Monday, 23 December 2024

ഒരുമയോടെ ഓണമാഘോഷിച്ച് നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹം... അത്തപ്പൂക്കളവും തിരുവാതിരയും സംഗീതവും നൃത്തവും ചിത്രപ്രദർശനവും കുളിർമഴയായി... ആവേശമായി  വടംവലിയും...

നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹം വിപുലമായ പരിപാടികളോടെ ഓണം 2023 കെങ്കേമമായി ആഘോഷിച്ചു. കുട്ടികളും മുതിർന്നവരും കൈകോർത്തപ്പോൾ സമത്വസുന്ദരമായ ഓണത്തിൻ്റെ യഥാർത്ഥ സന്ദേശം ഇവൻറിൽ അലയടിച്ചു. ചിട്ടയായ പ്രാക്ടീസോടെ ഒരുക്കിയ വിവിധ പെർഫോർമൻസുകൾ സ്റ്റേജിലെത്തിയത് നയനാനന്ദകരമായ അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയർ (ഐ.സി.എ.എൻ.എൽ) ആതിഥ്യമരുളിയ ഓണാഘോഷം സ്കൻതോർപ്പിലെ ന്യൂലൈഫ് ചർച്ച് ഹാളിൽ സെപ്റ്റംബർ 2 ശനിയാഴ്ചയാണ് നടന്നത്. രാവിലെ 10.30 ന് ആരംഭിച്ച ആഘോഷം വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു. ടൈം ഷെഡ്യൂൾ കൃത്യമായി പാലിച്ചുകൊണ്ട് നടന്ന പ്രോഗ്രാം ഏവരുടെയും പ്രശംസ നേടി.

ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ വിവിധ പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നവർ നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. നബീൽ, സുരാജ്, ബ്ളെസൻ, ശ്രീലക്ഷ്മി, ദീപ, ശ്രേയ, ഷൈനി, സുമി, സോന എന്നിവർ ചേർന്ന് ഓണപ്പാട്ടുകൾ ആലപിച്ചു. തുടർന്ന് ഗബ്രിയേല ബിനോയിയും ഈവാ മരിയ കുര്യാക്കോസും ഭരതനാട്യം അവതരിപ്പിച്ചു. ജെസയും ജിയയും നൃത്തച്ചുവടുകളുമായി എത്തിയ ഇവൻറിൽ, ലൂയിസും സമ്മറും ചേർന്ന് സ്റ്റേജിലെത്തിച്ച ഗിറ്റാർ പ്ളേയും ഇംഗ്ലീഷ് മ്യൂസിക്കും പുത്തൻ അനുഭവമായി.

കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങിയ മലയാളി മങ്കമാർ നിലവിളക്കിനെ സാക്ഷിയാക്കി തിരുവാതിരയിൽ അതിമനോഹരമായി ചുവടു വച്ചു. അക്ഷയ, സനിക, ഹർഷ, ബോണി, ഡോയൽ, സുമി, സോന, ലിയ, ദീപ, ലിസ, ശ്രേയ, ഗാബി എന്നിവരാണ് തിരുവാതിരയിൽ പങ്കെടുത്തത്. നബീലും ഡോ. ശശികുമാറും ഗാനങ്ങളാലപിച്ചു. സനിക, അക്ഷയ, ബോണി, ഡോയൽ, ഹർഷ ടീമിൻ്റെ ഫ്യൂഷൻ ഡാൻസ് ഏവരുടെയും കൈയടി നേടി. ഈവ, കരോൾ, ലിയാൻ, ഇഷാൻ, ആൽഡ്രിൻ, സിയോണ, ഇവാനിയ, സൂര്യ, ജിയ, ജെസ, ഗബ്രിയേല എന്നിവർ ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്തു. സ്കൂൾ ഇയർ 8 സ്റ്റുഡൻ്റായ കരോൾ ചിൻസ് ബ്ളെസൻ വരച്ച പെയിൻ്റിംഗുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു.

വന്ദേമാതരത്തോടെ ആരംഭിച്ച ഇവൻ്റ് ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം വിളിച്ചോതുന്നതായിരുന്നു. ഇന്ത്യയുടെ ദേശീയ ഗാനവും വേദിയിൽ മുഴങ്ങി. ഓണസദ്യയ്ക്ക് ശേഷം വിവിധ മത്സരങ്ങൾ നടന്നു. ആവേശകരമായ വടംവലിയിൽ നാലു ടീമുകൾ പങ്കെടുത്തു. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്ത്, ഡാൻസ് ഫേ്ളോറോടെ ഇവൻ്റ് അവസാനിച്ചു. ശ്രീലക്ഷ്മി നേതൃത്വം നല്കിയ കോമ്പയറിംഗ് ടീമിൽ സോന, ഹേയ്സൽ, ലിയ എന്നിവരും പങ്കാളികളായി.

നോർത്ത് ലിങ്കൺ ഷയറിലുള്ള ഇന്ത്യൻ സമൂഹത്തിൽ ഫലപ്രദമായ ഇടപെടലാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടത്തി വരുന്നത്. കുട്ടികൾക്കായി ഡാൻസ് ക്ളാസ്, ഫുട്ബോൾ കോച്ചിംഗ്, മുതിർന്നവർക്ക് യോഗാ സെഷൻസ്, ബാഡ്മിൻ്റൺ കോച്ചിംഗ് എന്നിവ സംഘടന ഒരുക്കുന്നുണ്ട്. ലോക്കൽ കമ്യൂണിറ്റിയ്ക്കായി ഫുഡ് ബാങ്ക് കളക്ഷനും ഐ.സി.എ.എൻ.എൽ സംഘടിപ്പിച്ചിരുന്നു. കൂടാതെ നോർത്ത് ലിങ്കൺഷയറിലേയ്ക്ക് കുടിയേറുന്നവർക്ക് വേണ്ട സപ്പോർട്ടും സംഘടന നൽകി വരുന്നു.

Other News