നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിലിൽ രജിസ്ട്രേഷന് ആവശ്യമായ ഇംഗ്ലീഷ് ലാംഗ്വേജ് യോഗ്യതകൾ
നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിലിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ നിഷ്കർഷിക്കപ്പെട്ടിരിക്കുന്ന തലത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ്, റൈറ്റിംഗ് എന്നിവയിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന നിലവാരം ഓരോ അപേക്ഷാർത്ഥിയും തെളിയിക്കേണ്ടതുണ്ട്. എൻ.എം.സി അംഗീകരിച്ചിട്ടുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകളിൽ ഒന്ന് പാസാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് IELTS അല്ലെങ്കിൽ ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് OET എന്നിവയിൽ ഒന്നിൽ നിശ്ചിത സ്കോർ നേടണം. ഇതിന്റെ ടെസ്റ്റ് സ്കോറിന് രണ്ടു വർഷത്തെ വാലിഡിറ്റിയെ ഉള്ളൂ.
ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗിൽ റൈറ്റിംഗിന് 6.5 ഉം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയ്ക്ക് 7 ഉം കുറഞ്ഞ സ്കോർ ഉണ്ടാവണം. ഓവറോൾ സ്കോർ 7 ലഭിച്ചിരിക്കണം. ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ്, എന്നിവയിൽ ബി ഗ്രേഡ് ലഭിക്കണം. റൈറ്റിംഗിൽ C+ ആയാലും മതി. എന്നാൽ ഓവറോൾ സ്കോർ B കിട്ടിയിരിക്കണം. ജനുവരി 28, 2020 മുതൽ പുതിയ OET മാനദണ്ഡമനുസരിച്ച് രജിസ്ട്രേഷന് അർഹത ലഭിക്കും.
എൻ എം സി അംഗീകരിച്ചിട്ടുള്ള പ്രീ രജിസ്ട്രേഷൻ നഴ്സ്, മിഡ് വൈഫ്, നഴ്സിംഗ് അസോസിയേറ്റ് പ്രോഗ്രാം എന്നിവ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വിജയകരമായി പൂർത്തിയാക്കിയവർക്കും രജിസ്ട്രേഷന് യോഗ്യത ഉണ്ട്.
കൂടാതെ നഴ്സിംഗ് രജിസ്ട്രേഷന് ശേഷം ഭൂരിപക്ഷവും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന ഒരു രാജ്യത്ത് ഒരു വർഷം ജോലി ചെയ്തതിന്റെ രേഖകൾ ഹാജരാക്കിയും രജിസ്ട്രേഷന് അപേക്ഷിക്കാം.