Thursday, 07 November 2024

ബെക്സിറ്റ് ട്രാൻസിഷൻ പീരിയഡ് അടുത്ത വർഷം കഴിഞ്ഞും നീട്ടിയെടുക്കാൻ യൂറോപ്യൻ യൂണിയൻ ശ്രമം തുടങ്ങി. എന്നാൽ 2020 ഡിസംബർ 31ന് ഡീൽ പൂർത്തീകരിക്കുമെന്ന ഉറച്ച നിലപാടിൽ ബോറിസ് ജോൺസൺ.

ബ്രിട്ടീഷ് പാർലമെൻറിൽ 365 എംപിമാരുടെ പിന്തുണയുള്ള ബോറിസ് ജോൺസൺ ബ്രെക്സിറ്റ് ട്രാൻസിഷൻ പീരിയഡ് 2020 ഡിസംബർ 31 ന് അപ്പുറത്തേയ്ക്ക് നീട്ടാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടില്ല എന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ്. വരുന്ന ജനുവരി 31 ബ്രിട്ടൺ, യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വരും. അതിനു ശേഷമുള്ള 11 മാസം കൊണ്ട് ഭാവി ഡീലുകൾ ഉറപ്പിക്കാനാണ് ബോറിസ് പദ്ധതിയിടുന്നത്. എന്നാൽ വ്യാപാരക്കരാറുകളും മറ്റു നിയമ നടപടികളും പൂർത്തിയാക്കാൻ ഈ ചുരുങ്ങിയ സമയം കൊണ്ട് സാധിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ കരുതുന്നു.

ട്രാൻസിഷൻ പീരിയഡ് നീട്ടിക്കിട്ടാൻ ബോറിസ് ജോൺസന്റെ ഭാഗത്തുനിന്ന് ഒരു ശ്രമം ഉണ്ടാവാൻ സാധ്യതയില്ലാത്തതിനാൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ തന്നെ ഇതിനായി മുൻകൈ എടുക്കാനാണ് തീരുമാനം. അടുത്ത വർഷാവസാനം ബ്രിട്ടൺ, യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനിൽ നിന്നും സിംഗിൾ മാർക്കറ്റിൽ നിന്നും പുറത്തു വരും. വിപുലമായ രീതിയിലുള്ള ഭാവി പരിപാടികൾ വ്യക്തതയോടെ ആസൂത്രണം ചെയ്യുന്നതിന് ഇത്രയും ചുരുങ്ങിയ സമയം പോരെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വാൻ ഡെർ ലെൻ പറഞ്ഞു.

വിത് ഡ്രാവൽ എഗ്രിമെൻറനുസരിച്ച് ഒന്നോ രണ്ടോ വർഷം കൂടി ട്രാൻസിഷൻ പീരിയഡ് നീട്ടാവുന്നതാണ്. എന്നാൽ ഇത് അടുത്ത ജൂലൈ 1ന് മുൻപ് ഉറപ്പാക്കണം. അങ്ങനെ ബോറിസ് ജോൺസൺ ആവശ്യപ്പെട്ടാൽ യൂറോപ്യൻ ബഡ്ജറ്റിലേക്ക് യുകെ ഗവൺമെന്റ് എത്ര തുക നല്കണമെന്നതും വീണ്ടും ചർച്ചയിലൂടെ തീരുമാനിക്കണം. 

Other News