സെഞ്ച്വറിയുമായി നോര്‍ക്ക - യുകെ റിക്രൂട്ട്മെന്റ് വിജയഗാഥ… യോർക്ക്ഷെയറിൽ കൂട്ടായ്മയൊരുക്കി  ആഘോഷം.

യു.കെ റിക്രൂട്ട്മെൻറിൽ നോർക്ക 100 തികച്ചതിൻ്റെ ആഘോഷം യോർക്ക്ഷെയറിൽ നടന്നു. മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനവേളയിലാണ് യു.കെ യിലെ വിവിധ എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളിലേയ്ക്ക് കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ കുടിയേറ്റത്തിന് അവസരമൊരുക്കുന്നതിന് നോര്‍ക്ക റൂട്ട്സുമായി കരാറായത്. ഇതിനുശേഷം ചുരുങ്ങിയ കാലംകൊണ്ടാണ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സീനിയര്‍ കെയറര്‍ തുടങ്ങി ആരോഗ്യമേഖലയില്‍ നിന്നുളള  100 ഓളം പേരാണ് യു.കെ യിലെത്തിയത്. യു.കെ എന്‍.എച്ച്.എസ്സിന്റെയും ഇന്‍റ്റഗ്രറ്റഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പിന്റെയും നേതൃത്വത്തിലാണ് നോര്‍ക്ക റൂട്ട്സ് വഴി യു.കെ യിലെത്തിയവര്‍ക്കായി കൂട്ടായ്മ ഒരുക്കിയത്.

കൂട്ടായാമയുടെ ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇവരുടെ തുര്‍ന്നുളള ജീവിതത്തിലുടനീളം ഏതു സമയത്തും നോര്‍ക്ക റൂട്ട്സില്‍ നിന്നുളള സേവനം എല്ലാ പ്രവാസികള്‍ക്കുമെന്നപോലെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയകാലംകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഇത് നോര്‍ക്ക റൂട്ട്സിന്റെ മികവിന്റെ അടയാളപ്പെടുത്തലാണെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

യു.കെ യിലെത്തിയവര്‍ നോര്‍ക്ക റൂട്ട്സിന്റെയും, കേരളത്തിലെ ആരോഗ്യമേഖലയുടേയും, ഇന്ത്യയുടേയും അംബാസിഡര്‍മാര്‍കൂടിയാണെന്ന ചടങ്ങില്‍ ഓണ്‍ലൈനായി സംബന്ധിച്ച ജനറല്‍ മാനേജര്‍ ശ്രീ. അജിത്ത് കോളശ്ശേരിയും അഭിപ്രായപ്പെട്ടു. യു. കെ യിലേയ്ക്കുളള സീനിയര്‍ കെയറര്‍മാരുടെ റിക്രൂട്ട്മെന്റ് എടുത്തുപറയേണ്ട നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യോർക്ക്ഷെയറിലെ ഹൾ സിറ്റിയിൽ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ ശ്രീ. ശ്യാം.ടി.കെ, യു. കെയില്‍ നിന്നും ചടങ്ങിൽ  നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്,  ഇംഗ്ലണ്ടിലെ ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്‌ ഹെഡ് ഓഫ് ഇന്റർനാഷണൽ വർക്ക്‌ ഫോഴ്സ് മിസ്റ്റർ ഡേവ് ഹവാർത്ത്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ ഇന്റഗ്രേറ്റഡ് കെയർ ബോർഡ്‌ എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടർ Dr നൈജൽ വെല്‍സ്, ഹെഡ് ഓഫ് ഇന്റർനാഷണൽ വർക്ക്‌ ഫോഴ്സ് പോളിസി  റിയാൻ വെൽസ്,എന്‍.എച്ച്.എസ്സില്‍ നിന്നും ഡോ.ജോജി കുര്യാക്കോസ്, Dr സിവിൻ സാം Dr ജോഹാൻ ഫിലിപ്പ്, വിവിധ ഹോസ്പിറ്റൽ പ്രതിനിധികൾ, ഇന്‍റ്റഗ്രറ്റഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പ് പ്രതിനിധികള്‍ യു.കെ യിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനം ലഭിച്ച കേരളീയരായ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

2022 നവംബറിലും 2023 മെയ് മാസത്തിലുമായി കൊച്ചിയിലുമായിരുന്നു നോർക്ക യും കെ കരിയർ ഫെയറിന്റെ രണ്ട് എഡിഷനുകൾ . ഇതുവഴി കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നും വിവിധ സ്പെഷ്യാലിറ്റിയിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്,സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 107 പേരാണ് യു. കെ യിലെത്തിയത്. കൂടുതൽ പേർ അടുത്ത മാസങ്ങളിൽ എത്തും എന്ന് ആശുപത്രി പ്രതിനിധികൾ അറിയിച്ചു. 2023 നവംബറിൽ നോർക്ക യുകെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷൻ കൊച്ചിയിൽ നടക്കും.

Other News