Wednesday, 22 January 2025

വിദൂരതയിൽ ഒരു പ്രവാസി ക്രിസ്മസ്... കഴിഞ്ഞകാല ക്രിസ്തുമസ് നാളുകളിലെ ഓർമ്മകൾക്ക് ചിറകുകൾ വെയ്ക്കുമ്പോൾ... തോമസ് കുട്ടി ഫ്രാൻസിസ്, ലിവർപൂൾ എഴുതുന്നു.

തോമസ് കുട്ടി ഫ്രാൻസിസ്, ലിവർപൂൾ

ഇലപൊഴിയും ശിശിരത്തിൽ വീണ്ടും ഒരു ക്രിസ്തുമസ് രാവ് പാറി വരുന്നുദൈവ തേജസ്സ് മനുഷ്യ രൂപം സ്വീകരിച്ചു മണ്ണിൽ പിറന്നു വീണ നിശബ്ദ രാത്രിയുടെ ധന്യ സ്മരണകളുമായി വീണ്ടും ഒരു ക്രിസ്തുമസ്. തിരുപ്പിറവിയുടെ സന്ദേശങ്ങളും അതു പകരുന്ന ആത്മനിർവൃതിയുമൊക്കെ ക്രിസ്തുമസ് ആഘോഷങ്ങളെ ഹരം പിടിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണല്ലോ നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് . ഇവിടെ വിദൂരതയിലിരിക്കുമ്പോഴും
ഓരോ പ്രവാസിയും അവനറിയാതെ ഗൃഹാതുരത്വമുണർത്തുന്ന കഴിഞ്ഞകാല ക്രിസ്തുമസ് നാളുകളിലേക്ക് ഓർമ്മകളുടെ ചിറകുകൾ വെച്ച് താനെ പറന്നുപോകും.ഓർമ്മ വെച്ച നാൾ മുതൽ പകർന്നു ലഭിച്ച പാരമ്പര്യ വിശ്വാസ ആചാര അനുഷ്ഠാനങ്ങളിലൂടെയും കുടുംബ പശ്ചാത്തലത്തിലൂടെയുമൊക്കെ കടന്നു പോയ നല്ല കാലം, വീടും നാടുമൊക്കെ നേർക്കാഴ്ചകളായി അവന്റെ മനസ്സിലെ വിഹായസ്സിൽ തെളിഞ്ഞു വരും.

അന്നത്തെ ക്രിസ്തുമസ് നാളുകൾ സമ്മാനിച്ച നല്ല നിമിഷങ്ങൾ... ഇതൊക്കെ ഒരു വ്യാഴവട്ടത്തിനു ശേഷവും പ്രവാസ ജീവിതം നൽകുന്ന ആത്മസംഘർഷങ്ങൾക്കിടയിലും പൊടിതട്ടിയെടുക്കാത്തവരായി ആരാണുള്ളത്. ഓർമ്മകൾ സമ്മാനിക്കുന്ന ബാല്യ-കൗമാസ്മൃതികളിൽ ഇന്നും തിളങ്ങി നിൽക്കുന്നത് അന്നത്തെ ക്രിസ്തുമസ് രാവുകൾ തന്നെയെന്നതിൽ സംശയമില്ല. ഈറ്റക്കഷണങ്ങളിൽ തീർക്കുന്ന നക്ഷത്രങ്ങളും കരോൾ സംഗീതവും പാതി പൊട്ടിയ തണുത്ത പടക്കങ്ങൾ അയൽ പക്ക വീടുകളിൽ നിന്നു പെറുക്കിയെടുത്ത്കൂട്ടുകാരുമൊത്ത് കത്തിക്കുന്നതും പാതിരാ കുർബ്ബാനക്ക് നിലാവെളിച്ചത്തിൽ ഒറ്റയടിപ്പാതയിലൂടെ ഇടവക പള്ളിയിൽ പോകുന്നതും അമ്മയുടെ കൈപ്പുണ്യത്തിൽ സ്വാദിഷ്ഠമായ വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നതുമൊക്കെ ഇന്നും നിത്യ ഹരിത സ്മരണകൾ.

അദ്ധ്വാന ശീലരായ മാതാപിതാക്കളുടെ ഓരം ചേർന്ന്അവരുടെ തണലിൽ വളർന്ന്, ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകാൻ അർത്ഥം തേടി മണലാരണ്യങൾ താണ്ടി എത്തിയത് പ്രവാസി ലോകത്തേക്ക്. വീണ്ടും കൂടുതൽ മെച്ചമായ ഒരു ജീവിതം കരുപിടിപ്പിച്ചെടുക്കാനായി ഇതാ ശൈത്യഭൂമിയിലും. അങ്ങനെ തികഞ്ഞ ഒരു പ്രവാസിയായി പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ അങ്ങു വിദൂരെ ഒറ്റപ്പെടലിന്റെ നെരിപ്പോടിൽ എരിഞ്ഞമരുകയാണ് ഇന്ന് പ്രവാസികൾക്ക് ജന്മം നൽകിയ മാതാപിതാക്കളിൽ പലരും. മറ്റ് പലർക്കും അമ്മയുറങ്ങിയ അല്ലെങ്കിൽ അച്ഛനുറങ്ങിയ വീടുകളായി ജന്മഗൃഹങ്ങൾ മാറിക്കഴിഞ്ഞു. അന്ന് അരമുറുക്കി പ്രാരാബ്ധങ്ങളുടെ നടുവിൽ തങ്ങൾക്ക് ഒരിക്കൽ തണലായി മാറുമെന്ന് സ്വപ്നം കണ്ടു പോറ്റി വളർത്തിയ മക്കൾ ഇന്ന് വിദൂരതയിൽ കുടുംബമായി കഴിയുമ്പോഴും അവരിൽ പരാതിയില്ല, പരിഭവമില്ല. പിന്നെയോ മങ്ങിയ കണ്ണുകൾ ദൂരേക്ക് നട്ടിരിക്കുന്ന വാർദ്ധക്യങ്ങൾ,തങ്ങളുടെ മക്കളെ, പേരകിടാങ്ങളെ ക്രിസ്തുമസ് ദിനത്തിൽ ഒരു നോക്ക് കാണാൻ..ഒന്നിച്ചിരുന്ന് ഒരുപിടി വറ്റ് വാരിയുണ്ണാൻ. ഇതിൽ നിന്നും വിഭിന്നമല്ല ഇവിടെ പ്രവാസിയുടെഅവസ്ഥയും... കാലം മുന്നോട്ട് നീങ്ങിയിരുന്നു...

പ്രവാസിയുടെ തിരക്ക് പിടിച്ച യാന്ത്രിക ജീവിതത്തിൽ അവന്റെ ഒക്കത്തിരുന്ന കൈകുഞ്ഞുങ്ങൾ ഇന്ന് അറിവിന്റെ തൂവലുകൾ വെച്ച് പറക്കമുറ്റിയിരിക്കുന്നു.. ഇവിടെയുംഒറ്റപ്പെടലുകളുടെ നെരിപ്പോടുകൾ കണ്ടു തുടങ്ങുന്നു.. ഇത് ആധുനിക യുഗത്തിലെ ജീവിതമാണ്. അതിശയോക്തികൾക്ക് ഇവിടെ പ്രസക്തിയില്ല. എന്നിരുന്നാലും ഈയൊരു തലമുറയ്ക്കെങ്കിലും ഇങ്ങനെയൊക്കെയെ ചിന്തിക്കാനും കാണാനും കഴിയുന്നുള്ളൂ എന്ന യാഥാ ർത്ഥ്യം മറച്ചു വയ്ക്കാനാവുമോ? ഇവിടെ ആഘോഷങ്ങൾക്ക് ഇന്ന് പഞ്ഞമില്ല. പക്ഷെ തിരക്ക് പിടിച്ച യാന്ത്രിക ജീവിതത്തിൽ ഒരു ഗോളം മറ്റൊരു ഗോളത്തെ കൂട്ടി മുട്ടാതെ അതതിന്റെ ഭ്രമണപഥത്തിലൂടെ സൂര്യനെ വലയം വയ്ക്കുന്ന സൗരയൂഥഗോളമാണ് ഓരോ പ്രവാസിയും. അവന്റെ മുന്നിലേക്ക് കടന്നു വരുന്ന ഓരോ ആഘോഷവും വർണ്ണങ്ങളാക്കി മാറ്റിയെടുക്കുന്നത് ആത്മ സംഘർഷങ്ങളിലൂടെ തന്നെയെന്നതിൽ മറ്റൊരഭിപ്രായമില്ല..

യു കെ പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രവാസി കുടിയേറ്റത്തിന്റെ ശൈശവ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇന്ന് അവനവന്റേതാ വിശ്വാസ സമൂഹത്തിന്റെ ഭാഗമായിട്ടുള്ള കൂട്ടായ്മകളും മലയാളി അസോസിയേഷനുകളും അതുപോലെ കുടുംബ സംഗമങ്ങളുമൊക്കെ ക്രിസ്തുമസ് ആഘോഷങ്ങൾ ഒരുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമയത്തിന്റെ പരിമിതികൾ മാത്രമേ ഇവിടെ ഏതെങ്കിലും തരത്തിൽ തടസ്സമായി വരുന്നുള്ളു. വിശ്വാസ ആചാര അനുഷ്ഠാനങ്ങൾ പോലും ഇന്ന് ജന്മഭൂവിലേതുപോലെ തന്നെ ഇവിടെയും അനുഭവ വേദ്യമാക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ ആയികഴിഞ്ഞിരിക്കുന്നു.

തങ്ങൾക്ക് ലഭ്യമായതൊക്കെ അതേപടി തങ്ങളുടെ ഇളംതലമുറക്ക് പകർന്നു കൊടുക്കാനുള്ള അക്ഷീണ യത്നത്തിലുമാണ്. എത്ര വലിയ ആഘോഷങ്ങളുളുടെ തിമിർപ്പിലാണെങ്കിലും അവന്റെ മനസ്സ് അറിയാതെ ജന്മ ഗൃഹത്തിലേക്ക് കടന്നു ചെല്ലുന്നുവെന്നതാണ് വാസ്തവം. ഇന്നിതാ ആഹ്ലാദത്തിന്റെ പൂത്തിരകൾ കത്തിച്ച് സ്നേഹവുംനന്മയും പകർന്നു കൊടുക്കാൻ ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ തിരുപ്പിറവി ആഗതമാകുന്നു..എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ് മംഗളങ്ങൾ.

 

തോമസുകുട്ടി ഫ്രാൻസിസ് ലിവർപൂൾ, കുട്ടനാട്ടിലെ പച്ച സ്വദേശിയാണ്. യു കെയിലെ കലാ- കായിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിയും സമകാലികനായ ഒരു എഴുത്തുകാരനും കൂടിയാണ്. ലിവർപൂൾ മലയാളി സമൂഹത്തിന്റെ സജീവ സാന്നിദ്ധ്യമാണ് അദ്ദേഹം.
 

 

Other News