ചരിത്രം കുറിച്ച് ഐഎസ്ആർഒ. പിഎസ്എൽവിയുടെ അമ്പതാമത് വിക്ഷേപണം വിജയകരം
1994 ഒക്ടോബറിൽ തുടക്കം കുറിച്ച ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ അമ്പതാമതു ദൗത്യം വിജയകരമായി പൂർത്തിയായി. ഇന്ത്യയുടെ റഡാർ ഇമേജിംഗ് ഒബ്സർവേഷൻ സാറ്റലൈറ്റിനെയും വിദേശ രാജ്യങ്ങളുടെ ഒൻപത് സാറ്റലൈറ്റുകളെയും വഹിച്ചുകൊണ്ടുള്ള വിക്ഷേപണം ഇന്ന് നടന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.28 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെൻററിൽ നിന്നും കുതിച്ചുയർന്ന PSLV- C48 പതിനാറു മിനുട്ടുകൾക്ക് ശേഷം 628 കിലോഗ്രാം ഭാരമുള്ള RISAT - 2BR1 സാറ്റലൈറ്റിനെ 576 കിലോമീറ്റർ ഓർബിറ്റിൽ നിക്ഷേപിച്ചു. അടുത്ത അഞ്ചു മിനുട്ടിൽ മറ്റ് ഒൻപത് സാറ്റലൈറ്റുകളെയും കൃത്യമായി അവയുടെ ഓർബിറ്റിൽ എത്തിച്ചു.
ജപ്പാൻ, ഇറ്റലി, അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ സാറ്റലൈറ്റുകളാണ് ഇന്ത്യൻ റോക്കറ്റ് ബഹിരാകാശത്തിൽ എത്തിച്ചത്. 1999 മുതലാണ് വ്യാവസായികാടിസ്ഥാനത്തിൽ ഇന്ത്യ മറ്റു രാജ്യങ്ങളുടെ സാറ്റലൈറ്റുകൾ വിക്ഷേപിക്കാനാരംഭിച്ചത്. ഇതുവരെ 33 രാജ്യങ്ങളുടെ 319 സാറ്റലൈറ്റുകൾ ഇന്ത്യ വിജയകരമായി ബഹിരാകാശത്തിൽ എത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സാറ്റലൈറ്റായ RISAT - 2BR1 ഫോറസ്ട്രി, അഗ്രികൾച്ചർ, ഡിസാസ്റ്റർ മാനേജ്മെൻറ് എന്നിവയ്ക്കായി ഉപയോഗിക്കാൻ കഴിയും.