Monday, 23 December 2024

യുകെ ക്നാനായ കാത്തോലിക് വിമൻസ് ഫോറത്തിന്റെ രണ്ടാമത് വാർഷികാഘോഷങ്ങൾ അവിസ്മരണീയമായി 

ലീനുമോൾ ചാക്കോ, സെക്രട്ടറി, UKKCWF

യുകെ ക്നാനായ കാത്തോലിക് വിമൻസ് ഫോറത്തിന്റെ രണ്ടാമത് വാർഷികവും കലാസാംസ്കാരിക സമ്മേളനവും ഡിസംബർ ഏഴിന് കൊവെൻട്രി യിലെ വില്ലെൻഹാൾ സോഷ്യൽ ക്ലബിൽ വെച്ച്  പ്രൗഢഗംഭീരമായി ആഘോഷിച്ചു. രാവിലെ 11 മണിക്ക് ഫാദർ മാത്യു കണ്ണാലയിൽ അർപ്പിച്ച   ഭക്തിസാന്ദ്രമായ വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

വിമൻസ്  ഫോറം സെക്രട്ടറി ലീനുമോൾ ചാക്കോയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച  പൊതുസമ്മേളനത്തിന് ചെയർപേഴ്സൺ ശ്രീമതി ടെസ്സി ബെന്നി മാവേലിൽ അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി ആയിരുന്ന നോർത്ത് അമേരിക്ക ക്നാനായ കത്തോലിക്ക വിമൻസ് ഫോറം പ്രസിഡന്റ് ഡോ. ബീന പീറ്റേഴ്സ് ഇണ്ടിക്കുഴി വാർഷിക ആഘോഷങ്ങൾ ഉൽഘാടനം ചെയ്തു.  ഗ്രേറ്റ്‌ ബ്രിട്ടൺ സിറോ മലബാർ രൂപത വികാരി ജനറലും യുകെ കെസി എ    സ്പിരിച്യുൽ അഡ്വൈസറുമായ സജി മലയിൽപുത്തന്പുരയിലച്ചൻ, യുകെ കെസി എ  സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, യുകെ കെസി വൈ എൽ  കമ്മിറ്റി അംഗങ്ങൾ, റിട്ടയേർഡ് ബി സി എം കോളേജ് പ്രൊഫസർ  ജെസ്സി സാവിയോ കുന്നശ്ശേരി, അലൈഡ് ഫിനാൻസ് റെപ്രെസെന്ററ്റീവ് കിഷോർ ബേബി എന്നിവരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 

പൊതുസമ്മേളനത്തിനു ശേഷം യുകെ  യിലെ പ്രശസ്ത  ഡാൻസ് സംവിധായകനായ  കലാഭവൻ  നൈസ് സേവ്യർ ന്റെ ശിക്ഷണത്തിൽ അണിനിരന്ന മുപ്പതോളം   വനിതകളുടെ സ്വാഗത നൃത്തം കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. അതിനു ശേഷം യുകെ  യിലെ വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ വനിതകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ കാണികളുടെ കണ്ണിനും കാതിനും കുളിർമയേകി.

കഴിഞ്ഞ വർഷത്തെ  പോലെ തന്നെ ഈ വർഷവും പുതുതായി  ക്നാനായ സമുദായത്തിൽ നിന്ന് വിവാഹം ചെയ്ത   പതിനഞ്ചു  വധു വരന്മാരെ വാദ്യമേളങ്ങളോടെ വേദിയിലേക്കാനയിക്കുകയും ആദരിക്കുകയും ചെയ്തത് ഒരു വേറിട്ട  കാഴ്ചയായിരുന്നു കാണികൾക്കു നൽകിയത്. കർമ്മമേഖലയിൽ  കഴിവ് തെളിയിച്ച യുകെ  യിലെ ക്നാനായ വനിതകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തത് ഏവർക്കും  അഭിമാനിക്കാവുന്ന നിമിഷ ങ്ങളായിരുന്നു സമ്മാനിച്ചത്. 

സംഘടനയുടെ ജോയിന്റ് ട്രഷറർ ശ്രീമതി ജെസ്സി ബൈജു വിന്റെ നന്ദി പ്രകാശനത്തിലൂടെ വിമൻസ് ഫോറത്തിന്റ രണ്ടാം വാര്ഷികാഘോഷങ്ങൾക്കു തിരശീല വീണു. ചെയർപേഴ്സൺ  ടെസ്സി ബെന്നി  മാവേലിയുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളായ ലീനുമോൾ ചാക്കോ, മോളമ്മ ചെറിയാൻ, മിനു തോമസ്, മിനി ബെന്നി, ജെസ്സി ബൈജു എന്നിവരുടെ അശ്രാന്ത പരിശ്രമമാണ് വിമൻസ് ഫോറത്തിന്റെ രണ്ടാം വാർഷികാഘോഷങ്ങൾ മികവുറ്റതാക്കിയത്. 

 

 

Other News