വില്ലേജ് സെലബ്രിറ്റിയായ മയിൽ ജീവൻ വെടിഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റിട്ട് സങ്കടത്തോടെ മലയാളികൾ. ദു:ഖാർത്തരായി ലിങ്കൺഷയറിലെ ഹീലിംഗ് നിവാസികൾ.
ലിങ്കൺഷയറിലെ ഗ്രിംസ്ബിയ്ക്കടുത്തുള്ള ഹീലിംഗ് വില്ലേജിലെ സെലബ്രിറ്റിയായിരുന്നു വില്യം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന മയിൽ. 2008 മുതൽ ഈ വില്ലേജിലാണ് വില്യം സ്ഥിരമായി കഴിഞ്ഞിരുന്നത്. വില്ലേജിലെ താമസക്കാർ വളരെ കാര്യമായിട്ടാണ് വില്യമിനെ സംരക്ഷിച്ചു പോന്നത്. അവർ വില്യമിനിഷ്ടമുള്ള കായ്കളും ഭക്ഷണ വസ്തുക്കളും വഴിയിൽ വിതറുമായിരുന്നു. ഹീലിംഗിൽ വരുന്ന ടൂറിസ്റ്റുകൾക്കും ഹരമായിരുന്നു വില്യം. പിന്നീട് വീടുകളുടെ ഗാർഡനുകളിലും മേൽക്കൂരകളിലും സ്ഥിര സാന്നിധ്യമായി മാറി വില്യമെന്ന മയിൽ.
രണ്ടു ദിവസം മുമ്പാണ് വില്യം ജീവൻ വെടിഞ്ഞത്. വളരെ ദു:ഖത്തോടെടെയാണ് വില്യമിന്റെ വേർപാടിനെക്കുറിച്ച് വില്ലേജിലെ താമസക്കാർ പങ്കുവെയ്ക്കുന്നത്. നിരവധി മലയാളികളും ഹീലിംഗ് വില്ലേജിൽ താമസിക്കുന്നുണ്ട്. ഫേസ്ബുക്കിൽ സങ്കടത്തോടെയാണ് ഇക്കാര്യം അവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു മയിലിനെ പാരിഷ് കൗൺസിൽ വാങ്ങുകയോ മുട്ട വിരിയിച്ച് മയിൽ കുഞ്ഞിനെ വില്ലേജിൽ സംരക്ഷിക്കുകയോ വേണമെന്നാണ് വില്ലേജ് നിവാസികൾ ആവശ്യപ്പെടുന്നത്.