പ്രിൻസ് ഫിലിപ്പിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ആരോഗ്യ സംബന്ധമായ മുൻകരുതൽ നടപടി മാത്രമെന്ന് ബക്കിംഗാം പാലസ്.
ഡ്യൂക്ക് ഓഫ് എഡിൻബറോയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്രിൻസ് ഫിലിപ്പിന്റെ ഡോക്ടറുടെ ഉപദേശത്തെത്തുടർന്ന് ആണ് അദ്ദേഹത്തെ ഇന്ന് ലണ്ടനിലെ കിംഗ് എഡ് വേർഡ് VII ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. അദ്ദേഹത്തിന് നിലവിൽ ഉള്ള ആരോഗ്യ അവസ്ഥയുമായി ബന്ധപ്പെട്ടുള്ള നിരീക്ഷണത്തിനും മുൻകരുതലുകൾ എടുക്കുവാനും വേണ്ടിയാണ് ഈ നടപടിയെന്ന് ബക്കിംഗാം പാലസ് അറിയിച്ചു. ഏതാനും ദിവസങ്ങൾ അദ്ദേഹം ഹോസ്പിറ്റലിൽ കഴിയും.
ക്വീനിന്റെ നോർഫോൾക്കിലുള്ള സാൻട്രിങ്ങാം എസ്റ്റേറ്റിൽ നിന്നാണ് പ്രിൻസ് ഫിലിപ്പ് ഹോസ്പിറ്റലിൽ എത്തിയത്. 98 വയസുള്ള ഡ്യൂക്ക് 2017 ആഗസ്റ്റ് മുതൽ പൊതുജീവിതത്തിൽ നിന്ന് റിട്ടയർ ചെയ്തിരുന്നു. ദശാബ്ദങ്ങളായി ക്വീനിനെ സപ്പോർട്ട് ചെയ്തും സ്വന്തമായ ചാരിറ്റികളിലും ചർച്ച് സർവീസുകളിലും രാജകീയ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു.
2011 മുതൽ ബ്ലോക്ക്ഡ് കോറോണറി ആർട്ടറിയുമായി ബന്ധപ്പെട്ട ചികിത്സ പ്രിൻസ് ഫിലിപ്പിന് നല്കുന്നുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം ഓടിച്ചിരുന്ന ലാൻഡ് റോവർ ഇടിച്ച് അപകടം ഉണ്ടായതിനെ തുടർന്ന് ഡ്രൈവിംഗ് ലൈസൻസ് അദ്ദേഹം തിരിച്ചു നല്കിയിരുന്നു.