Monday, 23 December 2024

ഇതാണ് ജനാധിപത്യം. വോട്ടിംഗ് കഴിഞ്ഞു. റിസൽട്ട് പ്രഖ്യാപിച്ചു. പോസ്റ്ററില്ല. പ്രകടനങ്ങളില്ല. അക്രമങ്ങളുമില്ല. ബ്രിട്ടണിലെ വോട്ടിംഗ് ലോക രാജ്യങ്ങൾക്ക് മാതൃക.

Global News Premier Desk

ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്കാരം അഭിമാനത്തോടെ സംരക്ഷിക്കുന്ന ബ്രിട്ടന് തിലകക്കുറിയാണ് ഇവിടുത്തെ പാരമ്പര്യ ഇലക്ഷൻ രീതി. ബ്രിട്ടീഷ് പാർലമെൻറ് ഇലക്ഷൻ നടന്നത് 650 സീറ്റുകളിലേയ്ക്കാണ്. നോമിനേഷൻ തുടങ്ങുന്നതു മുതൽ വ്യക്തമായ ചട്ടക്കൂടിനുള്ളിൽ നിന്നാണ് ഓരോ രാഷ്ട്രീയ കക്ഷിയും പ്രവർത്തിക്കുന്നത്. ഓരോ പാർട്ടിയ്ക്കും സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുവാൻ അതിന്റേതായ സംവിധാനങ്ങൾ ഉണ്ട്. വാർഡ് കമ്മിറ്റിയും കോൺസിസ്റ്റ്യൂവൻസി കമ്മിറ്റിയും അടങ്ങുന്ന താഴേത്തട്ടിലുള്ള പാർട്ടി മെഷീനറിയുടെ നിയന്ത്രണത്തിലാണ് പ്രധാന തീരുമാനങ്ങൾ എടുക്കുന്നത്.

പാർട്ടിയുടെ മെമ്പർഷിപ്പുള്ള വ്യക്തികൾ സ്ഥാനാർത്ഥിത്വത്തിന് താത്പര്യമുണ്ടെങ്കിൽ പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരിക്കണം. സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നവർക്കായി പാർട്ടി ട്രെയിനിംഗ് പ്രോഗ്രാമുകൾ നടത്തും. അവ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമേ ഇലക്ഷൻ സമയത്ത് പാർട്ടി സ്ഥാനാർത്ഥിത്വത്തിനുള്ള താത്പര്യം പ്രകടിപ്പിക്കാൻ സാധിക്കൂ. സാമൂഹിക മേഖലയിലും മറ്റു കാര്യങ്ങളിലും പാർട്ടിയ്ക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും എന്തു പുതിയ ആശയങ്ങളും പദ്ധതികളുമാണ് പ്രാബല്യത്തിൽ വരുത്താൻ ആഗ്രഹിക്കുന്നതെന്ന് സെലക്ഷൻ ഇന്റർവ്യൂവിൽ കമ്മിറ്റിയ്ക്ക് ബോധ്യപ്പെടണം. സ്ഥാനാർത്ഥി പാർട്ടിയുടെ നയങ്ങളെ സംരക്ഷിക്കുമെന്നും ജനങ്ങളോട് ആത്മാർത്ഥത കാണിക്കുമെന്നും കർത്തവ്യനിർവ്വഹണത്തിൽ വീഴ്ച വരുത്തില്ലെന്നും ഉറപ്പു വരുത്തിയിട്ടേ പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയുള്ളൂ.

സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്ന പല പാർട്ടി മെമ്പർമാരുണ്ടാവും. ആവശ്യമെങ്കിൽ ലോക്കൽ സെലക്ഷൻ വോട്ടിംഗ് നടത്തിയാവും സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കുക. അതൊക്കെ കൃത്യമായ ടൈംടേബിൾ അനുസരിച്ച് നടക്കും. സെലക്ഷൻ വോട്ടിംഗ് നടക്കുന്നത് കൃത്യമായ അടുക്കും ചിട്ടയോടെയുമാണ്. പാർട്ടി മെമ്പർഷിപ്പ് ഫീസിൽ വീഴ്ച വരുത്താത്തവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. മീറ്റിംഗിന് എത്തുന്നവരുടെ അറ്റൻഡൻസ് ചെയർ രേഖപ്പെടുത്തും. മീറ്റിംഗ് തുടങ്ങുന്നതിനുൻപ് സ്ഥാനാർത്ഥികൾ ഹാളിന് പുറത്ത് പോവും. സമയത്ത് എത്താത്തവരെ മീറ്റിംഗ് തുടങ്ങിതിനുശേഷം ഹാളിൽ പ്രവേശിപ്പിക്കില്ല. രഹസ്യ ബാലറ്റിലാണ് വോട്ടിംഗ് നടക്കുക. ഏറ്റവും വോട്ടു കിട്ടിയയാൾ സ്ഥാനാർത്ഥിയാകും. മത്സരിച്ച് പരാജയപ്പെട്ടവർ പാർട്ടി സ്ഥാനാർത്ഥിയ്ക്കായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും.

ഓരോ പാർട്ടിയും അവരുടെ പ്രകടനപത്രിക പുറത്തിറക്കും. അവരുടെ നയങ്ങളെക്കുറിച്ച് പൊതു ഡിബേറ്റുകളിൽ പങ്കെടുക്കും. പരസ്പരം വിമർശിക്കുമെങ്കിലും സഭ്യതയും അന്തസ്സും കാത്തുസൂക്ഷിച്ചായിരിക്കും നേതാക്കന്മാർ സംസാരിക്കുക. നയപരിപാടികൾ ജനങ്ങളിൽ എത്തിക്കാനായി സോഷ്യൽ മീഡിയയും ലീഫ് ലെറ്റുകളും ഉപയോഗിക്കും. സ്ട്രീറ്റുകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടാറില്ല. ചെറിയ സ്ക്വാഡുകൾ വീടുകളിൽ എത്തി ക്യാൻവാസിംഗ് നടത്താറുണ്ട്.

പ്രചരണത്തിനായി ചിലവാക്കുന്ന തുകയ്ക്ക് കൃത്യമായ കണക്ക് ഉണ്ടാവും. അവ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെട്ടിരിക്കും. കഴിയുന്നതും ജനങ്ങളെ നേരിൽ കണ്ട് വോട്ട് ചോദിക്കുക എന്നതാണ് പ്രധാന പ്രചാരണ രീതി. വോട്ടർമാർക്ക് പോസ്റ്റൽ വോട്ടോ, പ്രോക്സി വോട്ടോ ചെയ്യാനും അവസരമുണ്ട്. അല്ലാത്തവർ പോളിംഗ് ദിനം നേരെ ബൂത്തിൽ എത്തി വോട്ടു ചെയ്യുക. ഏതു സ്ഥാനാർത്ഥിക്ക് വോട്ട് നൽകണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. മറ്റാരും അതിൽ ഇടപെടാറില്ല. ഐഡൻറിറ്റി കാർഡോ മറ്റു രേഖകളോ ആവശ്യമില്ല. ഇലക്ടറൽ റോളിൽ പേരുണ്ടാവണമെന്ന് മാത്രം. വോട്ട് ചെയ്യുന്നത് ബാലറ്റ് പേപ്പറിലാണ്. ഒരു പെൻസിൽ കൊണ്ട്, പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനു നേരെയുള്ള കോളത്തിൽ X മാർക്ക് ചെയ്യുക, അത്രമാത്രം. പിന്നെ നേരെ വോട്ടു പെട്ടിയിലിടുക.കൈയിൽ മഷി പുരട്ടുന്ന സാങ്കേതിക രീതികളൊന്നും ഇവിടില്ല. സത്യസന്ധതയാണ് ഇവിടെ വിലമതിക്കപ്പെടുന്നത്.

വോട്ടിംഗ് സമയം സാധാരണ രീതിയിൽ രാവിലെ7 മണി മുതൽ രാത്രി പത്തു മണി വരെയാണ്. പോളിംഗ് കഴിഞ്ഞാലുടൻ ബാലറ്റ് ബോക്സുകൾ കൗണ്ടിംഗ് സ്റ്റേഷനിൽ എത്തിക്കും. അതിന് പോലീസുകാരുടെ അകമ്പടിയൊന്നുമില്ല. സജ്ജമാക്കിയിരിക്കുന്ന കൗണ്ടിംഗ് ടേബിളിൽ എണ്ണൽ നടക്കും. പാർട്ടികളുടെ ഏജന്റുമാർ ഇവ നിരീക്ഷിക്കും. എന്തെങ്കിലും തർക്കമുന്നയിച്ചാൽ അവ ഉടൻ തന്നെ റിട്ടേണിംഗ് ഓഫീസർ പരിഹരിക്കും. രാത്രി രണ്ടു മണിയോടെ സാധാരണ ഗതിയിൽ വോട്ടെണ്ണൽ പൂർത്തിയാകും. ഉടൻ തന്നെ ഫലവും പ്രഖ്യാപിക്കും.

വിജയിച്ച സ്ഥാനാർത്ഥി ചെറിയ ഒരു നന്ദി പ്രസംഗം പറയും. വിജയിച്ച സ്ഥാനാർത്ഥിയെ തോറ്റവർ സ്റ്റേജിൽ വച്ച് തന്നെ അഭിനന്ദിക്കും. അതെ, ഇലക്ഷൻ കഴിഞ്ഞു. ബ്രിട്ടൺ മുന്നോട്ട് തന്നെ കുതിയ്ക്കുകയാണ്. ആരവങ്ങളൊഴിഞ്ഞു. ഇനി എല്ലാവരും അവരുടെ കർത്തവ്യങ്ങളിൽ വ്യാപൃതർ. ഈ സംസ്കാരത്തിൽ നിന്ന് പഠിക്കാനേറെയുണ്ട്. ലോകം മാതൃകയാക്കേണ്ട ഒരു അവശ്യ സംസ്കാരം.

 

Other News