Monday, 23 December 2024

യുക്മ അവതരിപ്പിക്കുന്ന യു- ഗ്രാൻറ് ലോട്ടറി നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടനിൽ. ബ്രാൻഡ് ന്യൂ കാറും സ്വർണ്ണ സമ്മാനങ്ങളും സ്വന്തമാക്കാൻ ഇനിയും അവസരം

സജീഷ് ടോം 

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)    

യുക്മ ദേശീയ - റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം  യുക്മ ദേശീയ കമ്മറ്റി അവതരിപ്പിക്കുന്ന മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടക്കും. ലണ്ടനിൽ വച്ച് സംഘടിപ്പിക്കുന്ന ബഹുജന പരിപാടിയുടെ ഭാഗമായിട്ടായിരിക്കും നറുക്കെടുപ്പ്. 

യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നറുക്കെടുപ്പ് നടത്തുവാൻ സാധിക്കുന്ന വിധമായിരുന്നു യു-ഗ്രാന്റ് 2019 വിഭാവനം ചെയ്തിരുന്നത്. എന്നാൽ വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ കൗണ്ടർ ഫോയിലുകളും വിറ്റഴിയാത്ത ടിക്കറ്റുകളും നിശ്ചയിച്ച സമയപരിധിക്കുള്ളിൽ റീജിയണുകളിൽനിന്നും തിരികെ ലഭിക്കാതെ വന്നതിനാലാണ് നറുക്കെടുപ്പ് മാറ്റിവക്കേണ്ടി വന്നത്. 

പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ Peugeot 108  കാർ സമ്മാനമായി നേടാൻ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാൻറ് - 2019 ന്റെ മുഖ്യ ആകർഷണം.  കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങളും, മൂന്നാം സമ്മാനാർഹന് പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങളും നൽകപ്പെടുന്നു.

ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് വീതം സ്വർണ്ണ നാണയങ്ങൾ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ്-2919 ന്റെ സമ്മാനങ്ങൾ എല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.   

ലോട്ടറികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് വീതിച്ചു നൽകുന്ന വിപുലമായ വാഗ്‌ദാനം നടപ്പിലാക്കുന്നത്. യുക്മ യു- ഗ്രാൻറ് -2019 ലെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ. 

യു കെ മലയാളികൾക്കിടയിൽ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ  ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി. ഈ വർഷത്തെ ബ്രാൻഡ് ന്യൂ Peugeot 108  കാർ സമ്മാനമായി നേടുന്ന ഭാഗ്യശാലി ആരെന്നറിയാൻ ഫെബ്രുവരി ഒന്നുവരെ കാത്തിരുന്നാൽ മതിയാകും.

സമ്മാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വർഷം കൂടുതൽ  ആവേശകരമായ പ്രതികരണം ആണ് ഉണ്ടാക്കിയിരിക്കുന്നത്. നറുക്കെടുപ്പ് നീട്ടിവച്ച സാഹചര്യത്തിൽ, പല റീജിയണുകളുടെയും അംഗ അസ്സോസിയേഷനുകളുടെയും അഭ്യർത്ഥന പരിഗണിച്ച്, നിബന്ധനകൾക്ക് വിധേയമായി, ടിക്കറ്റുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള (07960357679), ജനറൽ സെക്രട്ടറി അലക്സ് വർഗീസ് (07985641921), ട്രഷറർ അനീഷ് ജോൺ (07916123248), വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ (07702862186) തുടങ്ങിയവരെയോ, റീജിയണൽ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയോ  ബന്ധപ്പെടേണ്ടതാണ്. 

യു- ഗ്രാൻറ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി  പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. യു-ഗ്രാന്റ് ടിക്കറ്റ് വിൽപ്പന നടക്കാതെപോയ അസോസിയേഷനുകളുടെ ക്രിസ്തുമസ്-നവവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജനുവരി പകുതിയോടെ വിൽപ്പന സമാപിക്കുന്നതാണ്. ഈ വർഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന റീജിയണും, അസോസിയേഷനും പ്രോത്സാഹനമായി പ്രത്യേക ക്യാഷ് അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്‌.

 

Other News