Wednesday, 22 January 2025

മാഞ്ചസ്റ്ററിന്റെ മദർ തെരേസ വിശുദ്ധപദവിയിലേയ്ക്ക് പരിഗണിക്കപ്പെടുന്നു. എലിസബത്ത് പ്രൗട്ട് വീരോചിത പുണ്യങ്ങളുടെ നിറകുടമെന്ന് വത്തിക്കാൻ.

ആധുനിക ബ്രിട്ടണിലെ രണ്ടാമത്തെ വിശുദ്ധയാകാൻ വിക്ടോറിയൻ സന്യാസിനിയായ എലിസബത്ത് പ്രൗട്ടിന് ഭാഗ്യം ലഭിച്ചേക്കും. 155 വർഷം മുമ്പ് മരിച്ച എലിസബത്ത് പ്രൗട്ടിനെ വീരോചിത പുണ്യങ്ങളുടെ നിറകുടമെന്ന് വത്തിക്കാൻ വിലയിരുത്തി. വ്യാവസായിക നഗരമായ മാഞ്ചസ്റ്ററിൽ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നല്കാനായി സ്കൂളുകൾ തുറക്കുകയും നിരാലംബരായ വനിതകൾക്ക് ഭവനങ്ങൾ ഒരുക്കുവാനും എലിസബത്ത് മുൻകൈയെടുത്ത് പ്രവർത്തിച്ചു.

എലിസബത്ത് പ്രൗട്ടിനെ വിശുദ്ധപദവിയിലേയ്ക്ക് പരിഗണിക്കുന്നതിനുള്ള അപേക്ഷ 2008ലാണ് വത്തിക്കാന് സമർപ്പിച്ചത്. സമർപ്പിച്ചിരിക്കുന്ന രേഖകൾ വത്തിക്കാനിലെ സീനിയർ ക്ളെറിക്കുകൾ പരിശോധിച്ചതിനു ശേഷം എലിസബത്ത് പ്രൗട്ടിനെ ആരാധനയ്ക്ക് അർഹയായി പ്രഖ്യാപിക്കണമെന്ന് പരിശുദ്ധ പോപ്പ് ഫ്രാൻസിസിനോട് അവർ ശിപാർശ ചെയ്യും. അതിനു ശേഷം എലിസബത്ത് പ്രൗട്ടിനാൽ കാരണ ഹേതുവായ രണ്ട് അത്ഭുത പ്രവൃത്തികൾ തെളിവുകളടക്കം സഭാധികൃതർ കണ്ടെത്തി വത്തിക്കാന് സമർപ്പിക്കണം.

1820 ൽ ഷ്രൂസ്ബറിയിലെ ആംഗ്ളിക്കൻ കുടുംബത്തിലാണ് എലിസബത്ത് പ്രൗട്ട് ജനിച്ചത്. 20 വയസ് കഴിഞ്ഞപ്പോൾ അവർ കാത്തലിക് വിശ്വാസം സ്വീകരിച്ചു. 28 വയസിൽ എലിസബത്ത് സന്യാസിനി ആയി മാറി. കുറച്ചു കാലങ്ങൾക്ക് ശേഷം മാഞ്ചസ്റ്ററിലെ ദരിദ്രമായ പ്രദേശങ്ങളിലേയ്ക്ക് അദ്ധ്യാപികയായും നിയമിക്കപ്പെട്ടു. കഠിനാദ്ധ്വാനത്തിലൂടെ അവർ നിരവധി സ്കൂളുകളും ഹോസ്റ്റലുകളും മാഞ്ചസ്റ്ററിൽ അവർ തുടങ്ങി.

എലിസബത്ത് പ്രൗട്ട് ആരംഭിച്ച സന്യാസിനി സമൂഹത്തിലെ അംഗങ്ങൾ ദൈനംദിന ചിലവുകൾക്കായി ജോലി ചെയ്ത് പണം സമ്പാദിക്കുന്നതും മറ്റു വനിതകളെ അതേ രീതിയിൽ സമ്പാദിക്കാൻ പരിശീലിപ്പിക്കുന്നതിനും എതിരെ അക്കാലത്ത് സഭയ്ക്കുള്ളിലും പുറത്തും എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ 1863 ൽ ഈ സന്യാസിനി സമൂഹത്തിന്റെ പ്രവൃത്തികൾ സഭയ്ക്കനുസൃതമെന്ന് വത്തിക്കാൻ ശരിവച്ചു.

1864 ൽ ലങ്കാഷയറിലെ സെന്റ് ഹെലൻസിൽ വച്ച് എലിസബത്ത് പ്രൗട്ട് ട്യൂബർക്കുലോസിസ് മൂലം മരണമടഞ്ഞു. അവരുടെ ഇരുന്നൂറാം ജന്മദിനം അടുത്ത വർഷം ജന്മനാട്ടിൽ തീർത്ഥാടനത്തോടെ ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഷ്രുസ്‌ ബറി രൂപത.

Other News