Monday, 23 December 2024

യുവാക്കൾക്ക് നിർബന്ധിത നാഷണൽ സർവീസ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനാക്ക്

ബ്രിട്ടണിൽ നിർബന്ധിത നാഷണൽ സർവീസ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനാക്ക് പ്രഖ്യാപിച്ചു. ജൂലൈ നാലിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുന്ന പക്ഷം ഇക്കാര്യം നിയമമാക്കും. കൺസർവേറ്റീവ് പാർട്ടി മുന്നോട്ട് വച്ചിരിക്കുന്ന നയമനുസരിച്ച് 18 വയസു പൂർത്തിയായവർ ഒരു വർഷം മിലിട്ടറി ട്രെയിനിംഗ്‌ സ്കീമിലോ അല്ലാത്തപക്ഷം കമ്യൂണിറ്റി വോളണ്ടിയർ പ്രോഗ്രാമിലോ പങ്കെടുക്കണം.

മിലിട്ടറി ട്രെയിനിംഗിൽ പങ്കെടുക്കുന്നവർക്ക് 30,000 ത്തോളം വരുന്ന സെലക്ടീവ് മിലിട്ടറി പ്ളേസ്മെൻ്റുകളിൽ ചേരാവുന്നതാണ്. ലോജിസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി, പ്രൊക്യൂർമെൻ്റ്, സിവിൽ റെസ്പോൺസ് ഓപ്പറേഷൻസ് എന്നിവയടക്കമുള്ള മേഖലകളിൽ ടീനേജേഴ്സിന് ട്രെയിനിംഗിന് അവസരമുണ്ടാവും. കമ്യൂണിറ്റി വോളണ്ടിയറിംഗ് സ്കീമിൽ പങ്കെടുക്കുന്നവർക്ക് പന്ത്രണ്ടു മാസകാലയളവിൽ വിവിധ ഗവൺമെൻറ് ഓർഗനൈസേഷനുകളിൽ സേവനം ചെയ്യണം. ഇത് മാസത്തിൽ ഒരു വീക്കെൻഡ് പ്രകാരം ഒരു വർഷക്കാലയളവിൽ 25 ദിവസം പങ്കെടുക്കണം. എൻഎച്ച്എസ്, ഫയർ സർവീസ്, ആംബുലൻസ്, സേർച്ച് ആൻഡ് റെസ്ക്യൂ, ക്രിട്ടിൽ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയിലാണ് ഇവരുടെ സേവനം ലഭ്യമാക്കുന്നത്.

മിലിട്ടറി ട്രെയിനിംഗ് അല്ലെങ്കിൽ കമ്യൂണിറ്റി വോളണ്ടിയറിംഗ് എന്നീ ഓപ്ഷനുകളിൽ ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാൻ ടീനേജേഴ്സിന് അവസരം നല്കും. ഇവയിൽ ഏതെങ്കിലുമൊന്നിൽ പങ്കെടുക്കണമെന്നത് നിയമപ്രകാരം നിർബന്ധിതമായിരിക്കും. ഇതിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നവർക്ക് നോൺ ക്രിമിനൽ സാങ്ഷൻസ് നേരിടേണ്ടി വരും.

2021 ലെ കണക്കനുസരിച്ച് 775,000 ത്തോളം 18 വയസുകാർ ബ്രിട്ടണിലുണ്ട്. നിയമം നടപ്പാക്കുമ്പോൾ സമാനമായ സംഖ്യ ഉള്ള പക്ഷം 26 ൽ ഒരാൾക്കു മാത്രമേ മിലിട്ടറി ട്രെയിനിംഗിൽ പങ്കാളിത്തം ലഭിക്കുകയുള്ളൂ. ബഹു ഭൂരിപക്ഷവും കമ്യൂണിറ്റി വോളണ്ടിയറിംഗിൽ ഭാഗഭാക്കാവേണ്ടി വരുമെന്നാണ് സൂചന. പുതിയ സ്കീമിൻ്റെ പൂർണ രൂപം കൺസർവേറ്റീവ് പാർട്ടി ഇതു വരെ പുറത്തുവിട്ടിട്ടില്ല. ഇതു നടപ്പാക്കുന്നതിനായി റോയൽ കമ്മീഷൻ രൂപീകരിക്കും. കൺസർവേറ്റീവിന് അധികാര തുടർച്ച ഉണ്ടാവുകയാണെങ്കിൽ 2029 ഓടെ പുതിയ സ്കീം പൂർണമായും നിലവിൽ വരുമെന്നാണ് കരുതുന്നത്.
 

Other News