Monday, 23 December 2024

ഇംഗ്ലണ്ടിൽ 7.68 ദശലക്ഷം ആളുകൾ റൂട്ടീൻ ട്രീറ്റ്മെൻ്റിനായുള്ള കാത്തിരിപ്പ് തുടരുന്നു

ഇംഗ്ലണ്ടിൽ 7.68 ദശലക്ഷം ആളുകൾ റൂട്ടീൻ ട്രീറ്റ്മെൻ്റ് ആരംഭിക്കാനുള്ള കാത്തിരിപ്പിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂണിലെ 7.57 മില്യണിൽ നിന്നും ജൂലൈയിലെ കണക്ക് ഉയർന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് വെളിപ്പെടുത്തി. 2007 മുതൽ റെക്കോർഡ് ചെയ്യപ്പെട്ടതിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. റിപ്പോർട്ടനുസരിച്ച്, ഏകദേശം ഏഴിൽ ഒരാൾ ചികിത്സയ്ക്കായുള്ള കാത്തിരിപ്പിലാണ്. എൻഎച്ച്എസ് ഇംഗ്ലണ്ടിൽ നിന്നുള്ള കണക്കുകൾ മൊത്തത്തിലുള്ള ലിസ്റ്റിലെ വളർച്ച കാണിക്കുന്നു. കൂടാതെ, മുൻ മാസത്തെ അപേക്ഷിച്ച് കൂടുതൽ ആളുകൾ ഒരു വർഷമോ അതിൽ കൂടുതലോ നീണ്ട കാത്തിരിപ്പ് നേരിടുകയും ചെയ്യുന്നു. ചികിത്സയ്‌ക്കായുള്ള വെയ്റ്റിംഗ് ലിസ്റ്റ് കഴിഞ്ഞ ദശകത്തിൽ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2014-ൽ 3 ദശലക്ഷവും 2017-ൽ 4 ദശലക്ഷവും 2021-ൽ 5 ദശലക്ഷവും 2022-ൽ 7 ദശലക്ഷവും കടന്നു. 2020 ഫെബ്രുവരിയിൽ, കോവിഡ് പാൻഡെമിക് ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന മാസം, വെയ്റ്റിംഗ് ലിസ്റ്റ് 4.57 ദശലക്ഷമായിരുന്നു. അതിനുശേഷം, ലിസ്റ്റ് 3 ദശലക്ഷത്തിലധികം വർദ്ധിച്ചു, ഈ വർഷം ജൂലൈ വരെയുള്ള സംഖ്യ 7.68 ദശലക്ഷമായതായാണ്, എൻഎച്ച്എസ് ഇംഗ്ലണ്ട് ഇപ്പോൾ പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ജൂണിലെ 7.57 ദശലക്ഷത്തിൽ നിന്ന് ഉയർന്നു. 2007 ഓഗസ്റ്റിൽ റെക്കോർഡുകൾ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്.

പ്രധാനമന്ത്രി റിഷി സുനക്, 2023 ലെ വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടിക്കുറയ്ക്കുന്നത് തന്റെ മുൻഗണനകളിലൊന്നാക്കി, ജനുവരിയിൽ, ലിസ്റ്റുകളിൽ വലിയ തോതിൽ കുറവുണ്ടാകും, ആളുകൾക്ക് ആവശ്യമായ പരിചരണം കൂടുതൽ വേഗത്തിൽ ലഭ്യമാക്കും എന്ന് പ്രതിജ്ഞയെടുത്തിരുന്നു. പുതിയ ഡാറ്റ കാണിക്കുന്നത് ഇംഗ്ലണ്ടിലെ 389,952 ആളുകൾ ജൂലായ് അവസാനത്തോടെ പതിവ് ആശുപത്രി ചികിത്സ ആരംഭിക്കാൻ 52 ആഴ്ചയിലേറെയായി കാത്തിരിക്കുകയായിരുന്നു, ജൂൺ അവസാനത്തിൽ ഈ സംഖ്യ 383,083 ആയിരുന്നു. ഇംഗ്ലണ്ടിൽ 7,289 പേർ ജൂലായ് അവസാനത്തോടെ 18 മാസത്തിലേറെയായി സാധാരണ ആശുപത്രി ചികിത്സ ആരംഭിക്കാൻ കാത്തിരിക്കുകയായിരുന്നു, ജൂൺ അവസാനത്തോടെ ഇത് 7,177 ആയി ഉയർന്നു.

ക്യാൻസറിന്റെ കാര്യത്തിൽ, ചിത്രം സമ്മിശ്രമാണ്, ജിപിമാർ നടത്തിയ അടിയന്തര ക്യാൻസർ റഫറലുകളുടെ എണ്ണം ജൂലൈയിൽ 263,696 ആയി ഉയർന്നു, ജൂണിൽ 261,006 ൽ നിന്ന് 1% വർധനയും, എന്നാൽ 2022 ജൂലൈയിലെ 239,739 ൽ നിന്ന് ഈ വർഷം 10% വർധനവുമാണ് ഉണ്ടായിരിക്കുന്നത്. ജിപി അടിയന്തരമായി റഫർ ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു സ്പെഷ്യലിസ്റ്റിനെ കണ്ട ക്യാൻസർ രോഗികളുടെ അനുപാതം ജൂണിൽ 80.5% ആയിരുന്നത് ജൂലൈയിൽ 77.5% ആയി കുറഞ്ഞു, ഇത് 93% എന്ന ലക്ഷ്യത്തേക്കാൾ വളരെ താഴെയാണ്. ക്യാൻസർ ഉണ്ടെന്ന് സംശയിക്കുന്നതിനുള്ള അടിയന്തിര ജിപി റഫറൽ കഴിഞ്ഞ് 62 ദിവസത്തിൽ കൂടുതൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതായി ഡാറ്റ വ്യക്തമാക്കുന്നു. അടിയന്തര ജിപി റഫറലിന് ശേഷം ആദ്യ ചികിത്സയ്ക്കായി രണ്ട് മാസത്തിൽ താഴെ കാത്തിരുന്ന ക്യാൻസർ രോഗികളുടെ അനുപാതം ജൂണിൽ 59.2% ആയിരുന്നത് ജൂലൈയിൽ 62.6% ആയിരുന്നു. ലക്ഷ്യം 85% ആണ്.

ഒക്ടോബറിലെ പ്രകടന നിലവാരം കാര്യക്ഷമമാക്കിയതിന് ശേഷം ഇത് ക്യാൻസറിന് എതിരായ പ്രധാന നടപടികളിൽ ഒന്നായി തുടരും. അതിനിടെ, സംശയാസ്പദമായ ക്യാൻസർ അടിയന്തിരമായി റഫർ ചെയ്യപ്പെട്ട 74.1% രോഗികളും 28 ദിവസത്തിനുള്ളിൽ രോഗനിർണയം നടത്തുകയോ ക്യാൻസർ ഇല്ലെന്ന് സ്ഥിരീകരിക്കുകയോ ചെയ്തു, ഇത് മുൻ മാസത്തെ 73.5% ൽ നിന്ന് വർധിച്ചു. ലക്ഷ്യം 75% ആണ്, ഇത് ഒക്ടോബറിനു ശേഷമുള്ള പ്രകടന മാനദണ്ഡങ്ങളിൽ ഒന്നായി തുടരും.

എ & ഇ ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങളിൽ എത്രത്തോളം രോഗികൾ പരിചരണത്തിനായി കാത്തിരിക്കുന്നു എന്നതിൽ യഥാർത്ഥ പ്രശ്‌നങ്ങൾ തുടരുന്നു, അവിടെ 73% രോഗികൾക്ക് നാല് മണിക്കൂറിനുള്ളിൽ  കൺസൾട്ടേഷൻ ലഭിക്കുന്നു. ഇത് സർക്കാരിന്റെ 76% വീണ്ടെടുക്കൽ ലക്ഷ്യത്തേക്കാൾ താഴെയും രോഗികൾക്ക് അർഹതപ്പെട്ട എൻഎച്ച്എസ് സ്റ്റാൻഡേർഡായ 95% ന് വളരെ താഴെയുമാണ്. അടുത്ത ആഴ്‌ചയിലെ ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും സംയോജിച്ചുള്ള പണിമുടക്ക് ഉൾപ്പെടെയുള്ള ഇൻഡസ്ട്രിയിൽ ആക്ഷൻ, ഈ ബാക്ക്‌ലോഗ് മായ്‌ക്കാനുള്ള എൻഎച്ച്എസിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തും. ആക്സിഡൻ്റ് & എമർജൻസി കെയർ എക്കാലത്തെയും തിരക്കേറിയ വേനൽക്കാലത്തെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ആംബുലൻസ് റെസ്പോൺസ് ടൈം തുടർച്ചയായി മൂന്നാം മാസവും മെച്ചപ്പെട്ടതായാണ് ഡാറ്റ കാണിക്കുന്നതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ആക്സിഡൻ്റ് & എമർജൻസി കെയറിൽ 6.5 മില്ല്യണിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് 2019 ലെ മുൻ റെക്കോർഡിനേക്കാൾ 20,000-ത്തിലധികം കൂടുതലാണ്. ആസൂത്രിത പരിചരണത്തിനായുള്ള ശരാശരി കാത്തിരിപ്പിന്റെ പുരോഗതിയും ഇത് ചൂണ്ടിക്കാട്ടി. രോഗികൾ ചികിത്സയ്ക്കായി വളരെക്കാലം കാത്തിരിക്കേണ്ടി വരുന്നത് സ്വാഗതാർഹമല്ലെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എൻഎച്ച്എസ് നേരിടുന്ന പ്രശ്നങ്ങളിൽ റിഷി സുനക് നിഷ്‌ക്രിയനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോക്ടർമാരെ കണ്ട് എൻഎച്ച്എസ് സ്ട്രൈക്കുകൾ അവസാനിപ്പിക്കാൻ വിസമ്മതിക്കുന്നതു വഴി കൺസർവേറ്റീവുകൾ എൻഎച്ച്എസ് ബാക്ക്‌ലോഗ് വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിരവധി രോഗികളാണ് മാസങ്ങളോളം വേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും സഹിച്ച് ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
 

Other News