Thursday, 21 November 2024

ഇൻ്റർനാഷണൽ നഴ്സസ് ഡേയിൽ ആതുരസേവന രംഗത്തെ മാലാഖമാർക്ക് സ്നേഹാദരവുമായി നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ.

ആതുരസേവന രംഗത്തെ മാലാഖമാർക്ക്  സ്നേഹാദരങ്ങളർപ്പിച്ച് നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഇൻ്റർ നാഷണൽ നഴ്സസ് ഡേ സമുചിതമായി ആഘോഷിച്ചു.  ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനും ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറും സംയുക്തമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ ക്ഷണം സ്വീകരിച്ച് ഹൾ, ഗ്രിംസ്ബി, ഗെയിൻസ്ബറോ എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരും കുടുംബാംഗങ്ങളും പ്രോഗ്രാമിൽ പങ്കെടുത്തു.

സ്കൻതോർപ്പിലെ ന്യൂലൈഫ് ചർച്ച് ഹാളിൽ മെയ് 11ന് നടന്ന ഇവൻറിൽ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി 'യു റെയ്സ് മി അപ്' എന്ന ഗാനത്തിൻ്റെ അകമ്പടിയോടെ കൈയിൽ ദീപങ്ങളുമായി നഴ്സുമാർ സ്റ്റേജിൽ അണിനിരന്നു. തുടർന്ന് അസോസിയേഷനിലെ കുട്ടികൾ നഴ്സുമാർക്ക് പൂക്കളും സ്വീറ്റ്സും താങ്ക് യു കാർഡും കൈമാറി. വേദനയുടെ ലോകത്ത് ആശ്വാസവാക്കുകളും സ്നേഹത്തിൻ്റെ തലോടലുമായി ഓടിയെത്തുന്ന ജീവൻ്റെ കാവലാളുകളായ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം തന്നെയാണ് അസോസിയേഷനുകൾ ഒരുക്കിയത്.

യോർക്ക് ആൻഡ് ഹംബർ ടീച്ചിംഗ് ഹോസ്പിറ്റലിലെ അസിസ്റ്റൻ്റ് ചീഫ് നഴ്സ് എമ്മാ ജോർജും നാവിഗോ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയിലെ നഴ്സുമാരെ യുകെയിലേയ്ക്ക് റിക്രൂട്ട് ചെയ്യാൻ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള എമ്മയും മൈക്കും ഇന്ത്യൻ നഴ്സുമാർ സേവന രംഗത്ത് കാണിക്കുന്ന അർപ്പണബോധത്തെയും ജോലിയിലെ മികവിനെയും പ്രസംഗങ്ങളിൽ പ്രത്യേകം പരാമർശിച്ചു. നഴ്സസിനെ ആദരിക്കുന്നതിനായി ഒരുക്കിയ ചടങ്ങിനെ അതി മനോഹരമെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്.

ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിലെ കുട്ടികൾ ഒരുക്കിയ കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിൽ ഇവാനാ ബിനു, കരോൾ ബ്ളെസൻ, ലിയാൻ ബ്ളെസൻ, ബിൽഹാ ഏലിയാസ്, ദേവസൂര്യ സജീഷ്, ജെസാ ജിമ്മി, ഗബ്രിയേല ബിനോയി എന്നിവരടങ്ങുന്ന റിഥമിക് കിഡ്സ് ജൂണിയേഴ്സും സിയോണ പ്രിൻസ്, ജിയാ ജിമ്മി, ഇഷാൻ സൂരജ്, ജെയ്ഡൻ ജോജി, ഇവാനിയാ ലിബിൻ, അഡ്വിക്ക് മനോജ് എന്നിവരുടെ റിഥമിക് കിഡ്സ് സബ് ജൂണിയേഴ്സും സ്റ്റേജിൽ തകർത്താടി സദസിൻ്റെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. ഹൾ അസോസിയേഷനിലെ ആൻഡ്രിയ വിജോയുടെ ഡാൻസും ചടങ്ങിനെ നയന മനോഹരമാക്കി. നഴ്സസ് വീക്കിൻ്റെ ഭാഗമായി നടത്തിയ ക്വിസ് കോമ്പറ്റീഷൻ വിജയികളായ ശ്രേയ സൂരജ്, ഷെറിൻ ടോണി, നിസരി ദിൽജിത്ത്, ലിസാ ബിനോയി, ഡോയൽ എന്നിവർക്ക് സമ്മാനം നൽകി.

ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡൻറ് വിജോ മാത്യു ചടങ്ങിനെ അഭിസംബോധന ചെയ്തു. അഡ്വാൻസ്ഡ് ക്ളിനിക്കൽ പ്രാക്ടീഷണർ റോബി ജെയിംസ് നഴ്സിംഗ് രംഗത്തെ അനുഭവങ്ങൾ സദസുമായി പങ്കുവെച്ചു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയറിൻ്റെ പ്രസിഡൻ്റ് വിദ്യാ സജീഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് സോണാ ക്ളൈറ്റസ് സ്വാഗത പ്രസംഗവും സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശനവും നടത്തി.  ഫോക്കസ് ഫിൻസുർ ലിമിറ്റഡ്, ജി എം പി ഗ്രൂപ്പ്, ആസ്ബറി ലീഗൽ സർവീസസ്, ലാഭം ജനറൽ സ്റ്റോർ എന്നീ സ്ഥാപനങ്ങൾ നഴ്സസ് ഡേ പ്രോഗ്രാമിന് സ്പോൺസർഷിപ്പുമായി പിന്തുണ നല്കി.

സ്കൻതോർപ്പിലും  നോർത്ത് ലിങ്കൺഷയറിലുമുള്ള ഇന്ത്യൻ സമൂഹത്തിൽ നിറസാന്നിധ്യമായി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ മാറിക്കഴിഞ്ഞു.  അച്ചടക്കത്തോടെയും ആത്മാർഥതയോടെയും പുതുതലമുറയ്ക്ക് വേണ്ട പിന്തു നൽകുക എന്ന  ഉറച്ച ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് അസോസിയേഷൻ നടത്തി വരുന്നത്. 

Other News