ലണ്ടനിൽ ഹോളിവുഡ് മാതൃകയിൽ ഫിലിം സ്റ്റുഡിയോയുമായി സ്കൈ.
2000 പുതിയ തൊഴിലവസരങ്ങൾ. ലണ്ടനിൽ ഹോളിവുഡ് മാതൃകയിൽ സ്റ്റുഡിയോ ആരംഭിക്കാൻ സ്കൈ പദ്ധതിയിടുന്നു. എൽസ്ട്രീയിൽ 32 ഏക്കർ സ്ഥലത്താണ് പുതിയ ഫിലിം സ്റ്റുഡിയോ നിർമ്മിക്കുന്നത്. 2000 പുതിയ തൊഴിലവസരങ്ങൾ ഇത് സൃഷ്ടിക്കും. പേ ടിവി കമ്പനിയായ സ്കൈ, എതിരാളികളായ നെറ്റ് ഫ്ളിക്‌സിനോടും ആമസോണിനോടും കിടപിടിക്കത്തക്ക ബിസിനസ് സംരംഭമാണ് ഒരുക്കുന്നത്.
സ്കൈയുടെയും എൻബിസി യൂണിവേഴ്സലിന്റെയും യൂറോപ്യൻ പ്രൊഡക്ഷൻ ബേസായി പുതിയ സ്റ്റുഡിയോ ഉപയോഗിക്കും. അമേരിക്കൻ പേ ടിവി കമ്പനിയായ കോംകാസ്റ്റാണ് ഇവയുടെ ഉടമ. 200 ലേറെ ഫിലിമുകളും 120 ഓളം ടിവി ഷോകളും കഴിഞ്ഞ വർഷം യുകെയിൽ നിർമ്മിക്കപ്പെട്ടു. ഇതിനായി 3 ബില്യൺ പൗണ്ടാണ് ചെലവഴിക്കപ്പെട്ടത്. വർഷത്തിൽ 7 ബില്യൺ പൗണ്ടാണ് സ്കൈ പ്രോഗ്രാമുകൾക്കായി വകയിരുത്തിയിരിക്കുന്നത്.
സ്കൈ സ്വന്തമായി നിർമ്മിക്കുന്ന ഷോകളുടെ പ്രൊഡക്ഷൻ ഉയർത്താനായി ഒരു ബില്യൺ പൗണ്ട് ചെലവഴിക്കാനാണ് പദ്ധതിയിടുന്നത്. സ്കൈയുടെ എൽസ് ട്രീ സ്റ്റുഡിയോയിൽ 14 സ്റ്റേജുകൾ ഉണ്ടാവും. ഒരേ സമയം പല ഫിലിമുകൾ ഷൂട്ട് ചെയ്യാവുന്ന സംവിധാനമൊരുക്കുന്ന ഇവിടുത്തെ ഏറ്റവും ചെറിയ സ്റ്റേജിന് 1800 സ്ക്വയർ മീറ്റർ വലുപ്പമുണ്ടാവും.