Monday, 23 December 2024

ഹോസ്പിറ്റൽ സേവനങ്ങളുടെയും പരിചരണങ്ങളുടെയും നിലവാര തകർച്ച കാരണം നിരവധി കുഞ്ഞുങ്ങൾ പ്രസവത്തോടനുബന്ധിച്ച് യുകെയിൽ മരിക്കുന്നുണ്ടെന്ന് റിപ്പോർട്ട്

യുകെയിൽ ഓരോ വർഷവും 5,000-ത്തിലധികം കുഞ്ഞുങ്ങൾ പ്രസവത്തോടനുബന്ധിച്ചോ ജനിച്ച് നാലാഴ്‌ചയ്‌ക്കുള്ളിലോ മരിക്കുന്നതായി ബേബി ലോസ് ചാരിറ്റികളായ സാൻഡ്‌സ് ആൻഡ് ടോമീസ് റിപ്പോർട്ട് ചെയ്തു. പ്രസവ സേവനങ്ങളുടെ നിലവാര തകർച്ച, ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പരാജയങ്ങൾ, നിരന്തരമായ സാമൂഹികവും വംശീയവുമായ അസമത്വങ്ങൾ എന്നിവ കാരണം, ഒഴിവാക്കാൻ കഴിയുന്ന നിരവധി നവജാത ശിശുക്കളുടെ മരണങ്ങൾ നടക്കുന്നതായാണ് ചാരിറ്റികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2021/22-ൽ പ്രസവത്തോടനുബന്ധിച്ച് മരിച്ച അഞ്ചിലൊന്ന് കുഞ്ഞുങ്ങളുടെയും മരണങ്ങൾ മെച്ചപ്പെട്ട പരിചരണം നൽകിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു എന്ന് ഒരു റിപ്പോർട്ട് പറയുന്നു. 

എന്നാൽ, 2010 മുതൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും, മരണസംഖ്യ 6,500- നോട് അടുത്തിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. മാസം തികയാതെയുള്ള ജനന നിരക്ക് കുറയ്ക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല, 2010 മുതൽ ഇത് 7% ഉം 8% ഉം ആണ്. മാസം തികയാതെയുള്ള ജനനങ്ങൾ വളരെ അപകടകരമായ ഘടകമാണ്. 2020-ൽ, നവജാതശിശു മരണങ്ങളിൽ മുക്കാൽ ഭാഗവും മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്കിടയിലാണ്. ഗർഭകാലത്തോ അല്ലെങ്കിൽ ജനിച്ച് ഉടൻ തന്നെയോ ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്നത് അംഗീകരിക്കനാവുന്ന കാര്യമല്ലെന്നും, ദേശീയമായി അംഗീകരിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായ പരിചരണം ലഭ്യമല്ലാത്തതാണ് പലപ്പോഴും നവജാതശിശുക്കളുടെ മരണങ്ങൾക്ക് കാരണമാകുന്നതെന്നും സാൻഡ്‌സ് ആൻഡ് ടോമിയുടെ ജോയിന്റ് പോളിസി യൂണിറ്റിന്റെ തലവൻ റോബർട്ട് വിൽസൺ പറഞ്ഞു.

ഹെൽത്ത് കെയർ ജീവനക്കാരുടെ കുറവും സുരക്ഷിതമായ പരിചരണം ലഭ്യമാക്കാനുള്ള എൻഎച്ച്എസിൻ്റെ കഴിവിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ, 2025-ഓടെ ശിശുമരണങ്ങളുടെ എണ്ണം 2010-നെ അപേക്ഷിച്ച് പകുതിയായി കുറയ്ക്കുക എന്നതാണ് ഗവൺമെൻ്റിൻ്റെ ലക്ഷ്യം. എന്നാൽ അത് നേടുന്നതിന് കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ചാരിറ്റികൾ പറഞ്ഞു. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ സമാനമായ ലക്ഷ്യങ്ങളുടെ അഭാവവും ആശങ്ക വർദ്ധിപ്പിക്കുന്നു. 38% മെറ്റേണിറ്റി യൂണിറ്റുകൾ അപര്യാപ്തമാണെന്നും ഗുണനിലവാരം മെച്ചപ്പെടുത്തണം എന്നും റെഗുലേറ്ററായ കെയർ ക്വാളിറ്റി കമ്മീഷൻ കഴിഞ്ഞ വർഷം ആവശ്യപ്പെട്ടതായും സാൻഡ്സ് ആൻഡ് ടോമിയുടെ റിപ്പോർട്ട് പറയുന്നു. വെളുപ്പ് നിറമുള്ള കുഞ്ഞുങ്ങളെ അപേക്ഷിച്ച്,  കറുപ്പ് നിറമുള്ള ബ്രിട്ടീഷ് കുഞ്ഞുങ്ങൾ അവരുടെ ആദ്യത്തെ നാല് ആഴ്ചകൾക്കുള്ളിൽ മരിക്കാനുള്ള സാധ്യത ഏകദേശം ഇരട്ടിയാണ്, ഈ കണക്ക് നവജാത ശിശുക്കളുടെ മരണ നിരക്കിൽ തുടർച്ചയായി കണ്ടുവരുന്ന അസമത്വം വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ, ജീവനില്ലാതെ പിറക്കുന്ന ശിശുക്കളുടെ നിരക്ക്, ഏറ്റവും വികസിതമായ പ്രദേശങ്ങളെ അപേക്ഷിച്ച് ഏകദേശം രണ്ട് മടങ്ങ് കൂടുതലാണ്. 2010 മുതലാണ് ഈ വ്യത്യാസം വർദ്ധിച്ചത്.

എൻഎച്ച്എസ് മെറ്റേണിറ്റി സ്റ്റാഫിനെ വളർത്തുന്നതിനും പിന്തുണയ്ക്കുന്നതിനും നവജാത ശിശു സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും പ്രതിവർഷം 165 മില്യൺ ഡോളർ നിക്ഷേപിക്കുന്നതായി ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു. മെറ്റേണിറ്റി, നവജാത ശിശുക്കളുടെ സേവനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കായി പുതിയതായി ഒരു പ്രധാന പാഠ്യപദ്ധതി വികസിപ്പിക്കുന്നുണ്ടെന്നും, അടുത്ത മാർച്ചോടെ ഇംഗ്ലണ്ടിലുടനീളം 33 മറ്റേണൽ മെൻ്റൽ ഹെൽത്ത് സർവീസുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രസവത്തോടനുബന്ധിച്ചുള്ള അമ്മമാരുടെയും നവജാതശിശുക്കളുടെയും മരണങ്ങൾ കുറയ്ക്കുന്നതോടൊപ്പം, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഗ്യാപ് പരിഹരിക്കുന്നതിനായി ഒരു മെറ്റേണിറ്റി ഡിസ്പാരിറ്റീസ് ടാസ്‌ക്‌ഫോഴ്‌സും സ്ഥാപിച്ചിട്ടുള്ളതായും അറിയിച്ചു.

Other News