ഗ്രീൻ പോളിസിയിൽ മാറ്റങ്ങളുമായി റിഷി സുനക് ഗവൺമെൻ്റ്; പെട്രോൾ, ഡീസൽ കാറുകളുടെ നിരോധനം വൈകിപ്പിക്കും

2050 - ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള യുകെ ഗവൺമെൻ്റിൻ്റെ ഗ്രീൻ പോളിസി സമീപനത്തിൽ വലിയ മാറ്റങ്ങളുമായി റിഷി സുനക്. മാറ്റങ്ങളുടെ ഭാഗമായി പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ നിരോധനം റിഷി സുനക് വൈകിപ്പിച്ചു. ഗ്യാസ് ബോയിലറുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ക്യാഷ് ഇൻസെന്റീവുകളുടെ 50% വർദ്ധനയ്‌ക്കൊപ്പം പ്രധാനപ്പെട്ട നിരവധി ഗ്രീൻ പോളിസികളിൽ ഇളവുകളും കാലതാമസവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഗ്രീൻ പോളിസിയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കുടുംബങ്ങൾക്ക് "അസ്വീകാര്യമായ ചിലവുകൾ" ചുമത്താൻ ഗവൺമെൻ്റിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രതിപക്ഷത്തിൽ നിന്നും ചില വ്യവസായ പ്രമുഖരിൽ നിന്നും രൂക്ഷമായ വിമർശനത്തിന് ഇടയാക്കി. കൂടാതെ, സുനക് സ്വന്തം പാർട്ടിയിൽ നിന്നുള്ള വിമർശനങ്ങളും നേരിട്ടു. എന്നാൽ, കാർ ഇൻഡസ്ട്രിയിലെ ചില പ്രമുഖരോടൊപ്പം, പല കൺസർവേറ്റീവ് എംപിമാരും പുതിയ മാറ്റത്തെ അനുകൂലിച്ചു. അടുത്ത വർഷം പ്രതീക്ഷിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുമായി വ്യക്തമായ അതിർവരമ്പുകൾ ഉണ്ടാക്കാൻ സുനക് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റങ്ങൾ എന്നതും പ്രസക്തമാണ്. മാറ്റങ്ങൾ "പ്രായോഗികവും ആനുപാതികവുമാണ്" എന്ന് അവകാശപ്പെട്ടുകൊണ്ടാണ്, മുൻപ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിരവധി പ്രധാനപ്പെട്ട പോളിസികളിൽ സുനക് മാറ്റം വരുത്തുകയോ വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുന്നത്, അവയിൽ പലതും സുനക് ചാൻസലറായി സേവനമനുഷ്ഠിക്കുമ്പോൾ ആരംഭിച്ചതാണ്.

ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള ഒരു പ്രസംഗത്തിൽ, ഗ്രീൻ പോളിസികളിൽ അതിവേഗം മുന്നോട്ടു നീങ്ങുന്നത് "ബ്രിട്ടീഷ് ജനതയിൽ നിന്ന് എതിർപ്പുകൾ ഉണ്ടാകാൻ കാരണമാകുമെന്ന് സുനക് പറഞ്ഞു.

പ്രഖ്യാപിച്ച പ്രധാന മാറ്റങ്ങളിൽ ഇവ ഉൾപ്പെടുന്നു:

• പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനത്തിൽ അഞ്ച് വർഷത്തെ കാലതാമസം, അതായത് എല്ലാ പുതിയ കാറുകളുടെയും "സീറോ എമിഷൻ" എന്ന നിബന്ധന 2035 വരെ പ്രാബല്യത്തിൽ വരില്ല.

• ഓഫ്-ഗ്യാസ്-ഗ്രിഡ് വീടുകൾക്കുള്ള പുതിയ ഫോസിൽ ഇന്ധന ചൂടാക്കൽ നിരോധനത്തിൽ 2035-ലേക്ക് ഒമ്പത് വർഷത്തെ കാലതാമസം

• ഗ്യാസ് ബോയിലറുകൾ മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് ബോയിലർ അപ്‌ഗ്രേഡ് ഗ്രാന്റ് 50% ഉയർത്തി £7,500 ആക്കി.

• 2035-ൽ പുതിയ ഗ്യാസ് ബോയിലറുകൾ വിൽക്കുന്നതിനുള്ള നിരോധനം നിലനിൽക്കുന്നു, എന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഗവൺമെൻ്റ് പുതിയ ഇളവുകൾ കൊണ്ടുവരും.

• 2025 മുതൽ എല്ലാ വാടക വസ്‌തുക്കൾക്കും ഗ്രേഡ് C അല്ലെങ്കിൽ ഉയർന്ന എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റ് (ഇപിസി) ഉണ്ടെന്ന് ഉറപ്പാക്കാൻ ഭൂവുടമകളുടെ ആവശ്യകത ഇല്ലാതാക്കുന്നു. ബുധനാഴ്ച രാവിലെ തിടുക്കത്തിൽ സംഘടിപ്പിച്ച ക്യാബിനറ്റ് യോഗത്തിൽ സുനക് മാറ്റങ്ങൾ കൊണ്ടു വന്നു.

പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള 2030 ലെ നിരോധനം നിലനിർത്താൻ ലേബർ അസന്ദിഗ്ധമായി പ്രതിജ്ഞാബദ്ധമാണെന്ന്, പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ലേബർ പാർട്ടി പ്രതികരിച്ചു. നിരോധനം ഏർപ്പെടുത്തിയില്ലെങ്കിൽ നെറ്റ് സീറോയിലെത്താനുള്ള യുകെയുടെ ലക്ഷ്യം നിറവേറ്റാൻ സാധിക്കില്ലെന്ന് ഷാഡോ എൻവയോൺമെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. അന്തരീക്ഷത്തിലെ ഹാനികരമായ ഹരിത വാതകങ്ങളുടെ മൊത്തത്തിലുള്ള അളവിലേക്ക് ഒരു സംഭാവനയും കൂട്ടി ചേർക്കാൻ ഒരു രാജ്യവും ഇനി ആഗ്രഹിക്കാത്ത ഘട്ടമാണിത്. ഹരിത സമ്പദ്‌വ്യവസ്ഥയിലൂന്നിയ നല്ല ശമ്പളമുള്ള സുരക്ഷിതമായ പുതിയ ജോലികളിലേക്ക് ലോകത്തെ നയിക്കാൻ ബ്രിട്ടന് ലഭിച്ച 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക അവസരമാണ് പ്രധാനമന്ത്രി കൈമോശം വരുത്തിയതെന്നും റീഡ് പറഞ്ഞു.

ഈ നീക്കം "തികച്ചും പൊറുക്കാനാവാത്തതാണ്" എന്നും "യുകെയെ ആഗോള സമവായത്തിൽ നിന്ന് വളരെ പിന്നോക്കം കൊണ്ടുപോകുന്നു" എന്നും സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ബിബിസിയോട് വെളിപ്പെടുത്തി. കാലാവസ്ഥാ പ്രവർത്തനത്തെക്കുറിച്ചുള്ള യുഎൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ സുനക് വിസമ്മതിച്ചതിനെയും യൂസഫ് വിമർശിച്ചു. ബ്രിട്ടന് കൂടുതൽ പ്രവർത്തനം കാഴ്ച വെയ്ക്കാൻ കഴിയുന്നതിനെക്കുറിച്ച് സംസാരിക്കാൻ ലോകം മുഴുവനും ഒത്തുകൂടിയ അതേ ദിവസം, യുകെയുടെ പ്രതിബദ്ധതകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന ഒരു പ്രധാനമന്ത്രിയെയാണ് കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിബിസിയുടെ ക്രിസ് മേസൺ, സുനക്കും അദ്ദേഹത്തിന്റെ ഉപദേശകരും വിമർശനങ്ങൾക്കപ്പുറം, ഗവൺമെൻ്റ് എന്തെങ്കിലും ചെയ്യുന്നുണ്ടെന്നും അത് യുക്തിസഹമാണെന്നും പല വോട്ടർമാരും നിശബ്ദമായി നിഗമനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു. സുനക്കിന്റെ നിർദ്ദേശങ്ങൾ അദ്ദേഹത്തിന്റെ പാർട്ടിയെയും പാർലമെന്റിനെയും രാജ്യത്തെ മറ്റു പലരെയും ഭിന്നിപ്പിക്കുന്നതാണ്. 

തൻ്റെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ കുറിച്ച് പ്രതിപാദിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ
ശരത്കാലത്തിനുശേഷം കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചനയുണ്ട്. ദീർഘകാലടിസ്ഥാനത്തിലുള്ള തീരുമാനങ്ങളുടെ ഒരു പരമ്പര തന്നെ താൻ ആവിഷ്കരിക്കുമെന്ന് സുനക് വാഗ്ദാനം ചെയ്തു.

കാർ നിർമ്മാതാക്കൾ, ഊർജ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം വ്യവസായങ്ങളിൽ മുമ്പത്തെ സമയപരിധിക്കുള്ള തയ്യാറെടുപ്പിനായി കോടിക്കണക്കിന് പൗണ്ട് ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ഒമ്പത് പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന കൊറിയൻ കാർ നിർമ്മാതാക്കളായ കിയ, പുതിയ നീക്കം സങ്കീർണ്ണമായ വിതരണ ശൃംഖലയിലെ ചർച്ചകളിലും ഉൽപ്പന്ന ആസൂത്രണത്തിലും മാറ്റം വരുത്തുന്നതിനാൽ, ഉപഭോക്താവിനെയും വ്യവസായത്തെയും ആശയക്കുഴപ്പത്തിലാക്കുമെന്നും, ഈ പ്രഖ്യാപനം നിരാശാജനകമാണെന്നും പറഞ്ഞു. എനർജി കമ്പനിയായ ഇ.ഓണിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് നോർബറി, ഇത് "പല തലങ്ങളെയും ബാധിക്കുന്ന തെറ്റായ നടപടിയാണ്", ഹരിത നയങ്ങൾക്ക് ചിലവ് വരുമെന്ന് നിർദ്ദേശിക്കുന്നത് "തെറ്റായ വാദമാണ്" എന്നും കൂട്ടിച്ചേർത്തു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വെസ്റ്റ് മിഡ്‌ലാൻഡിൽ നൂറുകണക്കിന് പുതിയ ജോലികൾ പ്രഖ്യാപിച്ച ജാഗ്വാർ ലാൻഡ് റോവർ, മാറ്റത്തെ സ്വാഗതം ചെയ്തു, അതിനെ "പ്രാഗ്മാറ്റിക്" എന്ന് വിളിക്കുകയും യുകെയെ മറ്റ് രാജ്യങ്ങൾക്ക് അനുസൃതമായി കൊണ്ടുവരുന്നുവെന്ന് ചേർക്കുകയും ചെയ്തു. ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ എഡ് ഡേവി മിസ്റ്റർ സുനക്ക് "സ്വാർത്ഥനാണ്" എന്ന് ആരോപിച്ചു, മാറ്റങ്ങൾ "അദ്ദേഹത്തിന്റെ ബലഹീനതയെയാണ് പ്രതിഫലിപ്പിക്കുന്നത്" എന്നും വിമർശിച്ചു. സ്വന്തം പാർട്ടിയുടെ വലതുപക്ഷത്ത് നിന്ന് ഭയന്ന് ഓടിയ പ്രധാനമന്ത്രിയുടെ പാരമ്പര്യം നമ്മുടെ രാജ്യത്തിന്റെ ഭാവി സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു കനത്ത പ്രഹരം ആയിരിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

നാളത്തെ വ്യവസായങ്ങളെ സ്വീകരിക്കാൻ ലോകത്തിന്റെ മറ്റു ഭാഗങ്ങൾ മത്സരിക്കുമ്പോൾ യുകെ ഇപ്പോൾ വളരെ പുറകിലാണ് എന്ന് സർ എഡ് കൂട്ടിച്ചേർത്തു. യുഎന്നിന്റെ കാലാവസ്ഥാ ആക്ഷൻ ഉച്ചകോടിയിൽ നിന്ന് ബിബിസിയോട് സംസാരിച്ച COP26 കാലാവസ്ഥാ ഉച്ചകോടിയുടെ അധ്യക്ഷത വഹിച്ച മുൻ കൺസർവേറ്റീവ് മന്ത്രി സർ അലോക് ശർമ്മ, പരിപാടിയിൽ അന്താരാഷ്‌ട്ര സഹപ്രവർത്തകരുടെ പ്രതികരണം "ആശ്ചര്യപ്പെടുത്തുന്ന" ഒന്നായിരുന്നുവെന്ന് പറഞ്ഞു. ഈ നയങ്ങളിൽ നിന്ന് യുകെ പിന്നോട്ട് പോകാൻ തുടങ്ങിയാൽ, യുകെയെ പിന്തുടർന്ന് അവരും അങ്ങനെ തന്നെ ചെയ്യണമെന്ന തീരുമാനത്തിൽ എത്തുമോ എന്ന ആശങ്കയും, അദ്ദേഹം വെളിപ്പെടുത്തി. ഉച്ചകോടിയിൽ നിന്ന് സംസാരിച്ച മുൻ യുഎസ് വൈസ് പ്രസിഡന്റും കാലാവസ്ഥാ പ്രചാരകനുമായ അൽ ഗോർ, ഈ പ്രഖ്യാപനം “തെറ്റായ ദിശയിലേക്കുള്ള പ്രയാണം" ആണെന്ന് അഭിപ്രായപ്പെട്ടു.
 

Other News