Monday, 23 December 2024

അസത്യ പ്രചരണത്തിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പാർലമെൻറംഗങ്ങൾക്ക് രണ്ടു വർഷം ജയിൽ ശിക്ഷയോ അൺലിമിറ്റഡ് ഫൈനോ നല്കണമെന്ന് യുകെയിൽ പെറ്റീഷൻ.

രാഷ്ടീയ സംശുദ്ധി സംരക്ഷിക്കുവാൻ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്ന പെറ്റീഷന് യുകെയിൽ വൻ ജനപിന്തുണ. അസത്യ പ്രചരണത്തിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പാർലമെൻറംഗങ്ങൾക്ക് രണ്ടു വർഷം ജയിൽ ശിക്ഷയോ അൺലിമിറ്റഡ് ഫൈനോ നല്കണമെന്നാണ് പെറ്റീഷൻ ആവശ്യപ്പെടുന്നത്. സത്യസന്ധതയില്ലാതെ വ്യാജ പ്രചാരണങ്ങൾ നടത്തുകയും അത് പൊതുതെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ സ്വാധീനിക്കത്തക്ക രീതിയിൽ വ്യാപകമാവുകയും ചെയ്യുന്നത് ആശാസ്യമല്ലെന്ന് പെറ്റീഷന് നേതൃത്വം നല്കിയ കംമ്പാഷൻ ഇൻ പൊളിറ്റിക്സ് എന്ന കാമ്പയിൻ ഗ്രൂപ്പ് പറയുന്നു.

ജനറൽ ഇലക്ഷൻ കാമ്പയിനിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്നതിനെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്നാണ് കാമ്പയിൻ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. നിയമ വിദഗ്ദരുടെ ഉപദേശമനുസരിച്ചാണ് പെറ്റീഷൻ തയ്യാറാക്കിയത്. പെറ്റീഷനിൽ മൂന്നുദിവസത്തിനുള്ളിൽ 100,000 പേരാണ് ഒപ്പുവച്ചത്. തെരഞ്ഞെടുപ്പ് രംഗത്ത് നവീകരണം ആവശ്യമാണെന്ന് അധികൃതരെ ബോധ്യപ്പെടുത്താനും പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്താനുമാണ് പെറ്റീഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്.

Other News