Thursday, 21 November 2024

ഇന്ന് ബ്രിട്ടീഷ് പാർലമെൻറ് ഇലക്ഷൻ. രാവിലെ 7 മുതൽ പത്ത് വരെ വോട്ട് ചെയ്യാം. എക്സിറ്റ് പോൾ ഫലം രാത്രി പത്തു മണിക്ക്. പോളിംഗ് അവസാനിച്ചാലുടൻ കൗണ്ടിംഗ് ആരംഭിക്കും.

Premier News Election Desk

ബ്രിട്ടന്റെ ചരിത്രത്തിൽ അപൂർവ്വമായി മാത്രം ഡിസംബർ മാസത്തിൽ നടക്കുന്ന പാർലമെൻറ് ഇലക്ഷന് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കും. ഇതിനു മുൻപ് 1910, 1918, 1923 കളിൽ മാത്രമേ ഡിസംബറിൽ ഇലക്ഷൻ നടന്നിട്ടുള്ളൂ. രാവിലെ 7 മണിയ്ക്ക് പോളിംഗ് ആരംഭിക്കും. രാത്രി 10 മണി വരെ വോട്ടു ചെയ്യാൻ സൗകര്യമുണ്ടാവും. വോട്ടിംഗ് കഴിഞ്ഞിറങ്ങുന്ന വോട്ടർമാരോട് ആർക്കാണ് വോട്ട് ചെയ്തതെന്ന് ആരാഞ്ഞ് തയ്യാറാക്കുന്ന എക്സിറ്റ് പോൾ ഫലം രാത്രി 10 മണിക്ക് പ്രഖ്യാപിക്കും. പോളിംഗ് സ്റ്റേഷൻ അടച്ചാലുടൻ ബാലറ്റ് ബോക്സുകൾ കൗണ്ടിംഗ് സ്റ്റേഷനുകളിലേയ്ക്ക് മാറ്റും. രണ്ടു ഘട്ടമായാണ് വോട്ടെണ്ണുന്നത്. വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ രണ്ടു മണിയോടെ പൂർത്തിയാവും. അതിനു ശേഷം താമസിയാതെ ഫലപ്രഖ്യാപനം നടക്കും.

ബിബിസി, ഐടിവി, സ്കൈ ന്യൂസ്, ചാനൽ4 എന്നിവ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഇലക്ഷൻ റിസൽട്ട് ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്. 650 സീറ്റുകളിലേയ്ക്കാണ് മത്സരം നടക്കുന്നത്. കൺസർവേറ്റീവ്, ലേബർ, ലിബറൽ ഡെമോക്രാറ്റുകൾ, ബ്രെക്സിറ്റ് പാർട്ടി, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷണൽ പാർട്ടി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി എന്നിവയാണ് മത്സര രംഗത്തുള്ള പ്രമുഖ പാർട്ടികൾ.

ആദ്യ സർവേകൾ അനുസരിച്ച് കൺസർവേറ്റീവ് 41- 45 ശതമാനവും ലേബർ 32-34 ശതമാനവും ലിബറൽ ഡെമോക്രാറ്റുകൾ 11-14 ശതമാനവും വോട്ട് നേടുമെന്നാണ് കണക്കാക്കിയിരുന്നത്. അവസാന കണക്കുകൾ അനുസരിച്ച് ലേബർ 36 ശതമാനത്തിലേയ്ക്ക് ഉയരുകയും കൺസർവേറ്റീവ് 41 ശതമാനത്തിലേയ്ക്ക് താഴുകയും ചെയ്തിട്ടുണ്ട്. ഒരു തൂക്കുപാർലമെന്റിന് സാധ്യത തള്ളിക്കളയാനാവില്ല.

Other News