Monday, 23 December 2024

ആൾട്ടൺ ടവർ റൈഡിലെ അപകടത്തിൽ കാൽ നഷ്ടപ്പെട്ട പെൺകുട്ടിയ്ക്ക് മൾട്ടി മില്യൺ പൗണ്ടിന്റെ നഷ്ടപരിഹാരം.

നാലു വർഷം മുമ്പ് ആൾട്ടൺ ടവറിലെ സ്മൈലർ റൈഡിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിയ്ക്ക് മൾട്ടി മില്യൺ പൗണ്ട് നഷ്ടപരിഹാരമായി നൽകാൻ ധാരണയായി. വിക്കി ബാക്കിന് 20 വയസുള്ളപ്പോൾ ആണ് അപകടം നടന്നത്. 16 പേർക്ക് അന്ന് പരിക്കേറ്റിരുന്നു. ഇപ്പോൾ 24 വയസുള്ള വിക്കിക്ക് കഴിഞ്ഞ മാസം നഷ്ടപരിഹാരത്തുക ലഭിച്ചു. പുതിയ വീടു വാങ്ങി താമസം മാറുന്നതിലുള്ള സന്തോഷത്തിലാണ് വിക്കി ഇപ്പോൾ.

ആൾട്ടൺ ടവറിന്റെ ഉടമകളായ മെർലിൻ, വിക്കിയുടെ ക്ലെയിമിൽ തീരുമാനമായതിൽ സന്തോഷം പ്രകടിപ്പിച്ചു. തന്റെ പ്രതിശ്രുത വരനുമൊത്ത് പുതിയ വീട്ടിലേയ്ക്ക് മാറാനാണ് ബ്യൂട്ടീഷ്യനായ വിക്കി പദ്ധതിയിട്ടിരിക്കുന്നത്. റോളർ കോസ്റ്റർ മറ്റൊരു കാര്യേജിൽ ഇടിച്ചാണ് 2015ൽ അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് 5 മില്യൺ പൗണ്ടിന്റെ ഫൈൻ ആൾട്ടൺ ടവർ അടയ്ക്കേണ്ടി വന്നു.

ആജീവനാന്ത ഫിസിയോ, ട്രീറ്റ്മെൻറ്, പ്രോസ്തെറ്റിക്സ് എന്നിവയ്ക്കു ചിലവാകുന്ന തുക കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക തീരുമാനിച്ചത്. കൃത്രിമക്കാലിന് 80,000 പൗണ്ടാണ് വില. ഇത് കുറച്ചു വർഷങ്ങൾ കൂടുന്തോറും മാറ്റി പുതിയത് വയ്ക്കണം. വളരെ സങ്കീർണമായ കേസായതിനാൽ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ താമസം ഉണ്ടായി. എങ്കിലും ഇക്കാലയളവിൽ ആവശ്യമായ താത്കാലിക പേയ്മെൻറുകൾ റോളർ കോസ്റ്റർ കമ്പനി നല്കിയിരുന്നു.


 

Other News