്ക്ക് താമസിക്കുന്നവരെ

നിലവിൽ വാടകയ്ക്ക് താമസിക്കുന്നവരെ  പ്രത്യേകമായി ലക്ഷ്യമിട്ട് യുകെയിലെ സ്കിപ്റ്റൺ ബിൽഡിംഗ് സൊസൈറ്റി ഒരു ഡെപ്പോസിറ്റ് രഹിത മോർട്ട്‌ഗേജ് ആരംഭിച്ചു. മറ്റ് ചില ഡെപ്പോസിറ്റ് ഡീലുകൾ ലഭ്യമാണെങ്കിലും, അവയ്‌ക്കെല്ലാം കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സാമ്പത്തിക പിന്തുണ ആവശ്യമാണ്. 12 മാസത്തെ ഓൺ-ടൈം റെന്റൽ പേയ്‌മെന്റുകളും മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയും പുതിയ ഡീലിന് ആവശ്യമാണെങ്കിലും അതിന് ഒരു ഗ്യാരന്ററുടെ ആവശ്യമില്ലെന്ന് സ്‌കിപ്റ്റൺ ബിൽഡിംഗ് സൊസൈറ്റി പറയുന്നു. എന്നിരുന്നാലും, 5.49% പലിശ നിരക്ക് ശരാശരി അഞ്ച് വർഷത്തെ 5% ഫിക്സ് നിരക്കിനേക്കാൾ ചെലവേറിയതാണ്.

ആദ്യമായി വീട് വാങ്ങുന്നവരുടെ ബഡ്ജറ്റിനുള്ളിലുള്ള വസ്തുവകകളുടെ ദൗർലഭ്യമാണ് പ്രോപ്പർട്ടി സ്വന്തമാക്കാൻ ഇപ്പോഴും പ്രധാന തടസ്സമെന്ന് സ്വകാര്യ വാടകക്കാർക്ക് വേണ്ടി പ്രചാരണം നടത്തുന്ന ജനറേഷൻ റെന്റ് പറഞ്ഞു. പ്രോപ്പർട്ടി മാർക്കറ്റിൽ ലഭ്യമായ വീടുകളുടെ എണ്ണം കുറയുന്നത്, ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകളെയും പ്രതികൂലമായി ബാധിക്കും എന്ന് ജനറേഷൻ റെന്റിൽ നിന്നുള്ള വിൽ ബാർബർ ടെയ്‌ലറും പറഞ്ഞു. നിലവിൽ വിപണിയിൽ മറ്റ് 15 സീറോ-ഡെപ്പോസിറ്റ് ഉൽപ്പന്നങ്ങൾ കൂടിയുണ്ട്. സാമ്പത്തിക ഡാറ്റാ സ്ഥാപനമായ മണിഫാക്‌സ് നല്കുന്ന വിവരം അനുസരിച്ച്, ഇത് യുകെ വിപണിയുടെ 0.3% മാത്രമാണ്. ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്നവർ നേരിടുന്നത് വലിയ മാർക്കറ്റ് ചലഞ്ച് തന്നെയാണ്. വാടക അതിവേഗം കുതിച്ചുയരുന്നത് കാരണം, ഒരു ഡെപ്പോസിറ്റിനായുള്ള തുക സ്വരൂപിക്കുന്നതിന് കൂടുതൽ ബുദ്ധിമുട്ട് അത് സൃഷ്ടിക്കുന്നുണ്ട്. വിപണിയിൽ ഒരു ഗ്യാപ് ഉള്ളതായി തിരിച്ചറിഞ്ഞതായി യുകെയിലെ നാലാമത്തെ വലിയ ബിൽഡിംഗ് സൊസൈറ്റിയായ സ്‌കിപ്റ്റൺ പറഞ്ഞു. കുറഞ്ഞ സമ്പാദ്യവും കുടുംബ സമ്പത്ത് ലഭിക്കാത്തതും കാരണം മിക്ക വാടകക്കാർക്കും സ്വന്തമായി ഒരു പ്രോപ്പർട്ടി വാങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് സൊസൈറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവായ സ്റ്റുവർട്ട് ഹെയർ  പറഞ്ഞു.

അതേ സമയം ആദ്യമായി വാങ്ങുന്നവരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ഗവൺമെന്റിന്റെ മുൻനിര പദ്ധതിയായ ഹെൽപ്പ് ടു ബൈ സ്കീം ഇതുവരെ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. ഗവൺമെന്റിന്റെ ഹെൽപ്പ് ടു ബൈ സ്കീമനുസരിച്ച്, വീട് വാങ്ങുന്നവർക്ക് പുതുതായി നിർമ്മിച്ച വീടിന്റെ വിലയുടെ 5% മുതൽ 20% വരെയും ലണ്ടനിൽ 40% വരെയും ട്രഷറി വായ്പയായി നൽകിയിരുന്നു. 2022 ഒക്ടോബർ മുതൽ ഈ സ്കീമിൽ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചു. എന്നാൽ സമാനമായ രീതിയിൽ മറ്റൊരു സ്കീം വീണ്ടും അവതരിപ്പിക്കാൻ  സാധ്യതയുള്ളതായി സൂചനകളുണ്ട്. എന്നാൽ സീറോ ഡെപ്പോസിറ്റ് മോർട്ട്ഗേജുകളുടെ വർദ്ധനവ് എല്ലാവരും സ്വാഗതം ചെയ്തേക്കില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂല്യം തട്ടിച്ചു നോക്കുമ്പോൾ ഉയർന്ന ലോണുള്ള മോർട്ട്ഗേജുകൾക്ക് അപകടസാധ്യത കൂടുതലാണ്. 2008 ലെ സാമ്പത്തിക തകർച്ചയുടെ മൂലകാരണമായതും ഇത് തന്നെയാണ്.  100% ലോൺ വാല്യു മോർട്ട്ഗേജുകൾ വളരെ വിവേകപൂർവ്വം ഫിനാൻഷ്യൽ രേഖകൾ പരിശോധിച്ച് വിശ്വാസ്യത ഉറപ്പ് വരുത്തുന്നുണ്ട്. 

Other News