ഷ്രൂസ്ബറി ഹോസ്പിറ്റലിലെ ചികിൽസാപ്പിഴവുകൾക്ക് എൻഎച്ച്എസ് നൽകിയത് 50 മില്യൺ പൗണ്ട് നഷ്ടപരിഹാരം.
ഷ്രൂസ്ബറി ഹോസ്പിറ്റലിലെ മറ്റേണിറ്റി യൂണിറ്റിലുണ്ടായ ചികിൽസാപ്പിഴവുകൾക്ക് എൻഎച്ച്എസ് നൽകിയത് 50 മില്യൺ പൗണ്ട് നഷ്ടപരിഹാരമെന്ന് വെളിപ്പെട്ടു. നവജാത ശിശുക്കൾ മരണമടഞ്ഞതും അംഗവൈകല്യം സംഭവിച്ചതുമായ നിരവധി കേസുകൾ ഇവിടെ ഉണ്ടായി. 13 മരണങ്ങൾക്കും 14 ബ്രെയിൻ ഡാമേജ്, സെറിബ്രൽ പാൾസി എന്നിവയ്ക്കും നഷ്ടപരിഹാരം നല്കപ്പെട്ടു.
ഷ്രൂസ്ബറി ആൻഡ് ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റിനെതിരെ 82 ക്ലെയിമുകളാണ് ഉണ്ടായത്. ഇതിൽ 52 എണ്ണത്തിൽ ധാരണയിലെത്തി. ഇതിലേയ്ക്കായി 47.5 മില്യൺ പൗണ്ട് 39.2 മില്യൺ നഷ്ടപരിഹാരത്തുകയടക്കം നൽകി. സ്ഥിരമായ അംഗവൈകല്യം ഉണ്ടായ കുട്ടികളുടെ ചികിത്സയ്ക്കും ഭാവിയിൽ കെയർ നല്കുന്നതിനും വേണ്ടിവരുന്ന ചെലവുകൾ പരിഗണിച്ചും കൂടിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.
ചികിൽസാപ്പിഴവുകളിൽ പത്തെണ്ണം സമയത്ത് ട്രീറ്റ് മെന്റ് നൽകാൻ സാധിക്കാത്തതിനാൽ സംഭവിച്ചതാണ്. അഞ്ചെണ്ണം അസ്വാഭാവികമായ ഹൃദയമിടിപ്പ് കണ്ടെത്തിയിട്ടും വേണ്ട മുൻകരുതൽ എടുക്കാത്തതു മൂലവും ആറെണ്ണം കോംപ്ലിക്കേഷൻസ് കണ്ടെത്താൻ കഴിയാത്തതിനാലും ഉണ്ടായതാണ്.