Thursday, 21 November 2024

ഞങ്ങൾ ഒരു പൂവ് ചോദിച്ചപ്പോൾ നിങ്ങൾ നല്കിയത് പൂന്തോട്ടം. ഏപ്പു ചേട്ടന് ചാരിറ്റിയായി ലഭിച്ചത് 4003 പൗണ്ട്

ടോം ജോസ് തടിയംപാട്, ലിവർപൂൾ.

ഞങ്ങൾ ഒരു പൂവ് ചോദിച്ചപ്പോൾ നിങ്ങൾ പൂന്തോട്ടമാണ് നൽകിയത്. ദൈവം ഉണ്ടെങ്കിൽ നിങ്ങളുടെ മുകളിൽ അനുഗ്രഹ പെരുമഴ ചൊരിയട്ടെ. ഏപ്പുചേട്ടന്റെ ചാരിറ്റി വൻവിജയമായി. മൊത്തം 4003 പൗണ്ട് (ഏകദേശം ലഭിച്ചത് 416000 രൂപ) ലഭിച്ചു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു.

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ചാരിറ്റിക്ക് വലിയ പിന്തുണയാണ് യു കെ മലയാളികളിൽനിന്നും ലഭിച്ചത്. 4003 പൗണ്ട് ഞങ്ങളുടെ അക്കൗണ്ടിൽ ലഭിച്ചു. കൂടാതെ Harefiled London Lady of Rosary night vigil group, 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകുമെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട് .അവരെ പ്രതിനിധികരിച്ചു ജോമോൻ മാത്യു കൈതാരമാണ് ഞങ്ങളുമായി ബന്ധപ്പെട്ടത്. എല്ലാംകൂടി നാലുലക്ഷത്തി പതിനാറായിരം രൂപയുടെ സഹായം നൽകാൻ യുകെ മലയാളികൾക്കു കഴിഞ്ഞു.

ലിവർപൂളിലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ തോമസുകുട്ടി ഫ്രാൻസിസ് 4003 പൗണ്ടിന്റെ ചെക്ക് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ജോയിന്റ് സെക്രട്ടറി സജി തോമസിനു കൈമാറി. അദ്ദേഹം പണം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചു ഏപ്പുചേട്ടനു കൈമാറും. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൺവീനർ സാബു ഫിലിപ്പ് സന്നിഹിതനായിരുന്നു . ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. കളക്ഷൻ അവസാനിച്ചതായി അറിയിക്കുന്നു. ഏപ്പുചേട്ടനെ സഹായിക്കാൻ മഹാമനസ്കത കാണിച്ച മുഴുവൻ മനുഷ്യരെയും ദൈവം ഉണ്ടെങ്കിൽ അനുഗ്രഹിക്കട്ടെ എന്നാഗ്രഹിക്കുന്നു.

ഏപ്പുചേട്ടന്റെ കുടുംബത്തിന്റെ ദുഃഖ൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യർ മുൻപോട്ടു വന്നു .അതിൽ എടുത്തുപറയേണ്ടത് സീറോ മലബാർ സഭ വികാരി ജനറൽ ഫാദർ ജിനോ അരിക്കാട്ടിൽ ,ക്നാനായ മിഷൻ വികാരി ഫാദർ ജോസ് തെക്കുനിൽക്കുന്നതിൽ, ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ(LIMCA) പ്രസിഡന്റ് തമ്പി ജോസ്, ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ്‌, ലിവർപൂൾ ക്നാനായ അസ്സോസിയേഷൻ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട്, ലിവർപൂൾ ജവഹർ ബോട്ട് ക്ലബ് ക്യാപ്റ്റൻ തോമസുകുട്ടി ഫ്രാൻസിസ്, വിരാൽ സെന്റ്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദർ ജോസ് അഞ്ചാനിക്കൽ, ട്രസ്റ്റിമാരായ ജോർജ് ജോസഫ്, റോയ് ജോസഫ് , ജോഷി ജോസഫ് എന്നിവരാണ് ഞങ്ങൾക്ക് നിങ്ങളോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു. കൂടാതെ അമേരിക്കയിലുള്ള ഏപ്പുചേട്ടന്റെ അയൽവാസിയും പണം അയച്ചു തന്നു. അവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

ഈ ചാരിറ്റി വാർത്ത പ്രസിദ്ധികരിച്ചപ്പോൾ മുതൽ വാർത്തകൾ ഷെയർ ചെയ്തു ഞങ്ങളെ സഹായിച്ച ആന്റോ ജോസ്, മനോജ് മാത്യു, ബിനു ജേക്കബ്, മാത്യു അലക്സാണ്ടർ എന്നിവരെ നന്ദിയോടെ ഓർക്കുന്നു. ഭാവിയിൽ ഞങ്ങൾ നടത്തുന്ന എളിയ പ്രവർത്തനങ്ങളിലും നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .

യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സുതാര്യവും സത്യസന്ധവുമായി ജാതി മത വർഗ വർണ്ണ സ്ഥലകാല ഭേദമെന്യെ കേരളത്തിലും യു കെ യിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു

ഏപ്പുചേട്ടനുവേണ്ടി വീടുപണിയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു. വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ, ബാബു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അറിയുന്നത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ്‌ എന്നിവരാണ്. ഞങ്ങൾ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും.
"ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു."

Other News