Wednesday, 22 January 2025

'സർവ്വമനോഹരിയായ' പരി. മറിയത്തെ ധ്യാനവിഷയമാക്കി വനിതാ ഫോറം സംഗമം അടുത്ത ശനിയാഴ്ച ബെർമിംഗ്ഹാം ബെഥേലിൽ; പ്രൊമോ വീഡിയോ കാണാം

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ രണ്ടു വർഷങ്ങൾക്കു മുൻപ് രൂപീകരിക്കപ്പെട്ട രൂപതാ വനിതാ വേദിയായ 'വിമെൻസ് ഫോറം', ഡിസംബർ ഏഴിന്  രൂപതാതല വാർഷിക സംഗമം ഒരുക്കുന്നു. രൂപതയുടെ എട്ടു റീജിയനുകളിൽനിന്നായി രണ്ടായിരത്തോളം വനിതകൾ പങ്കെടുക്കുന്ന ഈ മഹാസമ്മേളനത്തിൻറെ ഒരുക്കങ്ങളെല്ലാം വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ അവസാനഘട്ടത്തിലാണന്ന് കോ ഓർഡിനേറ്റർ വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, കൺവീനർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു.

'ടോട്ട പുൾക്ര' എന്ന് പരി കന്യകാമാതാവിനെ വിളിക്കാൻ ആദിമസഭയിലെ പ്രാർത്ഥനകളിൽ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നൽകിയിരിക്കുന്നത്. ലത്തീൻ ഭാഷയിൽ (ടോട്ട പുൾക്ര) 'സർവ്വമനോഹരി' എന്നാണ് ഈ അഭിസംബോധനയുടെ അർത്ഥം. പരി. കന്യകാമാതാവിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിൻറെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിൻറെ കുടക്കീഴിൽ ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്. 

മനുഷ്യജീവിതത്തിൽ ആത്മീയവും ഭൗതികവുമായ തലങ്ങൾ രൂപപ്പെടുത്തുന്നതിലും ഭാവിയിലേക്ക് തലമുറകളെ വിശ്വാസം പരിശീലിപ്പിക്കുന്നതിലും സ്ത്രീത്വത്തിൻറെ പ്രാധാന്യം കണക്കിലെടുത്താണ്, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഏതാനും വർഷങ്ങൾക്കുമുൻപ് സ്ത്രീത്വത്തിൻറെ മഹത്വം ഉയർത്തിക്കാട്ടാൻ 'വിമെൻസ് ഫോറം' രൂപീകരിച്ചത്. ഭൗതികജീവിത സാഹചര്യങ്ങളിൽ മാത്രമല്ല, സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിലും സ്ത്രീകൾക്ക് സുപ്രധാനസ്ഥാനമുണ്ടന്ന തിരിച്ചറിവിൽ സഭ സ്ത്രീത്വത്തിനു നൽകുന്ന ആദരം കൂടിയാണിത്. 

അടുത്ത ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രെജിസ്ട്രേഷനോടുകൂടി പരിപാടികൾ ആരംഭിക്കും. പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ റെവ. സി. ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന വി. കുർബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപതയിൽ ശുശ്രുഷചെയ്യുന്ന വൈദികർ സഹകാർമ്മികരായിരിക്കും. ഉച്ചയ്ക്കുശേഷം വിവിധ റീജിയനുകൾ അണിയിച്ചൊരുക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവർഷമായ ദമ്പതീ വർഷത്തിന്റെ ഉദ്ഘാടനവും നടക്കും. 

രൂപതയിലെ എല്ലാ വനിതകളെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രോമോ വീഡിയോ പുറത്തിറങ്ങി. വീഡിയോ കാണാം. Video Link - https://www.youtube.com/watch?v=O2UTvvl9xl8

Other News