ബിബിസിയുടെ ദി അപ്രൻറീസ് 2019 ൽ കരിനാ ലെപോർ വിജയിയായി. കരിനയ്ക്കായി ലോർഡ് ഷുഗർ ഇൻവെസ്റ്റ് ചെയ്യുന്നത് 250,000 പൗണ്ട്.
ബിബിസിയുടെ ദി അപ്രന്റീസ് 2019 ൽ സൗത്ത് ലണ്ടനിൽ നിന്നുള്ള കരിനാ ലെപോർ വിജയിയായി. ഇന്നലെ നടന്ന ഫൈനലിൽ 30 കാരിയായ കരിനാ റിക്രൂട്ട്മെൻറ് കൺസൾട്ടന്റായ സ്കാർലറ്റ് അലൻ - ഹോർട്ടണെ പരാജയപ്പെടുത്തിയാണ് ലോർഡ് അലൻ ഷുഗറിന്റെ 250,000 പൗണ്ട് ഇൻവെസ്റ്റ്മെൻറ് നേടിയെടുത്തത്. ഹൈ സ്ട്രീറ്റ് ബേക്കറി ബിസിനസ് സാമ്രാജ്യം പടുത്തുയർത്താൻ കരിനാ ഈ ഇൻവെസ്റ്റ്മെൻറ് ഉപയോഗിക്കും.
കരിന നിലവിൽ ഒരു ആർട്ടിസാൻ ബേക്ക് ഹൗസ് ഹെർണെ ഹില്ലിൽ നടത്തിവരികയാണ്. യുകെയിലെ എല്ലാ ഹൈ സ്ട്രീറ്റിലും ഇതിന്റെ ബ്രാഞ്ച് തുടങ്ങുകയാണ് കരിനയുടെ ലക്ഷ്യം. ദി അപ്രന്റീസ് 2019 സീരിസിന്റെ 10 ടീം ടാസ്കുകളിൽ ഒൻപതിലും വിജയിയായ ടീമിൽ അംഗമായിരുന്നു കരിന. ഫൈനലിൽ പങ്കെടുത്ത കരിനയ്ക്കും സ്കാർലറ്റിനും അവർ മുന്നോട്ട് വയ്ക്കുന്ന ബിസിനസുമായി ബന്ധപ്പെട്ട ഡിജിറ്റൽ സ്ക്രീൻ ടിവി അഡ്വർടൈസ്മെന്റ് തയ്യാറാക്കാനുള്ള ടാസ്കാണ് നല്കിയത്. ലണ്ടൻ സിറ്റി ഹാളിൽ നടന്ന ഫൈനലിൽ ഇരുവരെയും വിലയിരുത്താൻ 250 ഇൻഡസ്ട്രി എക്സ്പേർട്ടുകളും ലോർഡ് അലൻ ഷുഗറും സന്നിഹിതനായിരുന്നു.